Sorry, you need to enable JavaScript to visit this website.

ബിനാമി കേസ് പ്രതികൾക്ക് മൂന്നര ലക്ഷം റിയാൽ പിഴ

ജിദ്ദ - ബിനാമി ബിസിനസ് കേസിൽ കുറ്റക്കാരായ സൗദി പൗരനെയും സൗദി വനിതയെയും സിറിയക്കാരനെയും ജിദ്ദ ക്രിമിനൽ കോടതി ശിക്ഷിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. ജിദ്ദയിൽ കോൺട്രാക്ടിംഗ് മേഖലയിൽ ബിനാമി സ്ഥാപനങ്ങൾ നടത്തിയ സിറിയക്കാരൻ മാഹിർ ബിൻ ഖാസിം അൽകബീർ, രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് സ്വന്തം നിലക്ക് സ്ഥാപനങ്ങൾ നടത്താൻ സിറിയക്കാരന് കൂട്ടുനിന്ന സൗദി പൗരൻ സമീർ ബിൻ മുഹമ്മദ് ബിൻ അബ്ദുല്ല അൽഉഖൈൽ, സൗദി വനിത ലുലു ബിൻത് മുഹമ്മദ് ബിൻ ജുനൈദി മുഹമ്മദ് എന്നിവർക്ക് കോടതി മൂന്നര ലക്ഷം റിയാൽ പിഴ ചുമത്തി. 
സൗദി പൗരനെയും സിറിയക്കാരനെയും കോടതി മൂന്നു മാസം വീതം തടവിന് ശിക്ഷിച്ചു. ബിനാമി സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും ലൈസൻസും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനും റദ്ദാക്കാനും കോടതി വിധിച്ചു. ഇതേ മേഖലയിൽ പുതിയ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിൽ നിന്ന് സൗദി പൗരനും സൗദി വനിതക്കും വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്. നിയമാനുസൃത സക്കാത്തും നികുതികളും ഫീസുകളും നിയമ ലംഘകരിൽ നിന്ന് ഈടാക്കാനും കോടതി ഉത്തരവിട്ടു.
ശിക്ഷ പൂർത്തിയാക്കിയ ശേഷം സിറിയക്കാരനെ സൗദിയിൽ നിന്ന് നാടുകടത്താനും പുതിയ തൊഴിൽ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്താനും വിധിയുണ്ട്. സൗദി പൗരന്റെയും സൗദി വനിതയുടെയും സിറിയക്കാരന്റെയും പേരുവിവരങ്ങളും ഇവർ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും മൂവരുടെയും ചെലവിൽ പ്രാദേശിക പത്രത്തിൽ പരസ്യം ചെയ്യാനും കോടതി ഉത്തരവിട്ടു. 
നിയമ പ്രകാരം സൗദി പൗരന്റെയും സൗദി വനിതയുടെയും ഉടമസ്ഥതയിലുള്ള കോൺട്രാക്ടിംഗ് സ്ഥാപനങ്ങളാണ് സിറിയക്കാരൻ ബിനാമിയായി നടത്തിയത്. വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ സ്ഥാപനങ്ങൾ ബിനാമിയാണെന്ന് സ്ഥിരീകരിക്കുന്ന തെളിവുകൾ കണ്ടെത്തുകയായിരുന്നു. സ്ഥാപനങ്ങളുടെ നടത്തിപ്പ് ചുമതല പൂർണമായും സ്വന്തം നിലക്ക് വഹിച്ചിരുന്ന സിറിയക്കാരൻ തന്നെയാണ് ഉപയോക്താക്കളുമായി കരാറുകൾ ഒപ്പുവെച്ചിരുന്നതും. വൻതുകയുടെ സാമ്പത്തിക ഇടപാടുകളാണ് ഇയാൾ നടത്തിയിരുന്നത്. 
ബിനാമി ബിസിനസിലൂടെ സമ്പാദിക്കുന്ന പണം സിറിയക്കാരൻ വിദേശത്തേക്ക് അയക്കുകയാണ് ചെയ്തിരുന്നത്. ബിനാമി ബിസിനസ് സ്ഥാപനങ്ങൾ നടത്താൻ കൂട്ടുനിൽക്കുന്നതിന് പകരം സൗദി പൗരനും സൗദി വനിതക്കും നിസ്സാര തുകയാണ് സിറിയക്കാരൻ നൽകിയിരുന്നത്. പ്രാഥമികാന്വേഷണം പൂർത്തിയാക്കിയ വാണിജ്യ മന്ത്രാലയം നിയമ ലംഘകർക്കെതിരായ കേസ് പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. 

Latest News