Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സ്രഷ്ടാവിന്റെ ഖജനാവ്

ഇത് ഒരു 'ചതി'യുടെ കഥയാണ്. മകനെ 'സുന്ദരമായി ചതിച്ച ' ഒരു പിതാവിന്റെ കഥ. ഇരുപത് വയസ്സ് വരെ, ജൻമം നൽകിയ ഒരു മകനെ പോറ്റി വളർത്തി വലുതാക്കി നല്ല വിദ്യാഭ്യാസം നൽകി ഒടുവിൽ  നല്ല ഒരു തുക മുടക്കി ഗൾഫിലേക്കയച്ച് നല്ല നിലയിൽ, പഠിച്ചവഴിക്ക് തന്നെ  ഒരു ജോലി കൂടി ശരിയാക്കി  ഒരു ജീവിതത്തിന്  തുടക്കമിട്ടിട്ട്  ആ മകന് പിതാവിന് വേണ്ടി ചെലവഴിക്കാൻ ഒരു ചില്ലിക്കാശിന്  പോലും അവസരം നൽകാതെ മാറി നിന്ന് ഊറിച്ചിരിച്ച 'ചതിയനായ' ഒരു പിതാവിന്റെ കണക്കു പുസ്തകത്തിലെ സ്‌നേഹത്തിന്റെ കഥ. രണ്ടു പതിറ്റാണ്ടോളം വൃക്ഷത്തിന് വളവും വെള്ളവുമെന്ന പോലെ, അടയിരുന്ന കോഴിക്കുഞ്ഞുങ്ങളെ പ്രാപ്പിടിയനിൽ നിന്ന് ജീവനെന്ന പോലെ.. കാത്തുസൂക്ഷിച്ച് സംരക്ഷിച്ച് ഒരാൾരൂപമാക്കിയ മകന് ജീവിതത്തിൽ ഒരവസരത്തിൽ പോലും ഒരു 'പ്രത്യുപകാരത്തിന്' ഇടം കൊടുക്കാതെ മകനെ പറ്റിച്ച്  ഖബറിലേക്ക് പോയ ഒരു പിതാവിന്റെ സ്‌നേഹത്തെ 'ചതി' എന്നല്ലാതെ പിന്നെ മറ്റെന്താണ് പറയുക?
വിയോഗത്തിന്റെ കാൽ നൂറ്റാണ്ടിൽ ഒരു  മകനെന്ന നിലയിൽ  പിതാവിനെ ഓർക്കുമ്പോൾ  ഉപ്പ എന്നെ ചതിച്ചു കളഞ്ഞല്ലോ എന്ന തോന്നലാണ് വരുന്നത്.
ഉപ്പയെക്കുറിച്ച് ഞാനിത് വരെ എവിടെയും എഴുതിയിട്ടില്ല. എഴുതാൻ കഴിഞ്ഞിട്ടില്ലെന്നതാണ്   സത്യം. മൺമറഞ്ഞിട്ട് രണ്ടര പതിറ്റാണ്ടായിട്ടും  ഉപ്പ എന്ന രണ്ടക്ഷരം ഉരുവിടുമ്പോഴുള്ള വിതുമ്പൽ ഇന്നും ചുണ്ടിൽ നിന്നും ഊർന്നു പോയിട്ടില്ല. ഉപ്പയെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ ആ  വിതുമ്പൽ തിരികെയെത്തുന്നു.
ആ മഹാനുഭവന്റെ മുന്നിൽ ഉമ്മ പോലും എനിക്ക് വല്ലാതെ  ചെറുതായിപ്പോയിരുന്നു.
ഉപ്പ എനിക്കൊരു  വികാരമായിരുന്നു. പറഞ്ഞറിയിക്കാനാവാത്ത വികാരം. ഉപ്പ ആരായിരുന്നു എന്ന് അറിയാൻ  മൂന്ന് സന്ദർഭങൾ മാത്രം മതിയാവും.
