സൗദി റോഡുകളില്‍ ടോള്‍ നടപ്പാക്കുമോ; മന്ത്രിയുടെ മറുപടി

റിയാദ് - രാജ്യത്തെ റോഡുകളില്‍ ടോള്‍ നടപ്പാക്കാന്‍ നിലവില്‍ ആലോചനയില്ലെന്ന് ഗതാഗത, ലോജിസ്റ്റിക് സര്‍വീസ് മന്ത്രി എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍ വെളിപ്പെടുത്തി. റോട്ടാന ചാനല്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഭാവിയില്‍ ടോള്‍ നടപ്പാക്കാന്‍ സാധ്യത തള്ളിക്കളയുന്നില്ല. ടോള്‍ ഒരു ലക്ഷ്യമല്ല. ഇതിന് മുന്‍ഗണന നല്‍കുന്നുമില്ല. എന്നാല്‍ ഗതാഗത മേഖലയുമായി ബന്ധപ്പെട്ട പഠനങ്ങളുടെ ഭാഗമായി ടോള്‍ ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് നേരത്തെ പഠനം നടത്തിയിരുന്നു. ഭൂരിഭാഗം ലോക രാജ്യങ്ങളിലും ടോള്‍ നിലവിലുണ്ട്.
ഡിമാന്റ് മാനേജ്‌മെന്റ് ആണ് ടോള്‍ ഏര്‍പ്പെടുത്തുന്നതിലൂടെ ലക്ഷ്യമിടുന്നത്. ഒരേ ലക്ഷ്യത്തിലേക്ക് പോകാന്‍ അവലംബിക്കാവുന്ന ഏതാനും റോഡുകളുള്ള പക്ഷം വ്യത്യസ്ത റോഡുകളില്‍ ഗതാഗതം ക്രമീകരിക്കാനാണ് ടോള്‍ ഏര്‍പ്പെടുത്തുന്നതിലൂടെ ലക്ഷ്യമിടുന്നത്. റോഡുകളിലെ ഗതാഗതം ക്രമീകരിക്കാനും റോഡുകളുടെ ഗുണനിലവാരവും അറ്റകുറ്റപ്പണികളുടെ നിലവാരവും ഉയര്‍ത്താനും ടോള്‍ സഹായിക്കും. ഇവ നേടാന്‍ സഹായിക്കുകയും ബദല്‍ റോഡുകള്‍ ലഭ്യമാണെങ്കിലും ടോള്‍ നടപ്പാക്കുന്നതില്‍ തെറ്റില്ല എന്നാണ് തന്റെ നിലപാട്. എന്നാല്‍ സമീപ ഭാവിയില്‍ സൗദിയില്‍ ടോള്‍ നടപ്പാക്കില്ല.

 

Latest News