ന്യൂദല്‍ഹി- പങ്കാളിക്കെതിരായ വ്യാജ വിവാഹേതരബന്ധ ആരോപണങ്ങള്‍ക്കെതിരേ ദല്‍ഹി ഹൈക്കോടതി. ദമ്പതികളില്‍ ഒരാള്‍ വ്യാജ വിവാഹേതരബന്ധം ആരോപിക്കുന്നത് മറ്റേയാളുടെ സ്വഭാവഗുണം, സല്‍പ്പേര്, ആരോഗ്യം എന്നിവക്കെതിരെയുള്ള ഗുരുതര ആക്രമണമാണെന്ന് കോടതി പറഞ്ഞു. ആക്ടിങ് ചീഫ് ജസ്റ്റിസ് വിപിന്‍ സംഘി, ദിനേഷ് കുമാര്‍ ശര്‍മ എന്നിവരുടെ ബെഞ്ച് മാര്‍ച്ച് 21-ന് പുറപ്പെടുവിച്ച വിധിപ്രസ്താവത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
വ്യാജ വിവാഹേതരബന്ധ ആരോപണങ്ങള്‍ മാനസികവ്യഥയ്ക്കും കഠിനദുഃഖത്തിനും സങ്കടത്തിനും കാരണമാകും. ഇത് ക്രൂരതയ്ക്ക് തുല്യമാണ്. വിവാഹേതരബന്ധം ഗൗരവമുള്ള ആരോപണമാണ്. തികഞ്ഞ ഗൗരവത്തോടു കൂടി മാത്രമേ ഉന്നയിക്കാവൂ. വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കാനുള്ള പ്രവണതയെ കോടതികള്‍ ചെറുക്കണമെന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു. വിവാഹം പവിത്രമായ ഒരു ബന്ധമാണെന്നും ആരോഗ്യകരമായ സമൂഹത്തിനു വേണ്ടി അതിന്റെ പരിശുദ്ധി പാലിച്ചേ മതിയാകൂവെന്നും കോടതി നിരീക്ഷിച്ചു.
യുവാവിന് ഭാര്യയില്‍നിന്ന് വിവാഹമോചനം അനുവദിച്ച കുടുംബകോടതി വിധി ശരിവെച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം. വിവാഹമോചനം അനുവദിച്ച കുടുംബകോടതി വിധിക്കെതിരേ ഭാര്യയാണ് അപ്പീലുമായി ഹൈക്കോടതിയിലെത്തിയത്. 2014-ലായിരുന്നു ഹര്‍ജിക്കാരിയുടെയും യുവാവിന്റെയും വിവാഹം. ബന്ധത്തില്‍ അസ്വാരസ്യങ്ങളുണ്ടായതിന് പിന്നാലെ ഇരുവരും പിരിഞ്ഞു താമസിക്കാന്‍ തുടങ്ങി. 2019 ജനുവരി 31-ന് ഭാര്യയില്‍നിന്ന് യുവാവിന് വിവാഹമോചനം അനുവദിക്കപ്പെട്ടു.
കുടുംബകോടതി ശരിയായ രീതിയിലാണ് തെളിവുകള്‍ വിലയിരുത്തിയതെന്ന് ഹൈക്കോടതി പറഞ്ഞു. തെളിവില്ലാത്ത ആരോപണങ്ങള്‍, യുവതി ഭര്‍ത്താവിനും ഭര്‍തൃപിതാവിനും നേരെ ഉന്നയിച്ചത് സ്വഭാവഹത്യക്ക് തുല്യമാണെന്ന കുടുംബകോടതിയുടെ കണ്ടെത്തല്‍ ശരിയാണെന്നും ഇത് മാനസികപീഡനമാണമെന്നും കോടതി പറഞ്ഞു. വിചാരണകോടതിയുടെ കണ്ടെത്തല്‍ തെറ്റാണെന്ന് സ്ഥാപിക്കാനുള്ള തെളിവുകളൊന്നും യുവതിക്ക് അപ്പീലിലും സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഹൈക്കോടതി പറഞ്ഞു.