ഒന്ന്, ഒരിക്കൽ പ്രീ ഡിഗ്രി ഫസ്റ്റിയറിനു പഠിക്കുമ്പോൾ ഞാൻ വീട്ടിൽ നിന്ന് വഴക്കിട്ട് നാട് വിട്ട് ഓടിപ്പോയ ശേഷം ഉപ്പ ഒരുപാട് അലഞ്ഞലഞ്ഞ് ഒടുവിൽ ഞാൻ പണിയെടുക്കുന്ന കോഴിക്കോട്ടെ  ഒരു ഹോട്ടലിൽ എന്നെ തേടിപ്പിടിച്ച് കണ്ടെത്തിയ ശേഷം അദ്ദേഹം താമസിച്ചിരുന്ന ലോഡ്ജിൽ വെച്ച് നിറഞ്ഞ കണ്ണുകളും പേറി എന്നെ തുറിച്ചുനോക്കി താടിക്ക് കൈ കൊടുത്ത് എന്നോട് പറഞ്ഞ ചില സങ്കടങ്ങളുണ്ട്:
'എടാ നിനക്ക് വഴക്കടിച്ച് ദേഷ്യം വരുമ്പോൾ നീ നിന്റെ മൂത്തമ്മാന്റവിടെയോ എളേമാന്റവിടെയോ പോയി കൂടാം. അല്ലെങ്കിൽ   ഇതുപോലെ ഓടിപ്പോകാം. നിന്റുമ്മാക്ക് എന്നോട് വഴക്കിട്ട്  തൊട്ടടുത്തുള്ള ഓള്‌ടെ ഏട്ടത്തിന്റാടെയോ ആങ്ങളാന്റാടയോ പോയി നിൽക്കാം.. എനിക്ക് സങ്കടവും ദേഷ്യവും വെഷമവും വരുമ്പോൾ ഞാനെവിട്യാടാ പോവേണ്ടത്? എനക്ക് പോകാൻ ആരാ ഉള്ളത്? ഈ വീടും നിങ്ങളുമല്ലാതെ പോയിക്കേറാനും കൂടാനും എനക്ക് ആരാ ഉള്ളത്? എന്റെ വിഷമം തീർക്കാൻ ഞാനെന്താ മോനേ ചെയ്യണ്ടേ..'
ഉപ്പ ഒറ്റാം തടിയായിരുന്നു. ഉപ്പേമാക്ക് (ഉപ്പയുടെ ഉമ്മ) ഒരേയൊരു മകൻ. ഒരു സഹോദരിയുണ്ടായിരുന്നത് മറയില്ലാത്ത കിണറ്റിൽ നിന്ന് പാളക്കയറിൽ വെള്ളം കോരുമ്പോൾ കയറ് കാലിലുടക്കി കിണറ്റിൽ വീണ് മരിച്ചു. താമസിയാതെ ഉപ്പയും. പിന്നീട് ഉപ്പോമ വീണ്ടും വിവാഹിതയായപ്പോൾ അതിൽ ഒരനുജനും. പക്ഷേ ഉമ്മാക്കും പുതുതായി വീട്ടിൽ കയറി വന്ന ഉപ്പക്കും പിന്നെ   അനുജനും ഉപ്പ തന്നെ അത്താണിയാകേണ്ടി വന്നു. ഏതാണ്ട് നന്നെ ചെറുപ്പത്തിൽ തന്നെ പതിമൂന്നോ  പതിനാലോ വയസ്സിൽ തന്നെ  കുടുംബത്തിന്റെ ചുമതല ചുമലിലേറ്റേണ്ടി വന്നു.. വളർന്നിട്ടും അനുജൻ പ്രായത്തിന്റേതായ പക്വതയോ കാര്യപ്രാപ്തിയോ നേടാനാവാതെ ഉപ്പയുടെ ആശ്രിതത്വത്തിലും അധീനതയിലും തന്നെയായിരുന്നു ജീവിച്ചു പോന്നത്.  പലപ്പോഴും ഉപ്പ പറയുന്നത് കേൾക്കാറുണ്ട്,
അന്ന് തുടങ്ങിയ ഓട്ടമാ... ഇത് വരെ വിശ്രമിച്ചിട്ടില്ല..)
