അനിവാര്യം, ജനാധിപത്യ ഇന്ത്യയുടെ വീണ്ടെടുപ്പ്

ഈയിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങൾ ജനാധിപത്യ - മതേതര വാദികളിൽ കടുത്ത നിരാശക്ക് കാരണമായിട്ടുണ്ടെന്നത് യാഥാർത്ഥ്യമാണ്.  ഇതോടെ ഇന്ത്യ എന്ന ജനാധിപത്യ രാഷ്ട്രം ഇല്ലാതാകുകയും പകരം മതരാഷ്ട്രം സ്ഥാപിക്കപ്പെടുകയും ചെയ്യുമോ, അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പോടെ ഇന്ത്യയിലെ ജനാധിപത്യ പ്രക്രിയ അവസാനിക്കുമോ തുടങ്ങിയ ചോദ്യങ്ങളൊക്കെ ഉയരാനാരംഭിച്ചിട്ടുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നിരീക്ഷകരും സാമൂഹ്യ പ്രവർത്തകരുമൊക്കെ രണ്ടു തട്ടാണ്. രാജ്യം നേരിടുന്നത് കടുത്ത പ്രതിസന്ധിയാണെന്നു പറയുമ്പോഴും ഇന്ത്യൻ ജനാധിപത്യം അതിനെ മറികടക്കുമെന്നു ഒരു വിഭാഗം കരുതുമ്പോൾ മറ്റൊരു വിഭാഗം അത്തരം ശുഭപ്രതീക്ഷ പങ്കുവെക്കുന്നില്ല. 
കഴിഞ്ഞ ദിവസം 'ഇന്ത്യ നമ്മുടേതാണ്' എന്ന വിഷയത്തിൽ മുസ്‌ലിം ലീഗ് തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാറിൽ ഈ രണ്ടഭിപ്രായങ്ങളും ശക്തമായി തന്നെ അവതരിപ്പിക്കപ്പെട്ടു. മുൻ നക്‌സലൈറ്റ് നേതാവും ചിന്തകനുമായ കെ. വേണുവാണ് ആദ്യത്തെ വീക്ഷണം അവതരിപ്പിച്ചതെങ്കിൽ ദളിത് ചിന്തകനും പ്രഭാഷകനുമായ സണ്ണി എം. കപിക്കാടായിരുന്നു രണ്ടാമത്തെ വീക്ഷണം പങ്കുവെച്ചത്. സമകാലികാവസ്ഥയിൽ വളരെ പ്രസക്തമായ ആശയങ്ങളാണ് സെമിനാറിൽ ഇരുവരും അവതരിപ്പിച്ചത്.  ദീർഘകാലത്തെ ചരിത്ര പ്രക്രിയയിലൂടെ രൂപംകൊണ്ട ഇന്ത്യയുടെ മതേതര ജനാധിപത്യ ഘടന  ഒന്നോ അതിലധികമോ തെരഞ്ഞെടുപ്പുകളുടെ ഫലത്തിൽ തകരുന്ന ഒന്നല്ല എന്ന് കെ. വേണു ചൂണ്ടിക്കാട്ടിയപ്പോൾ അത്തരത്തിൽ ജനാധിപത്യത്തിന്റേതായ വലിയ ചരിത്രമൊന്നും ഇന്ത്യക്കില്ലെന്നായിരുന്നു സണ്ണിയുടെ നിലപാട്. 
