ഷട്ടിൽ കോർടിൽ ഇത് മാറ്റുവിൻ ചട്ടങ്ങളേയുടെ കാലമാണ്. എന്നാൽ നിയമങ്ങൾ തിരുത്തുന്നതിന്റെ യുക്തി മനസ്സിലാവാതെ കുഴങ്ങുകയാണ് കളിക്കാരിൽ മഹാഭൂരിഭാഗവും. ചില പരിഷ്കാരങ്ങൾ നടപ്പാക്കിത്തുടങ്ങി, മറ്റ് ചിലത് ഉടൻ പ്രാബല്യത്തിൽ വരും. മെയ് 19 ന് ചേരുന്ന ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ (ബി.ഡബ്ല്യു.എഫ്) യോഗത്തിൽ മാറ്റങ്ങൾക്ക് ഔദ്യോഗിക അംഗീകാരം ലഭിക്കും.
ഇതിൽ പ്രധാനം സെർവ് ചെയ്യുന്ന രീതിയിലാണ്. മാർച്ച് ഒന്ന് മുതൽ ഇത് പരീക്ഷിക്കുന്നുണ്ട്. എന്നാൽ ബുധനാഴ്ച ആരംഭിച്ച ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പാണ് ഈ പരിഷ്കാരം നടപ്പാക്കുന്ന ആദ്യത്തെ പ്രധാന ടൂർണമെന്റ്. ഒരു പ്രധാന ടൂർണമെന്റിൽ പരിഷ്കാരം നടപ്പാക്കുന്നതിനെതിരെ കളിക്കാരും കോച്ചുമാരും രംഗത്തു വന്നിട്ടുണ്ട്. കോർടിലെ കോച്ചിംഗ് തടയുക, സ്കോറിംഗ് രീതി മാറ്റുക എന്നിവയാണ് മറ്റ് പ്രധാന പരിഷ്കാരങ്ങൾ. ബി.ഡബ്ല്യു.എഫ് കൗൺസിലിന്റെ നിർദേശങ്ങൾ ഈ മാസം 30 ന് അംഗങ്ങൾക്ക് കൈമാറും.
സർവീസ് ചട്ടം
സെർവ് ചെയ്യുമ്പോൾ ഷട്ടിൽ 1.15 മീറ്ററോ (3.8 അടി) അതിന് താഴെയോ പിടിച്ചിരിക്കണമെന്നാണ് പരിഷ്കാരം. സെർവ് ചെയ്യാനായി അടിക്കുന്ന അവസരത്തിൽ ഷട്ടിൽ കളിക്കാരന്റെ അരക്കു താഴെയായിരിക്കണമെന്നാണ് നിലവിലെ ചട്ടം.
പി.വി സിന്ധുവിനെ പോലെ നീളം കൂടിയ കളിക്കാർക്ക് വലിയ തിരിച്ചടിയാണ് ഈ പരിഷ്കാരം. സിന്ധുവിനെ പോലെ വ്ലാദിമിർ ഇവാനോവ്, മാഡ്സ് പീറ്റർ തുടങ്ങിയ കളിക്കാരും ബുദ്ധിമുട്ടും. ഒരൽപം കൂടി താഴ്ത്തി അവർ സെർവ് ചെയ്യേണ്ടി വരും. അതേസമയം ജപ്പാൻ കളിക്കാരികളായ അകാനെ യാമാഗുചി, നൊസോമി ഒകുഹാര തുടങ്ങിയവർക്ക് സെർവിൽ വലിയ മാറ്റം വരുത്തേണ്ടി വരില്ല. അവർ 1.55 മീറ്ററിനടുത്ത് മാത്രം ഉയരമുള്ളവരാണ്. അതേസമയം നിലവിലെ പുരുഷ ലോക ചാമ്പ്യൻ വിക്ടർ ആക്സൽസന് 1.94 മീറ്റർ ഉയരമുണ്ട്. ലോക രണ്ടാം നമ്പർ ലീ ചോംഗ് വെയ്ക്ക് 1.72 മീറ്ററും. ഇഴഞ്ഞ് സെർവ് ചെയ്യുന്ന വീഡിയൊ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് പുതിയ രീതിയെ ആക്സൽസൻ പരിഹസിച്ചിട്ടുണ്ട്. ഓൾ ഇംഗ്ലണ്ട് പോലുള്ള പ്രധാന ടൂർണമെന്റിനെ പരിഷ്കാരം പരീക്ഷിക്കാനുള്ള വേദിയാക്കിയതിനെ ലീ ചോംഗ് ചോദ്യം ചെയ്തു. സെർവീസ് തെറ്റിയാൽ അമ്പയറോട് കാണിച്ചുതരാൻ ആവശ്യപ്പെടുമെന്ന് ലീ ചോംഗ് രോഷം കൊണ്ടു.
സ്കോറിംഗ് രീതി
ഇപ്പോൾ ബെസ്റ്റ് ഓഫ് ത്രീ രീതിയിലാണ് മത്സരങ്ങളിൽ വിജയിയെ നിശ്ചയിക്കുന്നത്. അത് ബെസ്റ്റ് ഓഫ് ഫൈവ് ആക്കണമെന്നാണ് ശുപാർശ. ഓരോ ഗെയിമും 21 പോയന്റിൽ നിശ്ചയിക്കപ്പെടുന്ന രീതിയിൽനിന്ന് 11 പോയന്റായി കുറക്കണമെന്നും നിർദേശമുണ്ട്.
