Sorry, you need to enable JavaScript to visit this website.

തീയിൽ കുരുത്തവൾ

രഞ്ജിത് സംവിധാനം ചെയ്ത നന്ദനത്തിലെ ബാലാമണിയായി പ്രേക്ഷക ഹൃദയത്തിൽ ചേക്കേറിയ നവ്യാ നായർ രണ്ടു പതിറ്റാണ്ടുകൾക്കു ശേഷം രാധാമണിയായി വീണ്ടും പ്രേക്ഷകർക്കു മുന്നിലെത്തിയിരിക്കുകയാണ്. വി.കെ. പ്രകാശ് സംവിധാനം ചെയ്ത ഒരുത്തി എന്ന ചിത്രത്തിൽ പ്രതികൂല സാഹചര്യങ്ങളോട് പോരടിച്ച് മുന്നേറുന്ന രാധാമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട്. നന്ദനത്തിലെ ബാലമണിയെപ്പോലെ ഏതു കാര്യത്തിനും ദൈവത്തെ കൂട്ടുപിടിക്കുന്ന സ്ത്രീയല്ല. മറിച്ച് ഏതൊരു സാഹചര്യത്തെയും നേരിടാനുള്ള തീ മനസ്സിൽ സൂക്ഷിക്കുന്നവളാണ് രാധാമണി. സാഹചര്യമാണ് അവളുടെ മനസ്സിന് അഗ്‌നിയുടെ കരുത്ത് നൽകുന്നത്. ആ കരുത്തിൽ അവൾ പ്രതിസന്ധികളെ പൊരുതിത്തോൽപിക്കുകയാണ്.
കേരള വാട്ടർ ട്രാൻസ്‌പോർട്ടിന്റെ ബോട്ടിൽ ടിക്കറ്റ് കലക്ടറാണ് രാധാമണി. ഭർത്താവ് ശ്രീകുമാർ ഗൾഫിൽ ഗ്രാഫിക് ഡിസൈനറാണ്. രണ്ടു മക്കളുടെ അമ്മയായ രാധാമണിക്ക് സാമ്പത്തിക പ്രതിസന്ധികളുണ്ടെങ്കിലും സമാധാനപൂർണമായ ജീവിതമാണ് നയിക്കുന്നത്. സ്വന്തമായ ഒരു വീടെന്ന സ്വപ്‌നവും അവർ മനസ്സിൽ സൂക്ഷിക്കുന്നുണ്ട്. ഇതിനിടയിലാണ് ഭർത്താവിന് ഗൾഫിലുള്ള ജോലി നഷ്ടമാകുന്നത്. അവിടെത്തന്നെ മറ്റൊരു ജോലി സംഘടിപ്പിക്കാനുള്ള ഓട്ടത്തിലായിരുന്നു അദ്ദേഹം. വിധിവൈപരീത്യമെന്നു പറയട്ടെ, മകൾക്ക് സംഭവിക്കുന്ന ഒരു ചെറിയ അപകടം രാധാമണിയെ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. ഇത് പരിഹരിക്കാനുള്ള ശ്രമത്തിൽ അവർ എത്തിപ്പെടുന്നതാകട്ടെ വലിയൊരു ചതിയിലും. അതിൽനിന്നും പുറത്തു കടക്കാനുള്ള ശ്രമം അവളെ കൂടുതൽ പ്രതിസന്ധികളിലേക്കാണ് എത്തിക്കുന്നത്. ജനാധിപത്യം വിൽപനച്ചരക്കാകുന്നതും സാധാരണക്കാരന് നീതി നിഷേധിക്കപ്പെടുന്നതുമെല്ലാം അവൾ നേരിട്ട് അറിയുകയായിരുന്നു.
