ബുറൈദ - ഭാര്യമാരെയും മാതാവിനെയും അതിനിഷ്ഠുരമായി വധിച്ച മൂന്നു സൗദി പൗരന്മാരെ വ്യത്യസ്ത സ്ഥലങ്ങളിൽ ഇന്നലെ വധശിക്ഷക്ക് വിധേയരാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തുകയും ഗർഭസ്ഥശിശുവിന്റെ മരണത്തിന് കാരണക്കാരനാവുകയും ചെയ്ത സൗദി പൗരന് അൽഖസീം പ്രവിശ്യയിലെ ഉനൈസയിലാണ് ഇന്നലെ വധശിക്ഷ നടപ്പാക്കിയത്. സിറിയക്കാരിയായ ഭാര്യ ഖിതാം മുഹമ്മദ് അൽബുസൈരിയെ കുത്തിക്കൊന്ന അബ്ദുല്ല ബിൻ സുബ്ൻ ബിൻ മൗസിം അൽമുതൈരിക്ക് ആണ് ശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
ഭാര്യയെ കഴുത്തറുത്തു കൊന്ന മറ്റൊരു സൗദി പൗരന് മദീനയിലും ഇന്നലെ വധശിക്ഷ നടപ്പാക്കി. സൗദി വനിത നജാഹ് ബിൻത് ബഖീതാൻ ബിൻ ബഖീത് അൽസ്വാഇദിയെ കഴുത്തറുത്തും കുത്തിയും കൊലപ്പെടുത്തിയ അബ്ദുല്ല ബിൻ ഈദ് ബിൻ ബഖീത് അൽഹുസൈനിക്ക് ആണ് ശിക്ഷ നടപ്പാക്കിയത്. സ്വന്തം മാതാവിനെ പെട്രോളൊഴിച്ച് കത്തിച്ചുകൊന്ന സൗദി പൗരൻ സുൽത്താൻ ബിൻ അഹ്മദ് ബിൻ സുബൈതാൻ ഉലയ്യാൻ ശാമാന് തബൂക്കിലും ഇന്നലെ വധശിക്ഷ നടപ്പാക്കി. മാതാവ് ഉറങ്ങിക്കിടക്കുന്നതിനിടെ മുറിയിൽ പെട്രോൾ ഒഴിച്ച് പ്രതി തീ കൊളുത്തുകയും മുറിയിൽ തീ ആളിപ്പടർന്ന് അവർ വെന്തുമരിക്കുകയുമായിരുന്നു.