നിലമ്പൂര്‍- കോവിലകം വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിനു സമീപം കരിയന്‍കാവില്‍ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. വാഴ, പ്ലാവ്, തെങ്ങ് ഉള്‍പ്പെടെ നശിപ്പിച്ചു. ചക്കകള്‍ പറിച്ചു തിന്നാണ് കാട്ടാനകള്‍ മടങ്ങിയത്. ചാലിയാര്‍ പുഴ കടന്നെത്തിയ കാട്ടാനക്കൂട്ടം പുലര്‍ച്ചയോടെയാണ് കാട്ടിലേക്ക് മടങ്ങിയത്. നിലമ്പൂര്‍ ടൗണ്‍ ഭാഗങ്ങളില്‍ കാട്ടാന ശല്യം വര്‍ധിച്ചിരിക്കുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണെന്നു നഗരസഭാ ഉപാധ്യക്ഷ അരുമ ജയകൃഷ്ണന്‍ പറഞ്ഞു.
കരിയന്‍കാവ് ഭാഗത്തു വര്‍ഷങ്ങള്‍ക്കു ശേഷമാണ് കാട്ടാനകള്‍ ഇറങ്ങിയത്. കാട്ടാനക്കൂട്ടം വീട്ടുമുറ്റങ്ങളിലേക്കു എത്തിയതു ആശങ്ക വര്‍ധിപ്പിക്കുകയാണെന്നും അവര്‍ പറഞ്ഞു. വനം വകുപ്പ് സ്ഥാപിച്ച വൈദ്യുതി വേലികള്‍ കാട്ടാനകള്‍ നശിപ്പിച്ചു. വൈദ്യുതി വേലിക്ക് മുകളില്‍ മരം ഇട്ടാണ് കാട്ടാനകള്‍ കൃഷിയിടത്തിലേക്ക് എത്തുന്നത്. നിലമ്പൂര്‍ നഗരസഭയിലെ കോവിലകത്തുമുറി, ആശുപത്രിക്കുന്ന് ഡിവിഷനുകളിലാണ് കഴിഞ്ഞ രണ്‍ണ്ടു വര്‍ഷമായി കാട്ടാന ശല്യം അതിരൂക്ഷമായിരിക്കുന്നത്. വന്യമൃഗശല്യം പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 കോടി രൂപയില്‍ രണ്‍ണ്ടു കോടി നിലമ്പൂര്‍ മണ്ഡലത്തിനാണ്. അതില്‍നിന്നു ഒരു തുക ഈ ഭാഗത്ത് ട്രഞ്ച് നിര്‍മിക്കാന്‍ നല്‍കാമെന്നു എം.എല്‍.എ അറിയിച്ചിട്ടുെന്നും അരുമ ജയകൃഷ്ണന്‍ പറഞ്ഞു.
നഗരസഭാ കൗണ്‍സിലര്‍ റഹ്മത്ത് ചുള്ളിയിലും വനപാലകരും ഉപാധ്യക്ഷക്കൊപ്പം കാട്ടാനകള്‍ കൃഷി നശിപ്പിച്ച സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ വര്‍ഷം പട്ടാപ്പകല്‍ കാട്ടാനകള്‍ നിലമ്പൂര്‍ ടൗണിലിറങ്ങി വനം വകുപ്പ് കാര്യാലയത്തിന്റെ ഗേറ്റ് തകര്‍ക്കുകയും കുര്‍ബാനക്കെത്തിയ യുവാവിനെ പള്ളിമുറ്റത്തു ആക്രമിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം പട്ടാപ്പകല്‍ കനോലി പ്ലോട്ടിന് സമീപം കെ.എന്‍.ജി റോഡില്‍ കാട്ടാനയിറങ്ങി 45 മിനിറ്റിലേറെ ഗതാഗതം തടസപ്പെട്ടിരുന്നു.






