ഹൂത്തി മിസൈലാക്രമണം; ജിദ്ദയിൽ വിമാന സർവീസുകളെ ബാധിച്ചു

ജിദ്ദ-ജിദ്ദക്ക് നേരെ ഹൂത്തികൾ നടത്തിയ ആക്രമണം വിമാന സർവീസുകളെ പ്രതികൂലമായി ബാധിച്ചു. നിരവധി വിമാനങ്ങൾ സമയം വൈകിയാണ് ലാന്റ് ചെയ്തത്. ഹൂത്തികൾ തൊടുത്തുവിട്ട മിസൈൽ വിമാനങ്ങളുടെ ആകാശപാതയിൽ ഭീതി വിതച്ചിരുന്നു. തുടർന്ന് ജിദ്ദയുടെ പുറത്തുള്ള ആകാശത്ത് കുറെ നേരം ചെലവിട്ട ശേഷമാണ് വിമാനങ്ങൾ ലാന്റ് ചെയ്തത്. നാവിഗേഷൻ സിസ്റ്റത്തെയും ഹൂത്തി ആക്രമണം പ്രതികൂലമായി ബാധിച്ചു. 
ജിദ്ദക്ക് നേരെ ഇന്ന് രാത്രി നടത്തിയ ആക്രമണം സഖ്യസൈന്യം നിർവീര്യമാക്കിയിരുന്നു. ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് നടത്തിയ ആക്രമണം ആകാശത്തുവെച്ച് തന്നെ സൗദി സൈന്യം തടുത്തിട്ടു. ജിദ്ദ വിമാനതാവളം ലക്ഷ്യമിട്ടായിരുന്നു ഹൂത്തികളുടെ ആക്രമണം. 
സൗദി അറേബ്യയിലെ വിവിധ നഗരങ്ങൾക്കും തന്ത്രപ്രധാന സ്ഥാപനങ്ങൾക്കും നേരെ ഹൂത്തി മിലീഷ്യകളുടെ ആക്രമണ ശ്രമങ്ങൾ സഖ്യസേന നേരത്തെ വിഫലമാക്കിയിരുന്നു. ഇതിന് ശേഷമാണ് ജിദ്ദ ലക്ഷ്യമാക്കി ഹൂത്തികൾ വീണ്ടും മിസൈലാക്രമണം നടത്തിയത്. ജിസാൻ പ്രവിശ്യയിൽ പെട്ട അൽശുഖൈഖിലെ സമുദ്രജല ശുദ്ധീകരണ ശാലക്കും അറാംകോ എണ്ണ വിതരണ കേന്ദ്രത്തിനും നേരെ ആക്രമണ ശ്രമമുണ്ടായി. 
അസീർ പ്രവിശ്യയിൽ പെട്ട ദഹ്‌റാൻ അൽജനൂബിലെ വൈദ്യുതി വിതരണ നിലയത്തിനും ഖമീസ് മുഷൈത്തിൽ ഗ്യാസ്‌കോ കമ്പനിക്കു കീഴിലെ ഗ്യാസ് പ്ലാന്റിനും യാമ്പുവിൽ അറാംകോ ദ്രവീകൃത ഗ്യാസ് പ്ലാന്റിനും നേരെ ഡ്രോണുകളും ബാലിസ്റ്റിക് മിസൈലും ക്രൂയിസ് മിസൈലുകളും ഉപയോഗിച്ച് ആക്രമണങ്ങൾ നടത്താനാണ് ഹൂത്തികൾ ശ്രമിച്ചത്. 
ആക്രമണ ശ്രമങ്ങൾ സൗദി, സഖ്യസൈന്യം തകർത്തു. തന്ത്രപ്രധാന സാമ്പത്തിക സ്ഥാപനങ്ങളും സിവിലിയൻ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഹൂത്തികൾ തൊടുത്ത ഒമ്പതു ഡ്രോണുകളും ഒരു ബാലിസ്റ്റിക് മിസൈലും സൈന്യം തകർത്തു. ശനിയാഴ്ച രാത്രിയും ഇന്നലെ പുലർച്ചെയുമായാണ് വിവിധ നഗരങ്ങളിൽ ഹൂത്തികൾ ആക്രമണങ്ങൾക്ക് ശ്രമിച്ചതെന്ന് സഖ്യസേനാ വക്താവ് ബ്രിഗേഡിയർ തുർക്കി അൽമാലികി പറഞ്ഞു. 
