പത്തിരുപത്തഞ്ച് കൊല്ലമായി ഞാൻ കുടുംബത്തോടൊത്ത് ജീവിച്ച കെട്ടിടം നഗരവൽക്കരണത്തിന്റെ ഭാഗമായി പൊളിച്ചു മാറ്റുകയാണ്. കുടുംബം നേരത്തേ നാട്ടിലേക്ക് പോയി. ഞാനിപ്പോൾ ഒരു പുതിയ ഫ്ളാറ്റിലേക്ക് താമസം മാറി. പക്ഷേ എനിക്കാ പരിസരവുമായി ഒത്തു പോവാൻ കഴിയുന്നില്ല. വല്ലാത്ത അസ്വസ്ഥത. ഉറക്കത്തിൽ നിന്ന് ഇടക്കിടെ ഞെട്ടിയുണരുന്നു. പല വഴികളിൽ സ്വയം സമാധാനിക്കാൻ പ്രയത്‌നിക്കുന്നുണ്ട്. മനോനില കൈവിട്ട് പോവുമെന്ന് ഭയപ്പെടുകയാണ്. കഴിഞ്ഞ ഏതാനും ദിവസം മുമ്പ് ഒരു സുഹൃത്ത് പങ്ക് വെച്ച ആശങ്കയാണിത്.
പകൽ പോലെ സത്യമാണ് പ്രവാസികളിലെ മാനസിക പിരിമുറുക്കങ്ങൾ. വീട്ടിൽ നിന്നും നാട്ടിൽ നിന്നും വിട്ടുനിൽക്കുന്നവരുടെ കടുത്ത ജീവിതാനുഭവങ്ങൾ നേരിൽ അനുഭവിച്ചും കണ്ടും കേട്ടറിഞ്ഞും വായിച്ചറിഞ്ഞവരുമാണ് നമ്മൾ. ഒരു കാലത്ത് കത്ത് പാട്ടുകളിലും കഥകളിലും സിനിമകളിലും അത് ഹൃദയസ്പർശിയായി ആലേഖനം ചെയ്യപ്പെട്ടിരുന്നു. ആ കഥകൾക്ക് നെടുവീർപ്പുകളുടെ പശ്ചാത്തല സംഗീതമുണ്ടാവും. അവ പറയുമ്പോൾ ആശ, നിരാശകൾ കൊണ്ട് അവരുടെ ഹൃദയമിടിപ്പിന്റെ വേലിയേറ്റിറക്കങ്ങൾ ദ്രുതതരമാവും. ഈറൻ മിഴികളിൽ നൊമ്പരങ്ങളുടെ പെരുമഴക്കാലം കനം വെക്കും.
വർഷങ്ങളായി പ്രവാസ ലോകത്ത് ജീവിക്കുന്ന നിരവധിയാളുകളുണ്ട്. ഓരോരുത്തരുടെയും സാഹചര്യങ്ങൾ വ്യത്യസ്തമാണ്. ചുരുക്കം ചിലർ സകുടുംബം ഇവിടെയുണ്ട്. കുടുംബം നാട്ടിലുള്ളവരാണ് അധികവും. ജോലി സ്ഥലവും താമസ സ്ഥലവുമാണ് അവരിൽ ഭൂരിപക്ഷമാളുകളുടെയും ഭ്രമണ പഥം. ഒരു നിശ്ചിത ജീവിത ശൈലിയിലേക്ക് വാർത്തെടുക്കപ്പെട്ടവരാണവരിലധികവും. അത് നഷ്ടപ്പെടുത്താതിരിക്കാനും നിലനിർത്താനും കഠിനാധ്വാനം ചെയ്യുന്നവർ. അനുദിനം വർധിച്ചുകൊണ്ടിരിക്കുന്ന ജീവിതച്ചെലവുകൾ കണ്ടെത്താൻ അഹോരാത്രം പണിപ്പെടുന്നവർ. ചിലർ അന്യന്റെ അഭിവൃദ്ധിയുമായി താരതമ്യം ചെയ്ത് കിതച്ചോടുന്നു. ചിലർ ഇടറി വീഴുന്നു. ചിലർ പതറിപ്പോവുന്നു.
ഇതിനിടയിൽ ഒറ്റപ്പെട്ട് പോവുന്നവരിൽ ചില ആളുകൾ അവരുടെ പ്രശ്‌നങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കുന്നു. മറ്റു ചിലർ സ്വയം ആശ്വസിച്ച് ചിരിയും കളിയുമായി പിരിമുറുക്കങ്ങൾ മറന്നും മറച്ചും വീണ്ടും ഉല്ലാസവാൻമാരായി ജീവിക്കുന്നു.