ബാഡ്മിന്റണിനെ ജനപ്രിയമാക്കാനും സംപ്രേഷണത്തിന് കൂടുതൽ സജ്ജമാക്കാനും ഇത് ആവശ്യമാണെന്നാണ് ബി.ഡബ്ല്യു.എഫ് കരുതുന്നത്. എന്നാൽ ബാഡ്മിന്റൺ അതിവേഗ ഗെയിമാണെന്നും ഇടക്ക് വിശ്രമമില്ലെങ്കിൽ ശ്വാസം കിട്ടാത്ത അവസ്ഥയുണ്ടാവുമെന്നും പ്രണോയ് ചൂണ്ടിക്കാട്ടുന്നു. 21 പോയന്റാവുമ്പോൾ കളിക്കാർക്ക് തിരിച്ചുവരാനുള്ള സാധ്യത ഏറെയാണ്. എല്ലായ്പോഴും തുടക്കം നന്നാവണമെന്നില്ല. പരിഷ്കാരം നടപ്പാവുന്നതോടെ അത്ര നിലവാരമില്ലാത്ത കളിക്കാർ വിജയം നേടുന്ന അവസ്ഥയുണ്ടാവുമെന്നാണ് പ്രണോയ് കരുതുന്നത്.
കോർടിലെ കോച്ചിംഗ്
കോർടിലെ കോച്ചിംഗ് തടയണമെന്നാണ് പുതിയ നിർദേശം. ഓരോ ഗെയിമിലും 11 പോയന്റാവുമ്പോൾ കളിക്കാർക്ക് വിശ്രമവും ഈ സമയത്ത് കോച്ചിന്റെ ഉപദേശം സ്വീകരിക്കാനുള്ള അവസരവും ഇപ്പോഴുണ്ട്. അത് റദ്ദാക്കാനാണ് തീരുമാനം.
കോർടിൽ കോച്ചിംഗ് ആവാമെന്ന നിബന്ധന കൊണ്ടുവന്നത് ഏതാനും വർഷം മുമ്പാണ്. ഇപ്പോൾ അത് നിർത്തൽ ചെയ്തിരിക്കുന്നു. ആദ്യ പരിഷ്കാരം കൊണ്ടുവന്നതിന്റെയും ഇപ്പോൾ അത് ഇല്ലാതാക്കിയതിന്റെയും യുക്തി മനസ്സിലായിട്ടില്ലെന്ന് ഇന്ത്യൻ കോച്ച് പി. ഗോപിചന്ദ് പറഞ്ഞു. കോർടിലെ കോച്ചിംഗ് ബാഡ്മിന്റണിനെ വേറിട്ടു നിർത്തുന്നുവെന്നും എന്താണ് കളിക്കാരും കോച്ചും ചർച്ച ചെയ്യുന്നതെന്ന കാര്യം പ്രേക്ഷകർക്കു കൂടി മനസ്സിലാക്കാനാവുമെങ്കിൽ അത് താൽപര്യജനകമാവുമെന്നും ഡെന്മാർക്ക് ചീഫ് കോച്ച് കെന്നത് യോനാസൻ കരുതുന്നു.
നിർബന്ധ പങ്കാളിത്തം
ഈ വർഷം തുടക്കത്തിൽ നിലവിൽ വന്ന മറ്റൊരു പരിഷ്കാരമാണ് പുരുഷ, വനിതാ വിഭാഗങ്ങളിലെ 15 മുൻനിര കളിക്കാർ നിർബന്ധമായും ഒരു സീസണിൽ 12 ടൂർണമെന്റുകളെങ്കിലും കളിച്ചിരിക്കണമെന്നത്. ഒളിംപിക്സും ഏഷ്യൻ ഗെയിംസും കൂടാതെയാണ് ഇത്. മുൻനിര കളിക്കാർക്ക് വിശ്രമമില്ലാത്ത അവസ്ഥയാണ് ഇത് സൃഷ്ടിക്കുക.
ഈ നിർബന്ധിതാവസ്ഥ കാരണം പരിക്കുമായാണ് മലയാളി താരം എച്ച്.എസ് പ്രണോയ് ഇന്ത്യൻ ഓപണിൽ കളിച്ചത്. ബി.ഡബ്ല്യു.എഫ് മത്സരക്രമം തിരക്കേറിയതാണെന്നും എല്ലാ ടൂർണമെന്റുകളിലും കളിക്കാൻ നിർബന്ധിക്കുന്നത് ന്യായമല്ലെന്നും സയ്ന നേവാൾ പറഞ്ഞു. എന്നെപ്പോലുള്ള കളിക്കാർക്ക് കായികക്ഷമത വീണ്ടെടുക്കാൻ അൽപം ഇടവേള വേണം. തുടർച്ചയായ ടൂർണമെന്റുകളിൽ കളിക്കാനാവില്ല. എല്ലാ കളിക്കാർക്കും ഇത് വെല്ലുവിളിയാവും -സയ്ന ചൂണ്ടിക്കാട്ടി.