പ്രധാനമായും രണ്ടു ഭാഷകളും സംസ്‌കാരങ്ങളും മാത്രമുള്ള ശ്രീലങ്കയിൽ എത്രയോ കാലമാണ് ആഭ്യന്തര കലാപവും കൂട്ടക്കൊലകളും നടന്നത്. ലോകത്തെ പല രാജ്യങ്ങളുടെയും അവസ്ഥ വ്യത്യസ്തമല്ല. എന്നാൽ എത്രയോ ഭാഷകളും സംസ്‌കാരങ്ങളും മതങ്ങളും ജാതികളുമെല്ലാം നിലനിൽക്കുന്ന, ബൃഹത്തായ, വലിയ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. ഈ സാമൂഹ്യ വിഭാഗങ്ങളെല്ലാം സങ്കീർണമായി പ്രതിപ്രവർത്തിക്കുമ്പോഴും ഇവിടത്തെ ജനാധിപത്യ പ്രക്രിയ സാമാന്യം ചിട്ടയായി മുന്നോട്ടു പോകുന്നു.  അതു തകർക്കുക അത്ര എളുപ്പമുളള കാര്യമല്ല. ഇന്ത്യൻ ജനാധിപത്യത്തിലെ ഏറ്റവും പ്രധാന ഘടകം മതേതരത്വം തന്നെയാണ്. എല്ലാ മതവിഭാഗങ്ങൾക്കും സമഭാവനയോടെ കഴിയാവുന്ന ഒന്നാണത്. തീർച്ചയായും അതിനെതിരെ നിരന്തരമായി വെല്ലുവിളികൾ ഉണ്ടാകുന്നുണ്ട്. 
ബാലഗംഗാധര തിലകന്റെ നേതൃത്വത്തിൽ കോൺഗ്രസിനെ ഹൈന്ദവ രീതിയിൽ കെട്ടിപ്പടുക്കാനുള്ള നീക്കങ്ങളായിരുന്നു നടന്നിരുന്നത്. തുടർന്നാണ് ഗാന്ധിജി കോൺഗ്രസ് നേതൃത്വത്തിലെത്തുന്നത്. താനൊരു സനാതന ഹിന്ദുവാണെന്നു പറയുമ്പോഴും ഹിന്ദു - മുസ്‌ലിം -  സിക്ക്് സാഹോദര്യത്തിന്റെ പ്രചാരകനായിരുന്നു അദ്ദേഹം. മതസൗഹാർദത്തിൽ അധിഷ്ഠിതമായിരുന്നു അദ്ദേഹത്തിന്റെ ദേശീയതാ സങ്കൽപം.  അപ്പോഴും ഹെഡ്ഗെവാറിന്റെ നേതൃത്വത്തിൽ കോൺഗ്രസിനെ ഹിന്ദുത്വ പാർട്ടിയാക്കാൻ ശ്രമം നടന്നിരുന്നു. എന്നാൽ ഗാന്ധിജിയെ മറികടക്കാനുള്ള കരുത്ത് അവർക്കുണ്ടായിരുന്നില്ല. അതിനാൽ തന്നെ ആ വിഭാഗം പുറത്തു പോയി ആർ.എസ്.എസിനു രൂപം കൊടുക്കുകയായിരുന്നു. ഗാന്ധിജിയുടെ നേതൃത്വത്തിൽ അന്നു രൂപംകൊണ്ട ജനാധിപത്യ  മതേതര സമീപനമാണ് വാസ്തവത്തിൽ ഇന്ത്യയുടെ രാഷ്ട്രീയ അടിത്തറ. അതിനോടു കൂടി നെഹ്റുവിന്റെയും അംബേദ്കറുടെയും ആധുനിക രാഷ്ട്ര  ജനാധിപത്യ സങ്കൽപങ്ങളും ഉൾച്ചേർന്നതോടെയാണ് ഈ പ്രക്രിയ ശക്തമായത് എന്നു ചൂണ്ടിക്കാട്ടിയ വേണു  ബാബ്‌രി മസ്ജിദുമായി ബന്ധപ്പെട്ടുണ്ടായ സംഭവ വികാസങ്ങളോടെ ഇതിനെതിരായി ഉയർന്ന വെല്ലുവിളികളെയും പരാമർശിച്ചു. ബാബ്‌രി മസ്ജിദ് പൊളിച്ചിട്ടു പോലും ബി.ജെ.പി ഉയർത്തിയ ഹിന്ദുത്വ രാഷ്ട്രീയത്തെ ലോഹ്യയുടെയും അംബേദ്കറിന്റെയും രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന എസ്.പിയും ബി.എസ്.പിയും ചേർന്നു പ്രതിരോധിച്ച ചരിത്രം അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോൾ പ്രതിപക്ഷ കക്ഷികൾക്ക് ക്ഷീണമുണ്ടെങ്കിലും 35-36 ശതമാനം വോട്ടുകളേ ബി.ജെ.പിക്കുള്ളൂ. ഭൂരിപക്ഷം വോട്ടുകൾ കിട്ടാതെ അധികാരത്തിലെത്താനാകുന്നത് ഇന്ത്യൻ ജനാധിപത്യത്തിന്റെ ദൗർബല്യമാണ്. പല യൂറോപ്യൻ രാജ്യങ്ങളും ഇത്തരമവസ്ഥയെ മറികടക്കാനുള്ള സംവിധാനമുണ്ടാക്കിയിട്ടുണ്ട്. ഭൂരിപക്ഷം എതിരായിട്ടും ഭരിക്കാനാവുന്ന സംവിധാനം ഇവിടെയും തിരുത്തണം. 