മാറുന്ന ലോകത്തിനനുസരിച്ച് സാമൂഹിക മാനദണ്ഡങ്ങളും മാറുകയാണ്. കുടുംബത്തിന് വിഭവ സമൃദ്ധി നൽകാൻ പ്രവാസി എപ്പോഴും സമ്മർദത്തിലാണ്.
വീടുവെക്കാനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും മക്കളുടെ വിവാഹത്തിനും ബിസിനസ് വിപുലീകരിക്കാനുമായി വൻതുക ലോൺ എടുക്കുന്നവരെ പ്രവാസ ലോകത്ത് ഏറെ കാണാം. വർഷങ്ങളെടുക്കും അവ തിരിച്ചടയ്ക്കാൻ. പക്ഷേ നാളെ അവർക്ക് ജോലിയുണ്ടോവുമോ എന്ന ഭയപ്പാടിലാണ് അധികപേരും. സമ്മർ ദാവസ്ഥയുടെ ഒരുദാഹരണമാണിത്.
ശാരീരികമായ വെല്ലുവിളികളും രോഗങ്ങളും വേറെ. ചിലർക്ക് കുടുംബ ബന്ധങ്ങളിലെ വിങ്ങലുകളും വിള്ളലുകളുമാണ് ഏറെ. മറ്റു ചിലർക്കാവട്ടെ കുട്ടിയുടെ വിദ്യാഭ്യാസവും തൊഴിൽ അന്വേഷ ണവുമാവും സമ്മർദ കാരണങ്ങൾ.
ഇതിനൊക്കെ പുറമേയാണ് തൊഴിൽ സംബന്ധമായ അനിശ്ചിതത്വങ്ങളും അസ്വസ്ഥതകളും. ഇങ്ങനെ പല കാരണങ്ങൾ കൊണ്ട് വർക്ക് - ലൈഫ് ബാലൻസ് തെറ്റിപ്പോവുന്നവർ പ്രവാസ ലോകത്ത് ഏറിവരികയാണ്.
ഇത്തരമാളുകൾ, പരാനുഭൂതിയോടെ കാര്യങ്ങൾ മനസ്സിലാക്കുന്ന മാർഗ നിർദേശങ്ങൾ നൽകാൻ കഴിയുന്ന ഒരു സുഹൃത്തുമായോ ബന്ധുവുമായോ വിദഗ്ധനുമായോ ജീവിത പ്രശ്‌നങ്ങൾ സംസാരിക്കുന്നതും പങ്കുവെക്കുന്നതും നല്ലതാണ്. പങ്കുവെക്കാതെ അടക്കിവെക്കുന്ന സമ്മർദവുമായി നടക്കുന്നവർ വൈകാതെ ഗുരുതരമായ വിഷാദ രോഗത്തിലേക്ക് നീങ്ങിയേക്കാം.
കൂടാതെ കൃതജ്ഞതാ നിർഭരമായ മനസ്സും പ്രാർത്ഥനാ നിരതമായ പരിശ്രമങ്ങളും അക്ഷീണം തുടരുകയും വേണം.
ജീവിതാനന്ദം അനുഭവിക്കുന്നത് ലക്ഷ്യത്തിലെത്തുമ്പോൾ മാത്രമല്ല; മാർഗമധ്യേ കൂടിയാണെന്ന ഓർമ വേണം. ഓരോ ദിനവും നമ്മിലും ചുറ്റിലും സംഭവിക്കുന്ന കുഞ്ഞുകുഞ്ഞ് അദ്ഭുതങ്ങളെ കണ്ടെടുക്കാൻ ശ്രമിക്കുക.
വഴിയോരത്തെ പൂക്കളെ, കിളികളെ, കടന്നെത്തുന്ന ഇളം കാറ്റിനെ, നിലാവിനെ, നക്ഷത്ര തിളക്കങ്ങളെ ആസ്വദിക്കാൻ നേരം കണ്ടെത്തുന്നത് ആത്മസംഘർഷങ്ങൾക്ക് അയവ് വരുത്താൻ ഏറെ പ്രയോജനപ്പെടുമെന്നറിയുക. ഒപ്പം, പോയകാല ബന്ധനങ്ങളുടെ തടവറകളിൽ നിന്ന് പശ്ചാത്താപത്തിലൂടെയും വിട്ടുവീഴ്ചയിലൂടെയും മുക്തരാവുക. പദ്ധതികളിട്ട് അതിന്റെ പിന്നാലെ ലക്കും ലഘാനുമില്ലാതെ പാഞ്ഞ് അവശ വൃദ്ധരാവേണ്ടവരല്ല നാം. അനുദിനം കർമനിരതരായി ആത്മവിശ്വാസത്തോടെ വെല്ലുവിളികളെ അതിജീവിച്ച് ശ്രേഷ്ഠ യൗവനം ആസ്വദിക്കേണ്ടവരാണെന്നോർക്കുക.