ജമ്മു- കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളില്‍ നിരാശ പ്രകടിപ്പിച്ചും രാഷ്ട്രീയ രംഗം വിട്ടേക്കുമെന്ന സൂചന നല്‍കിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാ നബി ആസാദ്. രാഷ്ട്രീയ പാര്‍ട്ടികള്‍ 24 മണിക്കൂറും ജനങ്ങള്‍ക്കിടയില്‍ മതത്തിന്റേയും ജാതിയുടേയും പേരില്‍ ഭിന്നിപ്പുണ്ടാക്കാനാണ് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 'എന്റെ പാര്‍ട്ടിയോ മറ്റേതെങ്കിലും പ്രാദേശിക, ദേശീയ പാര്‍ട്ടികളോ ആയാലും ഇങ്ങനെയാണ്. അവര്‍ക്കു മാപ്പില്ല. പൗര സമൂഹം ഒറ്റക്കെട്ടായി നിന്ന് ഈ തിന്മകള്‍ക്കെതിരെ പൊരുതണം,' ഗുലാം നബി പറഞ്ഞു. ജമ്മുവില്‍ ഞായറാഴ്ച സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്മ ഭൂഷണ്‍ നേടിയ ഗുലാം നബിയെ ആദരിക്കാന്‍ ജമ്മു കശ്മീര്‍ ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റും മുതിര്‍ന്ന അഭിഭാഷകനുമായ എം കെ ഭരദ്വാജ് ആണ് പരിപാടി സംഘടിപ്പിച്ചത്. എ്ല്ലാ പാര്‍ട്ടികളുടേയും പ്രതിനിധികളും പൗരപ്രമുഖരും പരിപാടിയില്‍ സംബന്ധിച്ചിരുന്നു.
നാം സമൂഹത്തില്‍ മാറ്റം ഉണ്ടാക്കേണ്ടതുണ്ട്. ഞാന്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ച് സാമൂഹ്യ സേവനത്തിന് ഇറങ്ങിയെന്ന് നിങ്ങള്‍ പെട്ടെന്നൊരുക്കല്‍ അറിഞ്ഞാല്‍ വലിയ കാര്യമാക്കേണ്ട- അദ്ദേഹം പറഞ്ഞു. പലപ്പോഴും രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചാലോ എന്ന് ആലോചിച്ചിട്ടുണ്ടെന്നും ഗുലാം നബി വെളിപ്പെടുത്തി.
ഒരുവേള നാം മനുഷ്യരാണോ എന്നു പോലും ചിന്തിച്ചു പോകുന്ന തരത്തിലെക്ക് ഇന്ത്യയിലെ രാഷ്ട്രീയം മ്ലേച്ഛമായിരിക്കുന്നു. വര്‍ഗീയ ധ്രുവീകരണം വര്‍ധിച്ചിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ മതത്തിന്റേയും നാടിന്റേയും നഗരത്തിന്റേയും ഹിന്ദുവിന്റേയും മുസല്‍മാന്റേയും ശിയ, സുന്നി, ദളിത്, പിന്നാക്ക വിഭാഗങ്ങള്‍ തുടങ്ങി പല പേരുകളിലും ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്. ഇതിനിടെ ആരാണ് മനുഷ്യന്‍? മാനുഷിക മൂല്യങ്ങളാണ് ഈ താഴോട്ടുപോക്കിനിടെ നഷ്ടമായിരിക്കുന്നത്- ഗുലാം നബി ആസാദ് ചൂണ്ടിക്കാട്ടി.