അന്ന് ലോഡ്ജിൽ വെച്ച് പറഞ്ഞ, ഉപ്പയുടെ കൊഴുത്ത ജലം നിറഞ്ഞ കണ്ണുകൾ ഇപ്പോഴും എനിക്ക് കാണാം.
'ഞാനേട്യാ മോനെ പോവ്വാ..' എന്നു പറയുമ്പോൾ പതറാതിരിക്കാൻ  കൂട്ടിത്തിരുമ്മിയ കൈകൾ കാണാം...
അന്നെനിക്ക് കോഴിക്കോട് പട്ടാളപ്പളളിക്ക് സമീപമുള്ള,  ധോബികൾ കല്ലിൽ തലങ്ങും വിലങ്ങും തച്ച് തേച്ച് വെളുപ്പിച്ച വസ്ത്രങ്ങൾ മുളവടികളിൽ അയലുകെട്ടി നിരനിരയായ് ഭംഗിയിൽ അലക്കി ഉണക്കാനിട്ട മൈതാനത്തിനു മുന്നിലെ ശ്രീരാം ഹോട്ടലിൽ രാവിലെ ആറു മുതൽ വൈകിട്ട് ആറ് വരെ എച്ചിലില എടുത്തും ഗ്ലാസും പാത്രവുമെടുത്തും ടേബിൾ തുടച്ചും  അകത്തെ വലിയ ചെമ്പുപാത്രങ്ങളും കുട്ടകങ്ങളും കഴുകി വൃത്തിയാക്കിയും വെച്ചാൽ ഹോട്ടലിൽ നിന്ന് കിട്ടുക ദിവസം പത്ത് രൂപയാണ്. എന്നാലും ഞാൻ സന്തോഷവാനായിരുന്നു. അന്നന്ന് കിട്ടുന്ന പത്ത് രൂപയും വാങ്ങി വൈകിട്ട് കുളിച്ചിറങ്ങും. സിനിമകൾ ഒന്നൊഴിയാതെ കാണും. കോഴിക്കോട് മുഴുവൻ കറങ്ങി നടക്കും...
(സ്വാതന്ത്ര്യം നഗരത്തിലും തെരുവുകളിലും ഒഴുകിപ്പരന്ന കാലം..)
ഉപ്പ, ഉപ്പയുടെ സന്തത സഹചാരിയായ  കുഞ്ഞിക്കണ്ടി ഉമ്മർക്കയെയും കൂട്ടി എന്നെ  തെരഞ്ഞുപിടിക്കുന്ന സമയത്ത് ഹോട്ടലിൽനിന്ന് എനിക്ക് മൂന്ന് ദിവസത്തെ കാശ് കിട്ടാനുണ്ടായിരുന്നു. മുപ്പത്  രൂപ കാഷ്യർ  ഉപ്പക്ക് നൽകിയപ്പോൾ ഉപ്പ പറഞ്ഞു:
 'വേണ്ട, ഓൻ ആദ്യമായി അധ്വാനിച്ചുണ്ടാക്കിയതല്ലേ...
ഓനിക്ക് തന്നെ കൊടുത്തേ..
(എന്റെ കൈയിൽ ഒരൊറ്റ രൂപയുണ്ടായിരുന്നില്ല, അന്ന്. അന്നന്ന് കിട്ടുന്നത് അന്നന്ന് തീർത്തിരുന്നു) ഞാൻ സന്തോഷിച്ചു. ആദ്യമായി അധ്വാനിച്ച് കിട്ടിയ കാശാണ്. എനിക്ക് തന്നെ തന്നല്ലോ.. എന്തൊരു നല്ല ഉപ്പ...
(ഉപ്പയോട് വലിയ ബഹുമാനം തോന്നി..)
