കെ റെയിലിന്റെ പേരില്‍ യു.ഡി.എഫ് വിമോചന സമരത്തിന് ശ്രമിക്കുന്നു-കോടിയേരി

കണ്ണൂര്‍- സില്‍വര്‍ ലൈനിന്റെ പേരില്‍ സര്‍ക്കാരിനെതിരെ രണ്ടാം വിമോചന സമരം സംഘടിപ്പിക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. 57- 59 കാലഘട്ടമല്ല ഇതെന്ന് ഇവര്‍ ഓര്‍ക്കുന്നത് നല്ലതായിരിക്കുമെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.       
ചങ്ങനാശ്ശേരിയില്‍ സ്ഥലം നഷ്ടപ്പെടുന്നവരല്ല സമരരംഗത്തുണ്ടായിരുന്നത്. ഈ സമരം ആസൂത്രിതമായിരുന്നു. ഇടതുപക്ഷത്തെ ഇല്ലാതാക്കാനുള്ള സമരമാണിവര്‍ ആസൂത്രണം ചെയ്യുന്നത്. ഒരു  സ്ത്രീയേയും കുട്ടിയേയും മുന്നില്‍ നിര്‍ത്തി ആത്മഹത്യാ ഭീഷണി മുഴക്കിയായിരുന്നു സമരം. പോലീസിന്റെ അവസരോചിതമായ ഇടപെടലിലാണിവര്‍ രക്ഷപ്പെട്ടത്. മണ്ണെണ്ണ ദേഹത്തൊഴിച്ചു നടത്തിയ ഈ സമരത്തില്‍ അവര്‍ വെന്തുമരിച്ചിരുന്നുവെങ്കില്‍ ആര് സമാധാനം പറയും. പോലീസ് സ്ത്രീയോട് അതിക്രമം കാണിക്കുകയായിരുന്നില്ല, മറിച്ച് അവരെ രക്ഷിക്കുകയായിരുന്നു. അതിന് പോലീസിനെ പ്രകീര്‍ത്തിക്കുകയാണ് വേണ്ടത്. ചങ്ങനാശ്ശേരി പണ്ടത്തെ വിമോചന സമര കേന്ദ്രമാണ്.
ഇപ്പോള്‍ സമര സ്ഥലത്ത് ഒരു കേന്ദ്ര മന്ത്രിയും, ഒരുസമുദായ നേതാവും ഒരു മതമേലധ്യക്ഷനും ഉള്‍പ്പെടെയുള്ളവര്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. 57 കാലത്തെ വിമോചന സമരമാതൃകയില്‍ സര്‍ക്കാരിനെതിരെ ജനങ്ങളെ തിരിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. വിശാല ഇടതുപക്ഷ വിരുദ്ധ സഖ്യം ഉണ്ടാക്കാനാണ് ശ്രമം.
ഈ കൂട്ടുകെട്ടില്‍ പോപ്പുലര്‍ ഫ്രണ്ടും ജമാഅത്തെ ഇസ്ലാമിയും അടക്കമുള്ള സംഘടനകള്‍ ഉണ്ട്. എന്നാല്‍ ഇത് 57- 59 കാലഘട്ടമല്ലെന്ന് ഓര്‍ക്കുന്നത് നല്ലതാണ്. ഇവര്‍ രാഷ്ട്രീയ സഖ്യം ഉണ്ടാക്കുന്നതില്‍ എതിര്‍പ്പില്ല. അത് കെ റെയിലിന്റെ പേരില്‍ വേണ്ട  കോടിയേരി പറഞ്ഞു.
കല്ല് പറിച്ചു കൊണ്ടുപോയാല്‍ പദ്ധതി ഇല്ലാതാവില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം മനസ്സിലാക്കണം. ഇതിന് പകരം മറ്റെന്തെങ്കിലും സമരപരിപാടികള്‍ നടത്തുന്നതാണ് നല്ലത്. രാജ്യത്ത് എട്ട് സംസ്ഥാനങ്ങളില്‍ കെ.റെയിലിന് സമാനമായ റെയില്‍ പദ്ധതികള്‍ നടന്നുവരുന്നുണ്ട്. ഇവിടെയൊന്നും സമരം ചെയ്യാത്ത കോണ്‍ഗ്രസ്, കേരളത്തില്‍ മാത്രം കെ റെയിലിനെതിരെ സമരം ചെയ്യുന്നതിന്റെ യുക്തി എന്താണ്- കോടിയേരി ചോദിച്ചു.
ഇവിടെ നടക്കുന്നത് രാഷ്ട്രീയ സമരമാണ്. ഇത് തിരിച്ചറിഞ്ഞു ജനങ്ങള്‍ പദ്ധതിയുമായി സഹകരിക്കുന്നതിന് മുന്നോട്ടുവന്നു തുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസ് ഒരു കാര്യം ഓര്‍ക്കുന്നത് നല്ലതാണ്. സമരം കൊണ്ട് പദ്ധതി ഉപേക്ഷിക്കില്ല. ശബരിമല വിമാനത്താവളത്തെ എതിര്‍ത്തവരാണിപ്പോള്‍ കെ റെയിലിന് ബദലായി വിമാന സര്‍വ്വീസ് നിര്‍ദ്ദേശിക്കുന്നത്. കോണ്‍ഗ്രസ്സിന് നേതൃത്വമുണ്ടോ, നയമോ നിലപാടുകളോ ഉണ്ടോ- കോടിയേരി ചോദിച്ചു.
            സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ സൗകര്യമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വന്നാല്‍ മതിയെന്ന് ചോദ്യത്തിനുത്തരമായി കോടിയേരി പറഞ്ഞു. ആര്‍.എസ്.എസിനെ പങ്കെടുപ്പിക്കാത്തതു കൊണ്ടാണ് കോണ്‍ഗ്രസും പങ്കെടുക്കാത്തത്. കോണ്‍ഗ്രസ് നേതാക്കള്‍ വരുന്നതിന് വേണ്ടി ആര്‍.എസ്.എസ്സിനെ ക്ഷണിക്കാന്‍ ഏതായാലും ഉദ്ദേശിക്കുന്നില്ല. ഇതാണ് കെ.പി.സി.സി.പ്രസിഡണ്ടിന്റെ ആഗ്രഹമെങ്കില്‍ അതു നടക്കില്ല- കോടിയേരി പറഞ്ഞു.
                       .................................

 

 

Latest News