ജനറൽ ജോർദെ വിദേലയുടെ പട്ടാള ഭരണകൂടത്തിന്റെ ബൂട്ടുകളിൽ അർജന്റീന പിടയുന്ന ഘട്ടത്തിലാണ് 1978 ൽ അവിടെ ലോകകപ്പ് നടക്കുന്നത്. സൈനിക അട്ടിമറിയിൽ പ്രതിഷേധിച്ച് പല രാജ്യങ്ങളും ബഹിഷ്‌കരണ ഭീഷണി മുഴക്കിയെങ്കിലും ഒരു ടീമും പിന്മാറിയില്ല. അർജന്റീനക്ക് കിരീടം നേടിക്കൊടുത്തതിൽ സൈനിക ഭരണകൂടത്തിന് വലിയ പങ്കുണ്ടെന്ന് പരാതിയുയർന്നു. പരാജയമറിയാത്ത ബ്രസീലിനെ മറികടന്ന് ഫൈനലിലെത്തണമെങ്കിൽ രണ്ടാം റൗണ്ടിലെ അവസാന മത്സരത്തിൽ പെറുവിനെ നാലു ഗോൾ വ്യത്യാസത്തിൽ അർജന്റീന തോൽപിക്കേണ്ടതുണ്ടായിരുന്നു. ആദ്യ റൗണ്ടിൽ സ്‌കോട്‌ലാന്റിനെ തോൽപിക്കുകയും നെതർലാന്റ്‌സിനെ സമനിലയിൽ തളക്കുകയുമൊക്കെ ചെയ്ത ടീമാണ് പെറു. പക്ഷേ ദുരൂഹമായി അവർ അർജന്റീനയോട് 0-6 ന് തോറ്റു. ബ്രസീലിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. പെറുവിന് വൻ തുക കോഴ ലഭിച്ചതായി ആരോപണമുണ്ടായി. പെറുവിന്റെ ഗോളി അർജന്റീനാ വംശജനുമായിരുന്നു. 1982 ലും സമാനമായ വിവാദമുണ്ടായതോടെ അവസാന ഗ്രൂപ്പ് മത്സരങ്ങൾ ഒരേ സമയത്ത് നടത്താൻ ഫിഫ തീരുമാനിച്ചു.
തുടർച്ചയായ രണ്ടാം തവണയും നെതർലാന്റ്‌സ് ഫൈനലിൽ തോൽക്കുന്നതു കണ്ടാണ് ലോകകപ്പ് അവസാനിച്ചത്. കാരണം വ്യക്തമാക്കാതെ യോഹാൻ ക്രയ്ഫ് വിട്ടുനിന്നത് നെതർലാന്റ്‌സിനെ ദുർബലമാക്കിയിരുന്നു. പ്രഥമ ലോകകപ്പിൽ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന അർജന്റീന 48 വർഷത്തിനു ശേഷം സ്വന്തം തട്ടകത്തിൽ രാജസിംഹാസനം കീഴടക്കി. തിങ്ങിനിറഞ്ഞ ഗാലറിയിൽനിന്ന് ഗ്രൗണ്ടിലേക്കൊഴുകി വന്ന നീലയും വെള്ളയും റിബണുകളായിരുന്നു ആ ഫൈനലിന്റെ ഓർമച്ചിത്രം. പക്ഷേ നെതർലാന്റ്‌സിന്റെ നിർഭാഗ്യത്തിന് കാലം കഴിയുന്തോറും കനം കൂടിവന്നു. പിന്നീട് അവർ ഫൈനലിലെത്തിയത് 2010 ലാണ്. ആദ്യ പകുതിയിൽ അർജന്റീനയുടെ മാരിയൊ കെംപസ് നേടിയ ഗോളിന് ഡിർക് നാനംഗയിലൂടെ ഡച്ചുകാർ മറുപടി നൽകിയതായിരുന്നു. അവസാന സെക്കന്റുകളിൽ റോബ് റെൻസൻബ്രിങ്കിന്റെ ഷോട്ടിന് പോസ്റ്റ് തടസ്സം നിന്നപ്പോൾ നെതർലാന്റ്‌സ് തലയിൽ കൈവെച്ചു. അതോടെ ഫൈനൽ എക്‌സ്ട്രാ ടൈമിലേക്കു നീങ്ങി. കെംപസിന്റെയും ഡാനിയേൽ ബെർടോണിയുടെയും ഗോളുകളിൽ 3-1 ന് ആതിഥേയർ കപ്പ് സ്വന്തമാക്കി. അർജന്റീനാ ടീമിൽ ഒരു കളിക്കാരൻ മാത്രമായിരുന്നു വിദേശ ക്ലബ്ബിൽ കളിച്ചിരുന്നത്, കെംപസ്. കളി താമസിപ്പിക്കാൻ അർജന്റീന മനഃപൂർവം ശ്രമിച്ചുവെന്നാരോപിച്ച് നെതർലാന്റ്‌സ് ടീം സമാപനച്ചടങ്ങിൽ പങ്കെടുത്തില്ല.