 ഞങ്ങൾ നാട്ടിലേക്ക് വണ്ടി കയറുന്നതിന് മുമ്പായി ഉപ്പ ഞങ്ങളെയും കൂട്ടി പാളയത്തെ (പഴയ) പാരീസ് ഹോട്ടലിൽ കയറി. അവർ രണ്ട് പേരും നെയ്‌ച്ചോറും മുട്ടക്കറിയും ഞാൻ പൊറാട്ടയും കഴിച്ചു. ബില്ല് വന്നപ്പോൾ ഉപ്പ പറഞ്ഞു.
'ഉമ്മറേ..നമ്മള് ഓനെയും തെരഞ്ഞ് വന്നതല്ലേ..ബില്ല് ഓൻ തന്നെ കൊടുക്കട്ടെ..' എനിക്ക് വല്ലാതെ സങ്കടവും ദേഷ്യവും വന്നു.. (ദുഷ്ടൻ.. ആദ്യമായി അധ്വാനിച്ചുണ്ടാക്കിയ കാശാണ്.. ഇരുപത്തിനാലോ  ഇരുപത്തഞ്ചോ രൂപയായി അന്ന് ബില്ല്) വഴിയിൽ വെച്ച് ഉപ്പ ഒരുപാട് സംസാരിച്ചു. എന്നെക്കുറിച്ച് ഒരക്ഷരം പറഞ്ഞില്ല. (എന്നോട് ഒരക്ഷരം ചോദിച്ചില്ല..) പറഞ്ഞത് മുഴുവനും ഉപ്പയെക്കുറിച്ചാണ്. നന്നെ ചെറുപ്പത്തിലെ സ്വന്തം ഉപ്പ മരിച്ചത്.. തൽസ്ഥാനത്ത് മറ്റൊരാൾ വന്നത്. പിന്നീടു വന്ന അനുജനെയടക്കം കുടുംബം ഭാരം ചുമന്നത്.. ഒരു സഹോദരിയോ മനസ്സ് പങ്കുവെക്കാനോ ഉപദേശ നിർദേശങ്ങൾ നൽകാനോ ആശ്രയിക്കാനോ ഒരാൾ ഇല്ലാതെ പോയത്.. ബാലവേലയിൽ തുടങ്ങി പട്ടിണിയും..കഷ്ടപ്പാടും..
പെരുന്നാളിന് പോലും പുതുകോടി ഇല്ലാതിരുന്ന ബാല്യത്തിൽ നിന്ന്...
കഠിനാധ്വാനത്തിലൂടെ ജീവിതം പച്ചപിടിച്ചു കയറിയത്...
പറഞ്ഞതിലധികവും ജീവിതത്തിൽ അനുഭവിച്ച, തനിക്ക് കിട്ടാതെ പോയ സന്തോഷങ്ങളെക്കുറിച്ചായിരുന്നു. (എല്ലാ സുഖ സൗകര്യങ്ങളുമുണ്ടായിട്ടും ഒന്നുമറിയാതെ കണ്ണ് മഞ്ഞളിച്ച് എല്ലാം ഇട്ടെറിഞ്ഞ് ഓടിപ്പോയ എന്റെ വിവേകമില്ലായ്മയെ, ഉപ്പയ്ക്ക് ഇല്ലാതെ പോയ, എനിക്ക് ലഭ്യമാക്കിയ  സൗഭാഗ്യങ്ങളുമായി ചേർത്ത് വായിച്ച് പൂരിപ്പിക്കാനായിരുന്നു  ഉപ്പ സ്വന്തം കഥ പറഞ്ഞത്)
ഞങ്ങൾ കോഴിക്കോട്ട് നിന്ന് തിരിച്ച് വീട്ടിലെത്തി. കാലം കഴിഞ്ഞു..
ഞാൻ പ്രീ ഡിഗ്രി കഴിഞ്ഞു.
എന്നെ മൈസൂരിലയച്ചു  ഫാർമസിസ്റ്റ് കോഴ്‌സ് പഠിപ്പിച്ചു..വീട്ടിൽ ഉമ്മയും പെങ്ങൻമാരും ഞാനുമൊക്കെ വീണ്ടും വീണ്ടും  വഴക്കിട്ടിരുന്നു..
