വിശുദ്ധ ഹറമിൽ  ഇത്തവണ ഇഅ്തികാഫ്

മക്ക - ഇത്തവണ വിശുദ്ധ റമദാനിൽ മക്ക ഹറമിൽ ഇഅ്തികാഫിന് (ഭജനമിരിക്കൽ) അനുമതി നൽകുമെന്ന് ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. നിർണിതമായ വ്യവസ്ഥകൾക്കും മാനദണ്ഡങ്ങൾക്കും അനുസൃതമായി ആണ് ഇഅ്തികാഫിന് അനുമതി നൽകുക. ഹറംകാര്യ വകുപ്പ് വെബ്‌സൈറ്റ് വഴി ഇഅ്തികാഫിനുള്ള പെർമിറ്റുകൾ വൈകാതെ അനുവദിച്ചു തുടങ്ങുമെന്നും ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. കൊറോണ മഹാമാരി കാരണം കഴിഞ്ഞ രണ്ടു വർഷങ്ങളിലും റമദാനിൽ ഹറമിൽ ഇഅ്തികാഫ് അനുവദിച്ചിരുന്നില്ല. 
ഇത്തവണ ഹറമിൽ ഇഫ്താർ അനുവദിക്കുമെന്നും ഹറമിൽ ഇഫ്താർ വിതരണത്തിന് 2,000 പെർമിറ്റുകൾ അനുവദിച്ചതായും ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിശുദ്ധ റമദാനിൽ ഹറമിലെത്തുന്ന തീർഥാടകർക്കും വിശ്വാസികൾക്കും ഏറ്റവും മികച്ച സേവനങ്ങൾ നൽകാൻ ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതിക്ക് ഹറംകാര്യ വകുപ്പ് രൂപംനൽകിയിട്ടുണ്ട്. റമദാനു മുന്നോടിയായി വലിയ ഒരുക്കങ്ങളും തയാറെടുപ്പുകളുമാണ് ഹറംകാര്യ വകുപ്പ് പൂർത്തിയാക്കിയിരിക്കുന്നത്.

Latest News