സില്‍വര്‍ ലൈന്‍: പ്രധാനമന്ത്രിയെ കാണാന്‍ മുഖ്യമന്ത്രി നാളെ ദല്‍ഹിയില്‍

ന്യൂദല്‍ഹി- സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട വിഷയത്തില്‍ വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.

സില്‍വര്‍ലൈന് എതിരേ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.  കേന്ദ്രത്തിനും പദ്ധതിക്ക് അനുകൂലമായ നിലപാടല്ല എന്നാണ് കഴിഞ്ഞദിവസം റെയില്‍വേ മന്ത്രി ലോക്സഭയില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ വ്യക്തമാകുന്നത്. ഇതിനിടയിലാണ്
വ്യാഴാഴ്ച മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. പാര്‍ലമെന്റിലായിരിക്കും കൂടിക്കാഴ്ച. പദ്ധതിക്കുണ്ടായിട്ടുള്ള തടസ്സങ്ങളെല്ലാം മറികടക്കാനുള്ള നീക്കമായിരിക്കും പിണറായി നടത്തുക എന്നാണ് സൂചന. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭാവി നിര്‍ണയിക്കുന്ന കൂടിക്കാഴ്ചയായിരിക്കും ഇതെന്നാണ് കരുതുന്നത്.
കഴിഞ്ഞദിവസം കെ റെയില്‍ വിഷയം യു.ഡി.എഫ് എം.പിമാര്‍ ലോക്സഭയില്‍ ഉന്നയിച്ചിരുന്നു. ഈ പദ്ധതിയുടെ പാരിസ്ഥിതിക വിഷയങ്ങളില്‍ ആശങ്കയുണ്ടെന്നായിരുന്നു ഇതിനുള്ള മറുപടിയില്‍ റെയില്‍വേ മന്ത്രി വ്യക്തമാക്കിയിരുന്നത്. മുമ്പ് കേന്ദ്രസര്‍ക്കാര്‍ ഈ പദ്ധതിയോട് എടുത്ത നിലപാടില്‍നിന്ന് തികച്ചും വ്യത്യസ്തവും ശക്തവുമായിരുന്നു റെയില്‍വേ മന്ത്രിയുടെ നിലപാട്.

കെ റെയില്‍ എം.ഡി. വി. അജിത് കുമാറും ദല്‍ഹിയിലുണ്ട്. രണ്ടു ദിവസമായി അദ്ദേഹം റെയില്‍വേ ഉദ്യോഗസ്ഥരുമായി നിരന്തരം ചര്‍ച്ച നടത്തിവരികയാണ്. നിലവില്‍ പദ്ധതിയുടെ അലൈന്‍മെന്റ് ഉള്‍പ്പെടെയുള്ളവയില്‍ തീരുമാനമാകാനുണ്ട്. സംസ്ഥാനത്ത് പദ്ധതിക്കെതിരേ പ്രതിഷേധം ശക്തമാണ്. കേന്ദ്രസര്‍ക്കാരും പ്രതികൂല നിലപാട് എടുത്താല്‍ അത് പദ്ധതിയെ പ്രതികൂലമായി ബാധിക്കും. ഈ സാഹചര്യത്തില്‍ കേന്ദ്രത്തിന്റെ നിലപാട് അനുകൂലമാക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം.

 

Latest News