നാടുവിട്ട് ഓടിപ്പോയില്ലെങ്കിലും ഞാൻ വീണ്ടും വീണ്ടും വീട് വിട്ട് അമ്മാവന്റെ വീട്, ഇരിക്കൂറിലുള്ള കീത്തടത്ത് തറവാട് വീട്, മൂത്തമ്മ എളേമ്മ വീട്.. എന്നിവിടങ്ങളിൽ പൊയ്‌ക്കൊണ്ടേയിരുന്നു.
ഉപ്പ, പി.കെ. കാദർകുട്ടി ഹാജി, പള്ളിക്കമ്മിറ്റി പ്രസിഡന്റ്, നാട്ടിലെ പ്രമാണി, സമ്പന്നൻ,
മരമില്ലുടമ, സ്‌കൂളിൽ പി.ടി.എ പ്രസിഡന്റ്, പൊതുകാര്യ പ്രസക്തൻ, ഹാജ്യാര്.. വീട്ടിൽ ഉപ്പയുടെ പൊതു സമൂഹത്തിലുള്ള അന്തസ്സിനും അഭിമാനത്തിനും നിരക്കാത്ത കാര്യങ്ങൾ... (അന്ന്, ജ്യേഷ്ഠൻ എന്നും വീട്ടിൽ ഉപ്പക്ക് ഒരു ചോദ്യചിഹ്നമായിരുന്നു..
വേദനയായിരുന്നു... പിന്നീട് ഉപ്പക്കിഷ്ടമില്ലാത്ത നാടകം, സിനിമ.. ചിലതു കൊണ്ട് ഞാനും..) ഉപ്പ ചിലപ്പോഴൊക്കെ വീട്ടിൽ വല്ലാതെ മൗനിയാകും.
അസ്വസ്ഥനാകും.
('ഞാനെവിട്യാടാ പോവ്വ..'
ആവാക്ക് എന്നെ തെരഞ്ഞ് വരും) ഞാൻ ഉപ്പയെ വല്ലാതെ സ്‌നേഹിച്ചു തുടങ്ങിയിരുന്നു..

രണ്ട്: പഠനം കഴിഞ്ഞ് ഫാർമസിസ്റ്റായി  ജോലി കിട്ടിയപ്പോൾ ആദ്യമായിക്കിട്ടിയ ശമ്പളം അതേപടി  ഉപ്പാക്ക് കൊണ്ടുകൊടുത്തു. ഇരുപത് വയസ്സ് വരെ എന്നെ, ശരീരത്തിന് ഇന്ധനം നൽകി, വായുവും വെള്ളവും വെളിച്ചവും നൽകി ഒരാളാക്കി മാറ്റിയ മനുഷ്യനാണ്. അതിൽ എനിക്കെന്തെങ്കിലും പങ്കിന് അർഹതയുണ്ടെന്ന് പോലും ചിന്തിച്ചിട്ടില്ല.
എണ്ണൂറ്  രൂപയായിരുന്നു ശമ്പളം. കൊണ്ടുചെന്നപ്പോൾ ചോദിച്ചു.
'ഉമ്മാക്ക് കൊടുത്തോ..? 'ഇല്ല'..
'അതെന്തേ ഉമ്മാക്കല്ലേ കൊടുക്കണ്ടത്..?
'........'
 'എത്രയുണ്ടിത്..?  
'എണ്ണൂറ് രൂപ...
'മുഴുവനും തന്നാ നിനക്ക് ചെലവിന് വേണ്ടേ..?  
അഞ്ഞൂറ് നിന്റെ കൈയിൽ വെച്ചിട്ട് മാസം മുന്നൂറ് ഉമ്മാക്ക് കൊടുത്തേ..
(എന്നെ പോറ്റിയത് ഉപ്പ..പഠിപ്പിച്ചത് ഉപ്പ..)
'അപ്പോ ഉപ്പാക്ക്...'
'എനിക്ക് പിന്നെ മതി..
..........
