വിദ്വേഷ പട്ടികയില്‍ ഉടന്‍ മുകളിലെത്തും, ഇന്ത്യയുടെ ഹാപ്പിനെസ് റാങ്കിനെ കുറിച്ച് രാഹുല്‍

ന്യൂദല്‍ഹി- വിവിധ രാജ്യങ്ങളിലെ ജനങ്ങളുടെ സന്തോഷ നില രേഖപ്പെടുത്തുന്ന വേള്‍ഡ് ഹാപ്പിനെസ് റിപോര്‍ട്ടില്‍ ഇന്ത്യയുടെ സ്ഥാനം താഴോട്ട് പോയതിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. വിശപ്പില്‍ റാങ്ക് 10, സ്വാതന്ത്ര്യത്തില്‍ റാങ്ക് 119, സന്തോഷത്തില്‍ 136, ഇങ്ങനെയാണെങ്കില്‍ വിദ്വേഷത്തിന്റേയും ക്രോധത്തിന്റേയും പട്ടികയില്‍ വൈകാതെ നാം മുകളിലെത്തും- എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. 

യുഎന്‍ സസ്റ്റൈനബിള്‍ ഡെവലപ്‌മെന്റ് സൊലൂഷന്‍സ് നെറ്റ്വര്‍ക്ക് ആണ് 150 രാജ്യങ്ങളെ ഉള്‍പ്പെടുത്തി വേള്‍ഡ് ഹാപ്പിനെസ് റിപോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത്. ജീവിത നിലവാരം, സാമൂഹിക ക്ഷേമ സംവിധാനങ്ങള്‍, പ്രതിശീര്‍ഷ വരുമാനം, ആയുര്‍ദൈര്‍ഘ്യം, ഉദാരത, ജീവിക്കാനുള്ള സ്വാതന്ത്ര്യം, അഴിമതിയുടെ തോത് എന്നീ വിവിധ മാനദണ്ഡങ്ങള്‍ കണക്കിലെടുത്താണ് ഈ റിപോര്‍ട്ട് ജനങ്ങളുടെ സന്തോഷം അളക്കുന്നത്. 

പുതിയ റിപോര്‍ട്ടില്‍ വീണ്ടും ഫിന്‍ലന്‍ഡ് ആണ് ഒന്നാം സ്ഥാനത്ത്. ഡെന്‍മാര്‍ക്ക്, ഐസ് ലാന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ്, നെതര്‍ലാന്‍ഡ്‌സ്, ലക്‌സംബര്‍ഗ്, സ്വീഡന്‍, നോര്‍വെ, ഇസ്രായില്‍, ന്യൂസീലന്‍ഡ് എന്നീ രാജ്യങ്ങളാണ് ആദ്യ പത്തില്‍ ഇടംപിടിച്ചത്.

Latest News