ഡിയേഗൊ മറഡോണയെന്ന പതിനേഴുകാരനെ ടീമിലെടുക്കാതെയാണ് കോച്ച് സീസർ ലൂയി മെനോട്ടി അർജന്റീനയെ ലോകകപ്പിനൊരുക്കിയത്. മധ്യനിരയിൽനിന്ന് ഓസ്‌വാൽഡൊ ആർഡിലസ് നയിച്ച ആക്രമണങ്ങളിലൂടെയായിരുന്നു അർജന്റീനയുടെ കുതിപ്പ്. പക്ഷേ ആദ്യ റൗണ്ടിൽ ആതിഥേയർ പരുങ്ങി. ഫ്രാൻസിനെ 2-1 ന് അതിജീവിച്ചത് ഭാഗ്യം കൊണ്ടാണ്. ഇറ്റലിയോട് 0-1 ന് തോറ്റ് രണ്ടാം സ്ഥാനവുമായാണ് ഗ്രൂപ്പ് കടന്നത്. മെക്‌സിക്കോയെ 3-1 ന് തോൽപിച്ച് തുനീഷ്യ ലോകകപ്പ് ചരിത്രത്തിൽ ആഫ്രിക്കയുടെ ആദ്യ വിജയം സ്വന്തമാക്കി. സ്‌കോട്‌ലന്റിനെ ഇറാൻ തളച്ചു.
ആതിഥേയർ: അർജന്റീന, ചാമ്പ്യന്മാർ: അർജന്റീന
ടീമുകൾ: 16, മത്സരങ്ങൾ: 38
യോഗ്യതാ റൗണ്ടിൽ പങ്കെടുത്ത ടീമുകൾ: 107
ടോപ് സ്‌കോറർ: മാരിയൊ കെംപസ് (അർജന്റീന, 6)
പ്രധാന അസാന്നിധ്യം: ഇംഗ്ലണ്ട്, ചെക്കൊസ്ലൊവാക്യ, സോവിയറ്റ് യൂനിയൻ
അപ്രതീക്ഷിതമായി യോഗ്യത നേടിയത്:
ഇറാൻ, തുനീഷ്യ
ആകെ ഗോൾ - 102 (ശരാശരി 2.68), കൂടുതൽ
ഗോളടിച്ച ടീം - നെതർലാന്റ്‌സ് (15)
മത്സരക്രമം: ആദ്യ റൗണ്ടിൽ നാല് ടീമുകൾ വീതമുള്ള നാല് ഗ്രൂപ്പുകൾ. രണ്ട് ടീമുകൾ വീതം ഓരോ ഗ്രൂപ്പിൽ നിന്നും രണ്ടാം റൗണ്ടിൽ. രണ്ടാം റൗണ്ടിൽ
നാല് ടീം വീതമുള്ള രണ്ടു ഗ്രൂപ്പുകൾ. ഓരോ
ഗ്രൂപ്പിലെയും ഒന്നാം സ്ഥാനക്കാർ ഫൈനലിൽ.
ഇറ്റലിക്കെതിരെ ഫ്രാൻസിന്റെ ബെർണാഡ് ലക്കോംബെ മുപ്പത്താറാം സെക്കന്റിൽ ഗോൾ നേടി. എന്നാൽ ഇറ്റലി 2-1 ന് ജയിച്ചു. ഇരുപത്തൊന്നുകാരൻ മിഷേൽ പ്ലാറ്റീനിയുടെ ഫ്രാൻസ് ഏറെ പ്രതീക്ഷയുണർത്തിയെങ്കിലും ആദ്യ റൗണ്ടിൽ പുറത്തായി. ഇംഗ്ലണ്ടും യൂറോപ്യൻ ചാമ്പ്യന്മാരായ ചെക്കൊസ്ലൊവാക്യയും യൂഗോസ്ലാവ്യയും സോവിയറ്റ് യൂനിയനുമൊന്നും യോഗ്യത നേടിയതു പോലുമില്ല.