പിന്നീട് ഗവ. സർവീസിൽ കിട്ടിയപ്പോഴും ആദ്യത്തെ ശമ്പളം ഉപ്പാന്റെ കൈയിൽ കൊടുത്തപ്പാൾ പഴയ വാക്ക് തന്നെ.
'നിന്നോട് ഉമ്മാക്ക് കൊടുക്കാൻ ഞാൻ മുമ്പെ പറഞ്ഞതല്ലേ..
അന്ന് 1480 രൂപ ശമ്പളം. (എണ്ണൂറ് നീ വെച്ചിട്ട് ബാക്കി ഉമ്മാക്ക് കൊടുത്തേ..)
'അപ്പോ ഉപ്പാക്ക് വേണ്ടേ..?
'എനിക്ക് പിന്നെ മതി...

മൂന്ന്: ഗൾഫിൽ ഫാർമസിസ്റ്റായി ജോലി കിട്ടി. ബാങ്കിൽ അക്കൗണ്ട് തുടങ്ങാനിട്ട പതിനായിരം രൂപ ഒഴികെ ചെലവ് കഴിച്ച് ബാക്കിയെല്ലാം കൃത്യമായി ഉപ്പാക്ക് അയച്ചു കൊടുത്തിരുന്നു. ഞാനൊന്നും കൈയിൽ വെച്ചിരുന്നില്ല. ഉപ്പ എന്നെ വളർത്തി.. ഉപ്പ എന്നെ പഠിപ്പിച്ചു...ഉപ്പ വിസക്ക് കാശ് മുടക്കി. ഉപ്പ എന്നെ ഗൾഫിലയച്ചു. എല്ലാം ഉപ്പാന്റെയല്ലേ.. അപ്പോ കാശും ഉപ്പാക്കല്ലേ അയക്കേണ്ടത്..
(നിഷ്‌കളങ്കത കൊണ്ട് ഞാനന്ന് അങ്ങനെ ചിന്തിച്ചത് ആയിരം തവണ ശരിയായിരുന്നുവെന്ന് പിന്നീട് കാലം തെളിയിച്ചു)
 ഇടക്ക് ചിലപ്പോൾ ഒപ്പം താമസിക്കുന്നവർക്ക് വായ്പ കൊടുത്തോ മറ്റോ കാശയക്കാനൽപം  താമസിച്ചാൽ ഉപ്പ അത് ഊഹിച്ചെടുക്കും.
 ഉടനെ എഴുതും: അങ്ങനെയും ഇങ്ങനെയും കാശ് അവിടെയുമിവിടെയുമായി കളയരുത്. എന്നെ വിശ്വസിക്കാം. കാശ് എനിക്ക് മാത്രം  അയക്കുക. ഒരിക്കലും നശിക്കാത്ത ഖജനാവാ എന്റേത്.. തുരുമ്പിക്കാത്ത ഇരുമ്പുപെട്ടി. കാശിന്റെ കാര്യത്തിൽ എന്നെ മാത്രം വിശ്വസിക്കുക. (ശ്ശെ..ഈ ഉപ്പ എന്തായിങ്ങനെ..)
(അന്നും എനിക്ക് ഉപ്പയെ മനസ്സിലായിരുന്നില്ല.)
ശമ്പളത്തിൽനിന്ന് ചെലവ് കഴിച്ച് ബാക്കി ഞാൻ ഉപ്പാക്ക് അയച്ചുകൊടുത്തുകൊണ്ടിരുന്നു. ഞാൻ വാങ്ങുന്ന ശമ്പളം എന്റേതാണെന്ന തോന്നലേ എനിക്കുണ്ടായിരുന്നില്ല.. അതിനർഹൻ ഞാനാണ് എന്ന തോന്നലുമുണ്ടായിരുന്നില്ല. ഞാൻ എന്തുകൊണ്ട് അങ്ങനെ ചിന്തിച്ചു എന്നതുമെനിക്കറിയില്ല..
