ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ മദ്രസ വിദ്യാര്‍ത്ഥികള്‍ ക്ലാസ് ആരംഭിക്കുന്നതിന് മുമ്പ് പ്രാര്‍ത്ഥനയ്‌ക്കൊപ്പം ദേശീയ ഗാനം നിര്‍ബന്ധമാക്കി. യു.പി മദ്രസ വിദ്യാഭ്യാസ ബോര്‍ഡിന്റേതാണ് തീരുമാനം. അഞ്ച് വര്‍ഷം മുമ്പ് 2017 ല്‍ സ്വാതന്ത്ര്യദിനത്തില്‍ ദേശീയഗാനം ആലപിക്കുന്നതും ദേശീയ പതാക ഉയര്‍ത്തുന്നതും നിര്‍ബന്ധമാക്കിയതും മദ്രസാ ബോര്‍ഡായിരുന്നു.
ചെയര്‍പേഴ്‌സണ്‍ ഇഫ്തിഖര്‍ അഹമ്മദ് ജാവേദിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് പരീക്ഷ, ഹാജര്‍, അധ്യാപക നിയമനം തുടങ്ങിയവയുമായി ബന്ധപ്പെട്ട തീരുമാനങ്ങളോടൊപ്പം നിര്‍ബന്ധമായും ദേശീയ ഗാനം ആലപിക്കണമെന്ന് തീരുമാനം കൂടി എടുത്തത്. മദ്രസ അധ്യാപകരെ നിയമിക്കുന്നതിന് ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (ടിഇടി) അടിസ്ഥാനമാക്കിയുള്ള മദ്രസ ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (എംടിഇടി) ആരംഭിക്കാനും തീരുമാനിച്ചു. പരീക്ഷ നടത്തുമെങ്കിലും അധ്യാപക നിയമനം തീരുമാനിക്കുക മാനേജ്‌മെന്റായിരിക്കും.
വിവിധ സ്‌കൂളുകളില്‍ ദേശീയ ഗാനം ആലപിക്കുന്നുണ്ടെന്നും മദ്രസ വിദ്യാര്‍ത്ഥികളിലും രാജ്യസ്‌നേഹം വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്നും ഇഫ്തിഖാര്‍ പറഞ്ഞു. മതപഠനത്തിന് പുറമെ നമ്മുടെ ചരിത്രവും സംസ്‌കാരവും അവര്‍ക്ക് അറിയാന്‍ കഴിയണം. ചില മദ്രസകളില്‍ ഇപ്പോള്‍ തന്നെ ദേശീയ ഗാനം ആലപിക്കുന്നുണ്ടെങ്കിലും അടുത്ത അക്കാദമിക് സെഷന്‍ മുതല്‍ എല്ലാ മദ്രസകളിലും നിര്‍ബന്ധമാക്കിയിരിക്കയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുറഞ്ഞുവരുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് മദ്രസ അധ്യാപകരുടെ എത്ര കുട്ടികള്‍ സ്വകാര്യ സ്‌കൂളുകളില്‍ പഠിക്കുന്നുവന്നറിയാന്‍ ബോര്‍ഡ് സര്‍വേ നടത്തും. വിദ്യാര്‍ത്ഥികളുടെ ഹാജര്‍, വെരിഫിക്കേഷന്‍ എന്നിവ ആധാറുമായി ബന്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.