ഹിന്ദു സ്വരാജിൽ ഗാന്ധിജി പറയുന്നത് സഹസ്രാബ്ദങ്ങളായി ഏകോദര സഹോദരങ്ങളെ പോലെ മനുഷ്യർ ജീവിക്കുന്ന നാടാണ് ഇന്ത്യ എന്നാണ്. സത്യമന്താണ്? ജാതികളാലും ഗോത്രങ്ങളാലും കീറിമുറിഞ്ഞ നാടായിരുന്നു ഇന്ത്യ. സന്തോഷകരമായ ജീവിതത്തിനു മാതൃകയായി ഇന്ത്യൻ ഗ്രാമങ്ങളെയും ഗാന്ധി കണ്ടു. പരസ്യമായ അടിമച്ചന്തകൾ പോലും നിലനിന്നിരുന്ന രാജ്യത്തെ കുറിച്ചാണ് ഗാന്ധിജി ഇതു പറഞ്ഞത്. മനുഷ്യർക്ക് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ പോലും കഴിയാത്ത പ്രദേശം. ഇന്ത്യക്ക് ജനാധിപത്യം എന്ന പദം തന്നെ അപരിചിതമായിരുന്നു. അപരന്റെ അവകാശം അംഗീകരിച്ച ഇന്ത്യ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. അപരന്റെ അവകാശം ഹനിക്കാനുള്ള അവകാശം തനിക്കുണ്ടെന്നു മാത്രമല്ല, അതുണ്ടെന്ന് അവകാശം നിഷേധിക്കപ്പെടുന്നവരും വിശ്വസിക്കുന്നതായിരുന്നു ഇന്ത്യ. അപരന്റെ അവകാശത്തെ കുറിച്ചുള്ള ബോധമാണ് വാസ്തവത്തിൽ ജനാധിപത്യത്തിന്റെ അടിത്തറ. 
ചരിത്രം പരിശോധിച്ചാൽ ഇന്ത്യയെ ജനാധിപത്യവൽക്കരിച്ചത് ദളിത്, മുസ്‌ലിം, ആദിവാസി, പിന്നോക്ക വിഭാഗങ്ങളുടെ പോരാട്ടങ്ങളാണ്. 
ജനാധിപത്യ ഇന്ത്യയെ നമുക്ക്് വീണ്ടെടുക്കണം. ഭാവിയെ കുറിച്ചുള്ള നിലപാടിൽ വ്യത്യസ്തതകളുണ്ടെങ്കിലും ബഹുസ്വരമായ ഇന്ത്യയെ സംരക്ഷിക്കാനുള്ള പോരാട്ടങ്ങളുടെ പ്രസക്തിയാണ് ഇവിടെ വെളിവാകുന്നത്. അക്കാര്യത്തിൽ ജനാധിപത്യ - മതേതരവാദികൾക്കൊന്നും ഭിന്നതകൾ ഉണ്ടാകാനിടയില്ല. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പുള്ള ചെറിയ കാലഘട്ടം അതിനാൽ തന്നെ വളരെ നിർണായകമാണ്. ഇന്ത്യ നമ്മുടേതാണ്, അത് നമ്മുടേതായി തന്നെ സംരക്ഷിക്കും എന്ന രാഷ്ട്രീയ പ്രതിജ്ഞയാണ് കാലം ആവശ്യപ്പെടുന്നത്. 

Latest News