പത്തു വർഷത്തെ ഇടവേളക്കു ശേഷം വീണ്ടും ക്യാമറക്കു മുന്നിലെത്തുകയാണ് നവ്യാ നായർ. രാധാമണിയുടെ ജീവിത സംഘർഷങ്ങളും നിസ്സഹായതയും പോരാട്ടവുമെല്ലാം അഭിനയിച്ചു ഫലിപ്പിക്കാനാവുമോ എന്ന ചിന്ത അസ്ഥാനത്താക്കിയാണ് നവ്യയുടെ പ്രകടനം. അനായാസ അഭിനയത്തിലൂടെ തന്റെ അഭിനയ സിദ്ധി ഒരിക്കൽ കൂടി വെളിവാക്കുകയാണ് രാധാമണിയിലൂടെ നവ്യ ചെയ്തിരിക്കുന്നത്.
കാലമെത്ര കഴിഞ്ഞാലും ജന്മസിദ്ധമായ കഴിവ് ഒരിക്കലും നശിക്കില്ലെന്ന് തെളിയിക്കുകയാണ് ഈ അഭിനേത്രി. ഇഷ്ടത്തിലൂടെ സിനിമയിലെത്തിയ ഈ ആലപ്പുഴക്കാരി മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം രണ്ടു തവണയാണ് സ്വന്തമാക്കിയത്. നന്ദനത്തിലെ കൃഷ്ണഭക്തയായ വാല്യക്കാരിക്കാണ് ആദ്യപുരസ്‌കാരമെങ്കിൽ കണ്ണേ മടങ്ങുക, സൈറ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെയാണ് രണ്ടാമത്തെ അംഗീകാരം നവ്യയെ തേടിയെത്തിയത്. മലയാളത്തിൽ മാത്രമല്ല, തമിഴിലും കന്നഡയിലുമെല്ലാം ആ അഭിനയ സിദ്ധി കടന്നുചെന്നു. കാലം കടന്നുപോകവേ കുടുംബിനിയും പ്രവാസിയും അമ്മയുമെല്ലാമായി ജീവിതത്തിൽ പല ഭാവങ്ങളും ആടിത്തീർത്ത ശേഷമാണ് നവ്യ വീണ്ടും വെള്ളിത്തിരയിലേക്കു തിരിച്ചെത്തുന്നത്. ജീവിതത്തിൽ പ്രതികൂല സാഹചര്യങ്ങളോടു പോരാടി ജീവിതം നയിക്കുന്ന കൊച്ചിക്കാരിയായ രാധാമണിയായി നവ്യ അഭിനയിക്കുകയല്ല. ജീവിക്കുകയാണ്. ഇരുത്തം വന്ന ഒരു നായികയായി, ഒരുത്തിയായി മാറുകയാണ്... അഭിനന്ദനങ്ങൾക്കു നടുവിൽ തിരക്കിനിടയിലാണ് നവ്യ സന്തോഷം പങ്കുവച്ചത്.

