കൊച്ചി- പ്രവാസികളില്‍നിന്ന് വായ്പാ കുടിശ്ശിക പിരിക്കുന്നതിന് വിദേശ ബാങ്കുകളുടെ ഏജന്റുമാര്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത് നിയമാനുസൃതമാണോ എന്ന് ഹൈക്കോടതി. വിദേശ ബാങ്കുകള്‍ക്ക് വേണ്ടി നടപടിയെടുക്കുന്ന ഏജന്റുമാര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യമാണെന്ന് ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രന്‍, അശോക് മേനോന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. റിസര്‍വ് ബാങ്കിന്റെ അനുമതിയില്ലാതെ ഇത്തരം ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നത് തടയാന്‍ കൈക്കൊണ്ട നടപടികള്‍ വിശദീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കാനാണ് കോടതി നിര്‍ദേശം.
പ്രവാസിയായ മലയാളി നഴ്‌സിനെ വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി വായ്പാ തുക തിരികെ അടപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് കോടതി നിര്‍ദേശം. പൂയപ്പിള്ളി സ്വദേശി സുശീലയാണ് പരാതിക്കാരി. സൗദി അറേബ്യയിലെ അല്‍ രാജ്ഹി ബാങ്കില്‍നിന്ന് വായ്പ എടുത്തിരുന്നുവെന്നും പണം തിരികെ നല്‍കിയിട്ടും ബാങ്കിന്റെ ഏജന്റുമാര്‍ എന്ന നിലയില്‍ വീട്ടില്‍ കടന്നുകയറി ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. ചെങ്ങന്നൂരില്‍ പ്രവര്‍ത്തിക്കുന്ന കെ.ജി.എം അസോസിയേറ്റ്‌സ് ജീവനക്കാരായ നാല് യുവാക്കള്‍ക്കെതിരെ കേസെടുത്തതായി പോലീസ് വിശദീകരിച്ചു. റിസര്‍വ് ബാങ്ക് അംഗീകാരമില്ലാതെ ഇത്തരം ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതെങ്ങനെയെന്ന് കോടതി ആരാഞ്ഞു.