എന്റെ വിവാഹ ശേഷം (ഉപ്പാക്ക് ഇഷ്ടക്കുറവും വിഷമവുമൊക്കെയുള്ള  വിവാഹമായിരുന്നു) കുറച്ച് മാസങ്ങൾക്ക് ശേഷം ഉപ്പ എഴുതി: നീ കുറച്ച് കാശ് വേഗമയക്ക്,  കുറച്ച് സ്ഥലം വാങ്ങി  ഒരു വീടിന്റെ പണി തുടങ്ങാം..
സാലറി അഡ്വാൻസൊക്കെ വാങ്ങി ഞാൻ അഞ്ചു ലക്ഷം രൂപ അയച്ചു. ഉപ്പയും അനുജനും കുറെ സ്ഥലം നോക്കി. ഒന്നും ശരിയായില്ല. ഇടക്ക് ഉപ്പാക്ക് സുഖമില്ലാതായി.. പിന്നെ സ്ഥലം നോക്കലൊന്നും നടന്നില്ല..കുറച്ച് നാൾ  ആശുപത്രി വാസമൊക്കെയായി.
മുമ്പെ, ഷുഗർ, പ്രഷർ, കിഡ്‌നിസ്റ്റോൺ, ഹാർട്ട് പ്രോബ്ലം ഒക്കെയുണ്ട്. പിന്നീട് അറ്റാക്കുണ്ടായി. പൊടുന്നനെ ഉപ്പ പോയി... ഗൾഫിലായിരുന്ന എനിക്കും ജ്യേഷ്ഠനും എത്താനായില്ല. പിന്നെ മാസങ്ങൾക്ക് ശേഷം ഉമ്മ മറയിൽനിന്നെണീക്കുന്ന സമയത്ത്
ഞങ്ങളെത്തി. മറയിൽ നിന്ന് എണീറ്റ ഉടനെ ഉമ്മ ഞങ്ങൾ അഞ്ച്  ആൺമക്കളെ ഉപ്പ കിടന്നിരുന്ന ഓഫീസ് മുറിയിലേക്ക് വിളിച്ച് വാതിൽ കുറ്റിയിട്ട് കോന്തലയിൽ നിന്ന് ഉപ്പയുടെ മേശയുടെ താക്കോൽ ജ്യേഷ്ഠന് നൽകിയിട്ട്  പറഞ്ഞു: 'ആശുപത്രിയിൽ നിന്ന്, മരിക്കും മുമ്പ് എന്നോട് പറഞ്ഞിരുന്നു, മേശയിൽ ബേഗിൽ കുറച്ച് കാശുണ്ട്. അത് മുസ്തഫാന്റേതാണ്. കുറച്ച് അതിൽ നിന്ന് ഞാൻ മരമില്ലിലേക്ക് മെഷീൻ വാങ്ങാൻ എടുത്തിന്.. അതെഴുതിവെച്ചിന്..അത് മില്ലിന്നെടുത്ത് ഓന് കൊടുക്കണം...' (ഉപ്പാക്ക് എല്ലാറ്റിനും കണക്കുണ്ട്)
ഞങ്ങൾ കാൺകെ ജ്യേഷ്ഠൻ മേശ തുറന്നു..!
മേശവലിപ്പിൽ ഞാൻ അവസാനമായി അയച്ച പണം! അതിൽനിന്നെടുത്ത കാശ് കണക്ക് ബുക്കിൽ കൃത്യമായി എഴുതി വെച്ചിരിക്കുന്നു.. എന്റെ ഉള്ളിലൂടെ ഒരു വിറപാഞ്ഞു..
'ഉപ്പാ...
അത് മാത്രമായിരുന്നില്ല, ഉപ്പ. അത് വരെ ഞാൻ ഉപ്പാക്ക് അയച്ചുകൊടുത്തിരുന്ന മുഴുവൻ തുകയും കൃത്യമായി തീയതിയിട്ട് കണക്ക് എഴുതി വെച്ചിരിക്കുന്നു. അതു മാത്രമായിരുന്നോ എന്റെ ഉപ്പ..? അത് വരെ ഞാനയച്ചുകൊടുത്ത മുഴുവൻ തുകക്കും  കൃത്യമായി എന്റെ പേരിൽ  സ്ഥലം വാങ്ങിയിട്ടുണ്ട്. ബാക്കിയുള്ള കാശ് എന്റെ പേരിൽ ബാങ്ക് ഡെപ്പോസിറ്റ്...