രാധാമണിയെ പ്രേക്ഷകർ സ്വീകരിച്ചതിൽ എന്തു തോന്നുന്നു?
പത്തു വർഷത്തെ ഇടവേളക്കു ശേഷം തിരിച്ചെത്തിയപ്പോഴും പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് എന്നെ സ്വീകരിച്ചിരിക്കുന്നത്. പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിലാണ് ഞാൻ. ഫോണിലൂടെയും നേരിട്ടും അഭിനന്ദനങ്ങൾ കൊണ്ട് വീർപ്പുമുട്ടിക്കുകയാണ്. പലരും സ്വന്തം ജീവിതം കൊണ്ടാണ് രാധാമണിയെ കാണുന്നത്. സാധാരണക്കാരന്റെ ജീവിതവുമായി ചേർന്നുനിൽക്കുന്ന കഥാപാത്രമാണത്. തിരിച്ചുവരവ് ശക്തമായ കഥാപാത്രത്തിലൂടെയാകണം എന്ന സ്വപ്‌നവും രാധാമണിയിലൂടെ സാർത്ഥകമായിരിക്കുകയാണ്.

രാധാമണിയെ എങ്ങനെയാണ് സ്വീകരിച്ചത്?
കഥ കേട്ടപ്പോൾ തന്നെ രാധാമണിയെ ഇഷ്ടമായി. സ്ത്രീയാണ് കേന്ദ്ര കഥാപാത്രം. നായികാ പ്രാധാന്യമുള്ള സിനിമകൾ വളരെ അപൂർവമായേ സംഭവിക്കാറുള്ളൂ. അത് വിട്ടുകളയാൻ ഒരിക്കലും മനസ്സ് അനുവദിച്ചിരുന്നില്ല. എന്നാൽ എന്നെപ്പോലെയുള്ള ഒരാൾ നീണ്ട ഇടവേളക്കു ശേഷം സിനിമയിലേക്കു തിരിച്ചുവരുമ്പോൾ പ്രേക്ഷകർ അംഗീകരിക്കുമോ എന്ന സംശയമുണ്ടായിരുന്നു. 
മാത്രമല്ല, നിർമാതാക്കൾ തയാറാകുമോ എന്നും ചിന്തിച്ചിരുന്നു. കുടുംബ സുഹൃത്തായ നാസർക്കയോട് ഈ വിവരം പറഞ്ഞപ്പോൾ അദ്ദേഹം സന്തോഷപൂർവം സ്വീകരിക്കുകയായിരുന്നു. കഥയും കഥാപാത്രങ്ങളും അദ്ദേഹത്തിനും ഏറെ ഇഷ്ടമായി. തുടർന്നാണ് സിനിമയുടെ പിന്നണി പ്രവർത്തനങ്ങൾ തുടങ്ങുന്നത്. കഥ പറയുന്നതിലും സാങ്കേതിക രംഗങ്ങളിലുമെല്ലാം ഒരുപാട് മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. ക്യാമറയും ഷോട്ട്‌സും മാത്രമല്ല, സംഭാഷണങ്ങളുടെ രീതിയിൽ വരെ വ്യത്യാസങ്ങളുണ്ടായി. ആ മാറ്റങ്ങൾ ഉൾക്കൊള്ളാൻ ഞാനും തയാറാവുകയായിരുന്നു.
സിനിമയിലെ ബ്രെയ്ക്ക്?
സിനിമയിൽ സജീവമായ കാലത്തു തന്നെയായിരുന്നു കൂടുമാറ്റം.
തുടർച്ചയായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിരുന്ന കാലം. ഷൂട്ടിംഗ് തിരക്കുകളിൽ മുഴുകിനടന്ന സമയത്തായിരുന്നു വിവാഹാലോചനയെത്തിയത്. സിനിമയിൽനിന്നും മാറിനിൽക്കാൻ വിഷമമൊന്നുമുണ്ടായിരുന്നില്ല. എങ്കിലും കരിയർ ഉപേക്ഷിച്ചു പോകാൻ ഏറെ ചിന്തിക്കേണ്ടിവന്നു. സത്യത്തിൽ വിവാഹത്തെക്കുറിച്ചാലോചിക്കുമ്പോൾ പേടിയായിരുന്നു. 
ചില താരങ്ങൾ വിവാഹ മോചിതരായ കാലമായിരുന്നു അത്. എങ്കിലും ഒടുവിൽ സമ്മതം മൂളി. വിവാഹ ശേഷം മുംബൈയിലേക്കു പറിച്ചുനടപ്പെട്ടു. ഒറ്റക്ക് ഫ്ളാറ്റിൽ കഴിഞ്ഞ നാളുകൾ. ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. പുതിയതെന്തെങ്കിലും പഠിക്കാനായി ശ്രമം. പാചകം ശ്രമിച്ചുനോക്കി. മകനായപ്പോൾ അവന്റെ കാര്യങ്ങളിലായി ശ്രദ്ധ. മകൻ സായ്കൃഷ്ണ ഇപ്പോൾ അഞ്ചാം ക്ലാസിലാണ്. അവൻ വലുതായപ്പോഴാണ് വീണ്ടും നൃത്തരംഗത്തെത്തിയത്. ഇപ്പോൾ സിനിമയിലുമെത്തി. ജീവിതത്തിൽ ഒരിക്കലും നിരാശ തോന്നിയിട്ടില്ല. എല്ലാം ദൈവത്തിൽ അർപ്പിച്ചുള്ള ജീവിതമായിരുന്നു.

ബാലാമണിയിൽനിന്നും രാധാമണിയിലെത്തുമ്പോൾ?

