Sorry, you need to enable JavaScript to visit this website.

കുഞ്ഞിന് പരിക്കേറ്റത് ശക്തമായി കുലുക്കിയതിനാല്‍, അമ്മയുടെ മാനസിക നില ശരിയാവാത്തത് അറസ്റ്റ് വൈകിക്കുന്നു

കൊച്ചി- തൃക്കാക്കരയില്‍ രണ്ടര വയസുകാരിയെ പരിക്കേല്‍പിച്ച അമ്മയുടെ അറസ്റ്റ് വൈകുന്നു. കുട്ടി ഇതുവരെ സംസാരിച്ചു തുടങ്ങാത്തതും അമ്മയുടെ മാനസിക രോഗാവസ്ഥയുമാണ് അറസ്റ്റ് വൈകാന്‍ കാരണമെന്ന് തൃക്കാക്കര പോലീസ് അറിയിച്ചു. അമ്മയുടെ മാനസികനില ഡോക്ടര്‍മാരുടെ സഹായത്തോടെ പരിശോധിച്ച ശേഷമേ അറസ്റ്റ് ഉണ്ടാകൂവെന്ന് അവര്‍ വ്യക്തമാക്കി. എന്നാല്‍ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് കുഞ്ഞിന്റെ പിതാവ് ഇന്ന് മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കാനൊരുങ്ങുകയാണ്. 
ഭര്‍ത്താവില്‍നിന്നു അകന്നു കഴിയുന്ന മാനസിക രോഗിയായ അമ്മ കുഞ്ഞിനെ ചെറിയ പ്രകോപനത്തിന്റെ പേരില്‍ അതിശക്തിയായി പിടിച്ചുകുലുക്കിയതായിരിക്കാം ഗുരുതരമായ പരിക്കിലേക്ക് നയിച്ചതെന്നാണ് ഡോക്ടര്‍മാര്‍ പോലീസിന് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്. കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ ചികിത്സക്ക് ശേഷം വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം എസ്.ഐ.ടി ആശുപത്രിയിലേക്ക് മാറ്റിയ കുട്ടിയുടെ സംസാര ശേഷി വീണ്ടുകിട്ടാന്‍ ഇനിയും സമയമെടുക്കുമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. കുട്ടി നടക്കാനും തുടങ്ങിയിട്ടില്ല. 
കുഞ്ഞ് സ്വയം ഏല്‍പിച്ച പരിക്കാണെന്നാണ് കുഞ്ഞിന്റെ അമ്മയും അമ്മൂമ്മയും സഹോദരിയും അവരുടെ ഭര്‍ത്താവും നല്‍കിയ മൊഴി. എന്നാല്‍ ഈ വാദം ഡോക്ടര്‍മാര്‍ പൂര്‍ണമായും തള്ളുകയാണ്. ബാറ്റേര്‍ഡ് ഓര്‍ ഷേക്കന്‍ ബേബി സിന്‍ഡ്രം ആണ് കുഞ്ഞിന് സംഭവിച്ചിരിക്കുന്നതെന്ന് അവര്‍ വിലയിരുത്തുന്നു. അതിശക്തിയില്‍ പിഞ്ചുശരീരം പിടിച്ചു കുലുക്കുമ്പോള്‍ എല്ലുകള്‍ ഒടിയുകയും അവയവങ്ങള്‍ക്ക് ക്ഷതം സംഭവിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. 
നിലവില്‍ കുഞ്ഞിന്റെ അമ്മക്കെതിരെ മാത്രമാണ് പോലീസ് കേസെടുത്തിട്ടുള്ളത്. സഹോദരിയുടെ ഭര്‍ത്താവ് ആന്റണി ടിജിന്‍ അടക്കമുള്ളവര്‍ക്ക് ഇതില്‍ പങ്കില്ലെന്നാണ് പോലീസ് നിലപാട്. എന്നാല്‍ ആന്റണി ടിജിന്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള ആളാണെന്നും കുഞ്ഞിനെ ഉപദ്രവിച്ചിരിക്കാമെന്നും പിതാവ് പറയുന്നു. പിതാവിന്റെ സംരക്ഷണയിലാണ് ഇപ്പോള്‍ കുട്ടിയുള്ളത്. സംഭവം നടന്ന് ഒരു മാസമായിട്ടും പോലീസ് ആരെയും അറസ്റ്റ് ചെയ്യാത്തത് അസാധാരണ നടപടിയാണെന്നാണ് പിതാവ് പറയുന്നത്. ഒരു വര്‍ഷം മുമ്പ് വരെ തന്നോടൊപ്പമുണ്ടായിരുന്ന ഭാര്യക്ക് മാനസിക പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും ഇയാള്‍ പറയുന്നു. 

Latest News