നെതർലാന്റ്‌സിനെ 3-2 ന് സ്‌കോട്‌ലന്റ് തോൽപിച്ചതാണ് ഗ്രൂപ്പ് ഘട്ടത്തിലെ വമ്പൻ അട്ടിമറി. പക്ഷേ സ്‌കോട്‌ലന്റ് ആദ്യ റൗണ്ടിൽ പുറത്തായപ്പോൾ നെതർലാന്റ്‌സ് ഗോൾ വ്യത്യാസത്തിൽ കടന്നുകൂടി.
സ്വീഡനുമായുള്ള കളിയിൽ ബ്രസീലിന്റെ സീക്കോയുടെ ഹെഡർ വലയിലേക്കു നീങ്ങവേ റഫറി ഫൈനൽ വിസിൽ മുഴക്കിയത് വൻ വിവാദമായി. 1-1 സമനില ബ്രസീലിന് അംഗീകരിക്കേണ്ടി വന്നു. സഹോദരൻ കാറപകടത്തിൽ കൊല്ലപ്പെട്ട ദുഃഖത്തിനിടയിലും അർജന്റീനയുടെ ലിയോപോൾഡൊ ലൂക്ക് കളിച്ചത് വൈകാരിക നിമിഷങ്ങളും സൃഷ്ടിച്ചു.
അറിയാമോ? മൂന്നു ടീമുകൾ ആദ്യ റൗണ്ടിൽ തോറ്റ ശേഷം ലോകകപ്പ് ചാമ്പ്യന്മാരായി. ജർമനി (1954), പശ്ചിമ ജർമനി (1974), അർജന്റീന (1978), സ്‌പെയിൻ (2010). ഇതിൽ അവസാന മൂന്നു ടീമുകളും ഫൈനലിൽ തോൽപിച്ചത് നെതർലാന്റ്‌സിനെയായിരുന്നു.
നാലു ടീമുകൾ വീതമുള്ള രണ്ട് രണ്ടാം റൗണ്ട് മത്സരങ്ങളായിരുന്നു നിശ്ചയിച്ചത്. ഗ്രൂപ്പ് എയിൽനിന്ന് നെതർലാന്റ്‌സ് ഫൈനലിലെത്തി. ഓസ്ട്രിയയെയും നിലവിലെ ചാമ്പ്യന്മാരായ പശ്ചിമ ജർമനിയെയും, സെൽഫ് ഗോളിന് പിന്നിലായ ശേഷം ഇറ്റലിയെയും അവർ തോൽപിച്ചു. സെൽഫ് ഗോളടിച്ച ഏണി ബ്രാൻഡ്‌സ് ഇറ്റലിക്കെതിരെ നെതർലാന്റ്‌സിന്റെ വിജയ ഗോളും നേടി.
എക്‌സ്ട്രാ ടൈമിനു ശേഷവും വിധിയാവാത്ത നോക്കൗട്ട് മത്സരങ്ങൾ ഷൂട്ടൗട്ടിലൂടെ നിർണയിക്കാൻ ഫിഫ തീരുമാനിച്ചത് ഈ ലോകകപ്പിലായിരുന്നു. പക്ഷേ അത്തവണ ഷൂട്ടൗട്ട് വേണ്ടിവന്നില്ല. ഉത്തേജകമടിച്ചതായി കണ്ടതിനാൽ സ്‌കോട്‌ലന്റിന്റെ വില്ലീ ജോൺസ്റ്റൺ ലോകകപ്പിൽനിന്ന് പുറത്താക്കപ്പെട്ടു. അർജന്റീനയിൽ കളർ ടി.വി പ്രാബല്യത്തിലുണ്ടായിരുന്നില്ല. ഹംഗറി-ഫ്രാൻസ് മത്സരത്തിൽ ഇരു ടീമുകളുടെയും ജഴ്‌സി അതിനാൽ ടി.വിയിൽ ഒരുപോലെ തോന്നിച്ചു. ഫ്രാൻസിന് പ്രാദേശിക ടീം അത്‌ലറ്റിക്കൊ കിംബർലിയുടെ ജഴ്‌സി ധരിക്കേണ്ടി വന്നു.