നന്ദനത്തിലെ ബാലാമണി തന്റെ മാനസിക പ്രയാസങ്ങൾ ഇറക്കിവെക്കുന്നത് ദൈവ സന്നിധിയിലാണ്. എന്നാൽ രാധാമണിയാകട്ടെ ദൈവത്തെ വിളിക്കാൻ പോലും സമയം കിട്ടാതെ തിരക്കുപിടിച്ച ജീവിതം നയിക്കാൻ പാടുപെടുകയാണ്. തുടക്കക്കാരിയുടെ കൗതുകത്തോടെയാണ് ബാലാമണിയെ അവതരിപ്പിക്കാനെത്തിയത്. അന്ന് കൂടെ വേഷമിട്ടവർ പലരും സീനിയർ താരങ്ങളായിരുന്നു. അവരിൽനിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. ജഗതിച്ചേട്ടനും സിദ്ദീഖ് സാറും പൊന്നമ്മ ചേച്ചിയുമെല്ലാം നല്ല സഹകരണമായിരുന്നു നൽകിയത്. 
ബാലാമണിയെപ്പോലെ പ്രേക്ഷകരുടെ ഇഷ്ടം നേടാൻ കഴിയുന്ന കഥാപാത്രമാണ് രാധാമണിയും. വാല്യക്കാരിയും കുടുംബനാഥയും തമ്മിലുള്ള വ്യത്യാസം മാത്രമേയുള്ളൂ.

എഴുത്തിന്റെ ലോകത്തും സാന്നിധ്യമറിയിച്ചിട്ടുണ്ട്?
ഞാനൊരു എഴുത്തുകാരിയൊന്നുമല്ല. എന്തെങ്കിലും കുത്തിക്കുറിക്കും എന്നു മാത്രം. നവ്യരസങ്ങൾ എന്ന കൃതി എങ്ങനെയോ സംഭവിച്ചുപോയതാണ്. പഠനകാലത്ത് കലോത്സങ്ങൾക്കായിരുന്നു കൂടുതൽ പരിഗണന നൽകിയത്. ഒരുപാട് ഇനങ്ങളിൽ മത്സരിച്ചിരുന്ന കാലമായിരുന്നു അത്. കലാരംഗത്ത് സജീവമാകുന്നതിനൊപ്പം പഠനത്തിലും ശ്രദ്ധ പതിപ്പിച്ചിരുന്നു. ഇംഗ്ലീഷ് സാഹിത്യത്തിലാണ് ബിരുദമെടുത്തത്.

ഏറെ വെല്ലുവിളികൾ ഉയർത്തിയ വേഷമായിരുന്നു രാധാമണി?
സത്യമാണത്. എങ്കിലും പല രംഗങ്ങളും ആസ്വദിച്ചാണ് അഭിനയിച്ചത്. സ്‌കൂട്ടർ ഓടിക്കുന്നതും മാല പിടിച്ചുപറിച്ച കള്ളനു പിറകെ ഓടുന്നതും ജങ്കാറിലേക്കു ചാടിക്കയറുന്നതുമെല്ലാം ഏറെ പ്രയാസകരമായിരുന്നു. കൊടുംവെയിലിൽ കരിങ്കൽക്കൂനയിലേക്ക് ഓടിക്കയറിയതും ചെളിവെള്ളത്തിലൂടെ ഏറെ സമയം നടന്നതുമെല്ലാം ശരിക്കുമൊരു വെല്ലുവിളിയായിരുന്നു. 
സിനിമക്കു വേണ്ടിയാണ് സ്‌കൂട്ടർ ഓടിച്ചു പഠിച്ചത്. പരിശീലനത്തിനിടയിൽ വീണ് പരിക്കേറ്റതും ഇൻജക്ഷനെടുത്തപ്പോൾ തലകറങ്ങി വീണതുമെല്ലാം ആലോചിക്കുമ്പോൾ ഇപ്പോഴും ഭയം മാറിയിട്ടില്ല. ഇത്തരം വെല്ലുവിളികൾക്കുള്ള അംഗീകാരം കൂടിയാണ് ഇപ്പോൾ ലഭിക്കുന്നതെന്നു തോന്നുന്നു.
 

Latest News