Sorry, you need to enable JavaScript to visit this website.

നോട്ടീസ് പ്രചാരണം തിരിച്ചുവരുമ്പോൾ

ജീപ്പിലും കാറിലും ഉച്ചഭാഷണികളിലൂടെ പുതിയ സിനിമയുടെ റിലീസിങ് തീയതി അറിയിച്ചുകൊണ്ടുള്ള ഒരു കാലമുണ്ടായിരുന്നു. വഴിനീളെ നോട്ടീസ് വാഹനങ്ങളിൽ നിന്നെറിഞ്ഞു കൊടുത്ത് അത് പെറുക്കിയെടുക്കാൻ ഓടിക്കൂടുന്ന കുട്ടികളും ജനങ്ങളും. മൂന്ന് പതിറ്റാണ്ട് മുമ്പത്തെ ഒരു കാഴ്ചയായിരുന്നു ഇത്.
നയന മനോഹരമായ വെള്ളിത്തിരയിൽ വെള്ളിയാഴ്ച പ്രദർശനമാരംഭിക്കുന്നു... സൂപ്പർ താരങ്ങൾ അണിനിരക്കുന്ന കുടുംബ ചിത്രം... എന്നും മറ്റും ഉച്ചഭാഷിണിയിലൂടെ ഒഴുകിയെത്തുന്ന ശബ്ദം. പിന്നീടത് നിലച്ചു. വീണ്ടും വർഷങ്ങൾക്ക് ശേഷമിതാ ഒരു സിനിമക്ക് വേണ്ടി ഉച്ചഭാഷിണിയുമായി വാഹനങ്ങൾ പ്രചാരണത്തിനായി രംഗത്തിറങ്ങിയിരിക്കുന്നു. പൊന്നാനി സ്വദേശിയും അക്ബർ ട്രാവൽസ് എം.ഡിയുമായ കെ.വി. അബ്ദുൾ നാസർ നിർമിക്കുന്ന ബെൻസി പ്രൊഡക്ഷൻസിന്റെ 'ഒരുത്തി' എന്ന സിനിമക്ക് വേണ്ടിയാണ് ഉച്ച ഭാഷിണിയുമായി വാഹനങ്ങൾ നഗരങ്ങളിലും ഗ്രാമങ്ങളിലും ഓടിത്തുടങ്ങിയത്. നീണ്ട ഇടവേളക്ക് ശേഷം നവ്യ നായർ നായികയായി അഭിനയിച്ച ചിത്രത്തിന്റെ സംവിധാനം വി.കെ. പ്രകാശ്. സൈജു കുറുപ്പ്, കെ.പി.എ.സി ലളിത, വിനായകൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ. മാർച്ച് 18 നാണ് ഒരുത്തി കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്.
ഇടവഴികളിലൂടെയും ചെമ്മൺ പാതകളിലൂടെയും ബോക്‌സ് കെട്ടിയ വാഹനം അനൗൺസുമായി കടന്നു വന്നപ്പോൾ പൊയ്‌പോയ കാലഘട്ടത്തിലേക്കുള്ള തിരിച്ചു നടത്തമായി. ഗ്രാമപ്രദേശത്തെ ഒരാളെ അനൗൺസ്‌മെന്റിനയി ചുമതലപ്പെടുത്തിയാൽ സിനിമകൾ മാറി വരുമ്പോൾ അത് ആരാധകരെ ഉച്ചഭാഷിണിയിലൂടെ അറിയിച്ചിരുന്നത് ഇന്നും കർണങ്ങളിൽ മുഴങ്ങുന്ന പോലെയാണ്. 
കോവിഡിനു ശേഷം തിയേറ്ററുകൾ തുറന്നതോടെ സിനിമാ കമ്പക്കാരെ വീണ്ടും അടുപ്പിക്കാൻ പഴയ തന്ത്രമേ ഫലിക്കൂ എന്നതിനാലാണ് ഉച്ചഭാഷിണി കെട്ടിയ വാഹനത്തിന്റെ രംഗപ്രവേശം.

Latest News