പൊട്ടിക്കരഞ്ഞു പോയി..ഒരു രൂപ പോലും ഉപ്പ എടുത്തിട്ടില്ല..! പിന്നെ ഞാനയച്ച കാശെല്ലാം ആർക്കായിരുന്നു..? അറിയാതെ പിറുപിറുത്തു: ചതിച്ചു കളഞ്ഞല്ലോ ഉപ്പാ നിങ്ങളെന്നെ..
ചതിച്ചു കളഞ്ഞല്ലോ..
ഇതാ ഉപ്പാ കൈയില് വെച്ചോ എന്ന് പറഞ്ഞ് ഒരു ആയിരം രൂപയെങ്കിലും കൈയിൽ വെച്ചുതരാൻ എനിക്കവസരം തന്നില്ലല്ലോ നിങ്ങൾ... നിങ്ങൾ പറഞ്ഞ നിങ്ങളുടെ ഖജനാവ് ഇതായിരുന്നല്ലേ.. ഒരിക്കലും തകരാത്ത ഇരുമ്പ് പെട്ടി. ഉപ്പ ഇങ്ങനെ ചെയ്യുമെന്നറിഞ്ഞിരുന്നെങ്കിൽ ചെലവിന് എന്ന് പറഞ്ഞെങ്കിലും ഞാനൊരു തുക അയക്കുമായിരുന്നല്ലോ ഉപ്പാ.. അതിനു പോലും എന്നെ അനുവദിച്ചില്ലല്ലോ.. നിങ്ങൾ..?
എന്നെ വളർത്തിയ, എന്നെ പഠിപ്പിച്ച, എന്നെ ഞാനാക്കിയ എന്റെ  ഉപ്പാക്ക് തിരിച്ചു കൊടുക്കാനായി എനിക്ക് എന്താ പറ്റിയത്...?

ഇതായിരുന്നു എന്റെ ഉപ്പ.. എല്ലാറ്റിനും കണക്ക് വെച്ചിരുന്ന എന്റെ ഉപ്പ..

പിന്നീട് പലപ്പോഴും ഒരു കഥ എഴുതാനായി, ഞങ്ങളുടെ ഉപ്പ എന്ന തലക്കെട്ട് എഴുതി കീഴെ 'ഉപ്പ എന്നെ ചതിച്ചു'
(എന്നെങ്കിലും ഉപ്പയുമായി ബന്ധപ്പെട്ട ഒരു കഥയെഴുതുമ്പോൾ 'ഉപ്പ എന്നെ ചതിച്ചു' എന്നതായിരിക്കണം ആദ്യ വരി എന്ന് നേരത്തെ തീരുമാനിച്ചിരുന്നു) എന്ന ആദ്യ വാചകമെഴുതി,  അന്ന് കോഴിക്കോട് പാളയത്തെ പാരീസ് ഹോട്ടലിൽ നിന്ന് ഉപ്പ കഴിച്ച നെയ്‌ച്ചോറിന്റെയും മുട്ടക്കറിയുടെയും ബില്ല് കൊടുത്തതാണോ  ഒരു ജന്മത്തിന് നൽകിയ പ്രതിഫലമെന്നോർത്ത് അതിനപ്പുറമൊരു വരി പോലുമെഴുതാനാവാതെ തളർന്ന് പിൻവാങ്ങുകയാണുണ്ടായത്...
കൃത്യമായി കണക്കെഴുതിയിരുന്നത് കൊണ്ടാവുമോ, എല്ലാ കണക്കെടുപ്പുകളും അവസാനിക്കുന്ന ഒരു മാർച്ച് മുപ്പത്തിയൊന്നിനായിരുന്നു ഉപ്പയുടെ വിയോഗവും.

Latest News