ജിസാൻ ലക്ഷ്യമിട്ട് തൊടുത്ത ബാലിസ്റ്റിക് മിസൈലും ജിസാൻ, ഖമീസ് മുഷൈത്ത്, തായിഫ്, യാമ്പു, ദഹ്‌റാൻ അൽജനൂബ് എന്നിവിടങ്ങളിൽ സ്‌ഫോടക വസ്തുക്കൾ നിറച്ച് അയച്ച ഒമ്പതു ഡ്രോണുകളുമാണ്  തകർത്തത്.  ജിസാനിലെ അൽശുഖൈഖ് സമുദ്രജല ശുദ്ധീകരണ ശാലക്കും സൗദി അറാംകോ കമ്പനിക്കു കീഴിലെ എണ്ണ വിതരണ കേന്ദ്രത്തിനും നേരെ ഇറാൻ നിർമിത ക്രൂയിസ് മിസൈലുകൾ ഉപയോഗിച്ചാണ് ആക്രമണങ്ങൾ നടത്തിയതെന്ന് പ്രാഥമികാന്വേഷണങ്ങൾ സൂചിപ്പിക്കുന്നു. 
സൈന്യം തകർത്ത ഡ്രോൺ, മിസൈൽ ഭാഗങ്ങൾ പതിച്ച് സ്ഥാപനങ്ങൾക്കും വാഹനങ്ങൾക്കും വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. ആളപായമില്ലെന്ന് സഖ്യസേന വക്താവ് പറഞ്ഞു. 
സമാധാന ശ്രമങ്ങളും പദ്ധതികളും തങ്ങൾ നിരാകരിക്കുന്നതായാണ് ആക്രമണങ്ങളിലൂടെ ഹൂത്തികൾ വ്യക്തമാക്കുന്നത്. റിയാദിൽ സമാധാന ചർച്ചകൾക്കുള്ള ഗൾഫ് സഹകരണ കൗൺസിൽ ആഹ്വാനത്തോടാണ്  ആക്രമണങ്ങളിലൂടെ ഹൂത്തികളുടെ പ്രതികരണം. യെമൻ പ്രതിസന്ധി അവസാനിപ്പിക്കാനും സമഗ്രവും സുസ്ഥിരവുമായ രാഷ്ട്രീയ പരിഹാരത്തിൽ എത്തിച്ചേരാനും ലക്ഷ്യമിട്ടുള്ള സൗദി സമാധാന പദ്ധതി അടക്കം മുഴുവൻ അന്താരാഷ്ട്ര ശ്രമങ്ങളെയും നിരാകരിക്കുമെന്നാണ് ഹൂത്തി മിലീഷ്യകൾ  ഈ ആക്രമണങ്ങളിലൂടെ  വ്യക്തമാക്കുന്നത്.  സൻആ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് അതിർത്തി കടന്നുള്ള ആക്രമണങ്ങൾ ഹൂത്തികൾ നടത്തിയതെന്ന് സഖ്യസേന വക്താവ് പറഞ്ഞു. 
അതിനിടെ, ചെങ്കടലിൽ  കപ്പൽ ഗതാഗതം ലക്ഷ്യമിട്ട് ആക്രമണം നടത്താനുള്ള ശ്രമം വിഫലമാക്കിയതായി സഖ്യസേന അറിയിച്ചു. ആക്രമണം നടത്താൻ ഹൂത്തികൾ തയാറാക്കിയ സ്‌ഫോടക വസ്തുക്കൾ നിറച്ച റിമോട്ട് കൺട്രോൾ ബോട്ട് അൽഹുദൈദയിൽ വെച്ച് സഖ്യസേന തകർത്തു. ചെങ്കടലിന് തെക്ക് സമുദ്ര ഗതാഗതത്തിന് ഭീഷണി സൃഷ്ടിച്ച് ഹൂത്തികൾ ആക്രമണത്തിന് തയാറാക്കിയ 106 റിമോട്ട് കൺട്രോൾ ബോട്ടുകൾ ഇതുവരെ തകർത്തതായും സഖ്യസേന പറഞ്ഞു.
ഹൂത്തി ആക്രമണങ്ങളെ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപറേഷൻ സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹിം ത്വാഹയും ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. നായിഫ് അൽഹജ്‌റഫും അറബ് പാർലമെന്റും ബഹ്‌റൈനും ഈജിപ്തും ജോർദാനും അടക്കമുള്ള രാജ്യങ്ങളും അപലപിച്ചു. വൈദേശിക, ഭീകര ആക്രമണങ്ങൾ ചെറുക്കാൻ സൗദി അറേബ്യക്കൊപ്പം നിലയുറപ്പിക്കുമെന്നും ഇക്കാര്യത്തിൽ സൗദി അറേബ്യ സ്വീകരിക്കുന്ന മുഴുവൻ നടപടികളെയും പിന്തുണക്കുമെന്നും ഒ.ഐ.സിയും ജി.സി.സിയും അറബ് പാർലമെന്റും മറ്റും വ്യക്തമാക്കി. 

Latest News