- പൗരാവകാശങ്ങൾ ഉറപ്പാക്കുന്നതിന് നൽകിയ ശുപാർശകളിൽ പകുതിയും നടപ്പാക്കിയെന്ന് മെറ്റ
പൗരാവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കൂടുതൽ നടപടികൾ സ്വീകരിച്ചതായി ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റ പ്ലാറ്റ്ഫോംസ് അവകാശപ്പെട്ടു. പൗരാവകാശ ഓഡിറ്റിംഗിന്റെ ഫലമായി ശുപാർശ ചെയ്ത നടപടികളിൽ പകുതിയിലധികം പൂർത്തിയാക്കിയെന്നാണ് കമ്പനിയുടെ പൗരാവകാശ വൈസ് പ്രസിഡന്റ് റോയ് ഓസ്റ്റിൻ വ്യക്തമാക്കിയത്.
ഏകദേശം രണ്ട് വർഷമെടുത്ത് പൂർത്തിയാക്കിയ ഓഡിറ്റിംഗിലാണ് റോയ് ഓസ്റ്റിന്റെ തസ്തിക സൃഷ്ടിക്കുന്നത് ഉൾപ്പെടെ 117 ശുപാർശകൾ നൽകിയിരുന്നത്. പൗരാവകാശ മുൻഗണനകൾ തിരിച്ചറിയുന്നതിനും ഇനി പുറത്തിറക്കുന്ന ഉൽപന്നങ്ങളിലും നയങ്ങളിലും പൗരാവകാശ പ്രത്യാഘാതങ്ങൾ വിലയിരുത്തുന്നതിനും ആശങ്കകൾ കമ്പനി നേതൃത്വത്തെ അറിയിക്കുന്നതിനും പൗരാവകാശ വൈസ് പ്രസിഡന്റിനു ബാധ്യതയുണ്ട്.
കമ്പനികളുടെ പരസ്യ കാര്യത്തിലോ ആശയ വിനിമയത്തിലോ ഒരു വിദഗ്ധൻ എന്നതു പോലെ പൗരാവകാശ നിയമം മനസ്സിലാക്കുന്ന ഒരാൾ ഉണ്ടായിരിക്കണമെന്നും അപകടങ്ങളെക്കുറിച്ച് ചിന്തിക്കുന്ന ഒരാൾ എപ്പോഴും ഉണർന്നിരിക്കേണ്ടത് അത്യാവശ്യമാണെന്നും ഡെപ്യൂട്ടി ജനറൽ കൗൺസൽ കൂടിയായ ഓസ്റ്റിൻ പറഞ്ഞു.
2021 ജനുവരിയിൽ ഫേസ്ബുക്കിന്റെ മാതൃ കമ്പനിയിൽ ചേർന്നതു മുതൽ വോട്ടിംഗ്, സിവിക് എൻഗേജ്മെന്റ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിൽ മെറ്റയുടെ പ്രവർത്തനങ്ങൾക്കായി നിർദേശങ്ങളും ശുപാർശകളും നൽകുന്നതിനായി 11 പേരടങ്ങുന്ന സമിതിയെ ഓസ്റ്റിൻ നിയമിച്ചിരുന്നു. വിദ്വേഷ പ്രസംഗം, വിവേചനപരമായ പരസ്യ നയങ്ങൾ എന്നിവ നിയന്ത്രിക്കാൻ വേണ്ടത്ര നടപടിയെടുക്കുന്നില്ലെന്ന് ഫേസ്ബുക്ക് നേരത്തെ വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു.
ചില കാര്യങ്ങളിൽ ഫേസ്ബുക്ക് സ്വീകരിച്ച നടപടികൾ സ്വീകാര്യമാണെന്ന് പറഞ്ഞുവെങ്കിലും 2020 ജൂലൈയിൽ നടത്തിയ ഓഡിറ്റിംഗിൽ തെരഞ്ഞെടുപ്പ് വേളയിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിലും വോട്ടർമാരെ സ്വീകരിക്കുന്നതിലും അമരിക്കൻ സിവിൽ ലിബർട്ടീസ് യൂനിയൻ നേതാവ് ലോറ മർഫിയുടെ നേതൃത്വത്തിലുള്ള ഓഡിറ്റർമാർ ആശങ്കകൾ അറിയിച്ചിരുന്നു. ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതു മുതൽ, കളർ ഓഫ് ചേഞ്ച് പോലുള്ള ഗ്രൂപ്പുകൾ വിവേചനം വിലയിരുത്തുന്നതിന് ഓഡിറ്റ് നടത്താൻ ടെക് കമ്പനികളിൽ സമ്മർദം ചെലുത്തി വരികയാണ്. ഫേസ്ബുക്കിനും മാതൃ കമ്പനിയായ മെറ്റക്കും എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന ശുപാർശകളാണ് ഓഡിറ്റിംഗിൽ നൽകിയിരുന്നത്. ഈ നിർദേശങ്ങളിലൂടെ പൗരാവകാശങ്ങൾ സംബന്ധിച്ച നടപടികൾക്ക് അടിസ്ഥാനമായെങ്കിലും കമ്പനിയിൽ പ്രശ്നങ്ങൾ അവലോകനം ചെയ്യാനും യഥാസമയം നടപടികൾക്ക് പ്രേരിപ്പിക്കുന്നതിനും ആഭ്യന്തര സമിതിയുണ്ടാകുന്നത് മികച്ച ഫലങ്ങൾ സൃഷ്ടിക്കുമെന്നാണ് റോയ് ഓസ്റ്റിൻ വ്യക്തമാക്കുന്നത്.
കോടിക്കണക്കിന് ഉപയോക്താക്കളുടെ ജീവിതത്തിൽ ഫേസ്ബുക്ക് വഹിക്കുന്ന പങ്ക് മനസ്സിലാക്കിയാണ് താൻ പുതിയ സ്ഥാനം സ്വീകരിച്ചതെന്ന് നേരത്തെ പൗരാവകാശ നിയമങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ഓസ്റ്റിൻ അവകാശപ്പെടുന്നു. സാമൂഹിക മാധ്യമങ്ങളുടെ ആഘാതങ്ങൾ മനസ്സിലാക്കുന്നതിന് കൂടുതൽ ശ്രമങ്ങൾ അനിവാര്യമാണന്നും ദുർബല സമൂഹങ്ങളുടെ സോഷ്യൽ മീഡിയ അനുഭവങ്ങൾ നന്നായി മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു ടൂൾ വികസിപ്പിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






