എയര്‍ ഇന്ത്യ തകര്‍ച്ചയുടെ കാരണങ്ങള്‍ വിശദീകരിച്ച് മന്ത്രി സിന്ധ്യ

ന്യൂദല്‍ഹി- എയര്‍ ഇന്ത്യയുടെയും ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെയും ലയനവും 111 പുതിയ വിമാനങ്ങള്‍ വാങ്ങാനുള്ള  തീരുമാനവുമാണ് ദേശീയ വിമാന കമ്പനിയുടെ തകര്‍ച്ചയ്ക്ക് കാരണമായതെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.

പുതിയ വിമാനങ്ങള്‍ വാങ്ങുന്നതിനൊപ്പം രണ്ട് ദേശീയ വിമാനക്കമ്പനികളുടെ ലയനവും ഉഭയകക്ഷി അവകാശങ്ങളുടെ ഉദാരവല്‍ക്കരണവുമാണ് എയര്‍ ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് കാരണമെന്ന് സിന്ധ്യ ലോക്‌സഭയില്‍ പറഞ്ഞു.

ലാഭത്തിലായിരുന്ന ഇന്ത്യയുടെ മുന്‍നിര വിമാനക്കമ്പനി എങ്ങനെ നഷ്ടമുണ്ടാക്കുന്ന സ്ഥാപനമായി മാറിയെന്ന് മന്ത്രി വിശദീകരിച്ചു.

2005ന് മുമ്പ്, എയര്‍ ഇന്ത്യ പ്രതിവര്‍ഷം 15 കോടി രൂപയും ഇന്ത്യന്‍ എയര്‍ലൈന്‍സ് 50 കോടി രൂപയും ലാഭം നേടിയിരുന്നു. ഏകദേശം 55,000 കോടി രൂപ ചെലവില്‍ 111 വിമാനങ്ങള്‍ വാങ്ങാന്‍ ഈ എയര്‍ലൈനുകള്‍ തീരുമാനമെടുത്തതാണ് ദേശീയ വിമാനക്കമ്പനിയെ കടക്കെണിയിലേക്ക് തള്ളിവിട്ടത്- സിന്ധ്യ ചൂണ്ടിക്കാട്ടി.

ഉഭയകക്ഷി അവകാശങ്ങളുടെ ഉദാരവല്‍ക്കരണം, ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് അത് നിറവേറ്റാനുള്ള ശേഷി ഇല്ലാതിരിക്കെ വിമാനക്കമ്പനിക്ക് പ്രതിദിനം 20 കോടി രൂപയുടെ നഷ്ടമുണ്ടാക്കി. മൊത്തം കടം പിന്നെയും വര്‍ധിച്ച്
2.5 ലക്ഷം കോടിയിലെത്തി.
ഈ കാരണങ്ങളെല്ലാം വിമാന കമ്പനിയെ മുന്നോട്ടു കൊണ്ടുപോകുന്നത് അസാധ്യമാക്കി. തുടര്‍ന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍  വിറ്റഴിക്കാനുള്ള തീരുമാനമെടുത്തത്.

വിമാന കമ്പനിയിലെ ജീവനക്കാരെ സംരക്ഷിക്കുന്നതിനായി, ടാറ്റയുമായുള്ള കരാറില്‍ ആദ്യ വര്‍ഷത്തില്‍ പിരിച്ചുവിടല്‍ ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയിരുന്നു. ആദ്യ വര്‍ഷത്തിനുശേഷം, ജീവനക്കാര്‍ക്ക് മെഡിക്കല്‍ ആനുകൂല്യങ്ങള്‍ തുടരുന്നതോടൊപ്പം   സ്വമേധയാ വിരമിക്കല്‍ പദ്ധതികള്‍ നടപ്പിലാക്കും-മന്ത്രി പറഞ്ഞു.

 

Latest News