പട്‌ന-ബി.ജെ.പിക്കെതിരെ കലാപക്കൊടി ഉയര്‍ത്തി രംഗത്തുവന്നിരുന്ന ബിഹാര്‍ മന്ത്രി മുകേഷ് സഹാനിക്ക് കനത്ത തിരിച്ചടി നല്‍കി അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്ന മൂന്ന് എം.എല്‍.എമാരും ബി.ജെ.പിയിലേക്ക് കൂറുമാറി. മുകേഷ് സഹാനിയുടെ വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയുടെ (വിഐപി) ടിക്കറ്റില്‍ തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരാണ് പാര്‍ട്ടി മാറിയത്.
ബി.ജെ.പിയുമായുള്ള സഹാനിയുടെ ഏറ്റുമുട്ടല്‍ ആത്മഹത്യാ പരമാണെന്നും തങ്ങള്‍ തറവാട്ടിലേക്ക് മടങ്ങുന്നുവെന്നുമാണ് ബി.ജെ.പിയിലേക്ക് ചേക്കേറിയ എം.എല്‍.എമര്‍ പറഞ്ഞത്.
2020 ല്‍ വിഐപി സ്ഥാനാര്‍ഥികളായി വിജയിച്ച സ്വര്‍ണ സിംഗ്, മിശ്രി ലാല്‍ യാദവ്, രാജു കുമാര്‍ സിംഗ് എന്നിവര്‍ സ്പീക്കര്‍ വിജയ് കുമാര്‍ സിന്‍ഹയെ കണ്ട് ബിജെപിയില്‍ ലയിക്കുന്ന കാര്യം അറിയിക്കുകയായിരുന്നു. ഇതിനു പിന്നാലെ സ്പീക്കര്‍ ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതോടെ നിയമസഭയില്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. പാര്‍ട്ടിക്ക് ഇപ്പോള്‍ 77 എംഎല്‍എമാരുണ്ട്.
പാര്‍ട്ടി എംഎല്‍എ ആയിരുന്ന മുസാഫിര്‍ പാസ്വാന്റെ മരണത്തെത്തുടര്‍ന്ന് ഒഴിവുവന്ന ബൊച്ചഹാന്‍ അസംബ്ലി സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഗീതാ ദേവിയുടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന തിരക്കിലായിരുന്നു സഹാനി.
ബിജെപിയുടെ ബേബി കുമാരി, അന്തരിച്ച മുസാഫിര്‍ പാസ്വാന്റെ മകന്‍ അമര്‍ പാസ്വാന്‍ ആര്‍ജെഡി ടിക്കറ്റിലും പത്രിക നല്‍കി. വിഐപിയിലെ കലാപം മനസ്സിലാക്കിയാണ് അമര്‍ പാസ്വാന്‍ ആര്‍ജെഡിയില്‍ അഭയം തേടിയത്.