ഗുജറാത്തില്‍ പത്ത് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് വലവീശി ബി.ജെ.പി

സന്യം ലോധ

ജയ്പൂര്‍- ഗുജറാത്തില്‍ വര്‍ഷാവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പത്ത് കോണ്‍ഗ്രസ് എം.എല്‍.എമാരെ വലവീശി ബി.ജെ.പി.
രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ഉപദേഷ്ടാവ് സന്യം ലോധയാണ് ഇക്കാര്യം അറിയിച്ചത്. തനിക്ക് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം അറിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എണ്ണം പത്തില്‍ കൂടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തില്‍ കോണ്‍ഗ്രസ് സംഘടനാ ചമതലയുള്ള രഘുശര്‍മക്ക് ഒരു മാസം മുമ്പ് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും പ്രതികരണം ഉണ്ടായില്ലെന്നും സന്യം ലോധ ട്വീറ്റ് ചെയ്തു.
കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയും ടാഗ് ചെയ്തുകൊണ്ടാണ് രാജസ്ഥാനിലെ സിരോഹിയില്‍നിന്നുള്ള സ്വതന്ത്ര എം.എല്‍.എ കൂടിയായ സന്യംലോധയുടെ ട്വീറ്റ്.
വിവരങ്ങള്‍ ലഭിച്ചതു കൊണ്ടാണ് നേതൃത്വത്തെ അറിയിച്ചത്. 20 ദിവസം മുമ്പ് രഘുശര്‍മയെ വിവരം അറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് നടപടികളൊന്നുമില്ലാത്തതിനെ തുടര്‍ന്നാണ് പാര്‍ട്ടി ഹൈക്കമാന്‍ഡിനെ കൂടി ഉണര്‍ത്തുന്നതിന് നേതാക്കളെ ടാഗ് ചെയ്തതെന്ന് ലോധ പറഞ്ഞു.

 

Latest News