Sorry, you need to enable JavaScript to visit this website.

രാധിക ആപ്‌തെ എന്തുകൊണ്ട് ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുന്നില്ല

ബോളിവുഡിലെ ഏറ്റവും ബോള്‍ഡ് ആയ നായികയെന്ന വിശേഷണത്തിന് ഉടമയാണെങ്കിലും രാധിക ആപ്‌തെ ചൂളിപ്പോകുന്ന ഒരു ചോദ്യമുണ്ട്. വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ എന്തുകൊണ്ടാണ് ബിസിനസ് ക്ലാസ് ഒഴിവാക്കി ഇക്കണോമി ക്ലാസ് തെരഞ്ഞെടുക്കുന്നത്. സഹയാത്രികരില്‍നിന്ന് പലപ്പോഴും ഈ ചോദ്യം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് രാധിക ആപ്‌തെ പറയുന്നു.
എന്തുകൊണ്ടാണ് ആളുകള്‍ ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്നതെന്ന കാര്യത്തില്‍ അമര്‍ഷമുണ്ടെങ്കിലും ബോളിവുഡിലെ തിരക്കേറിയ നടിക്ക് ഈ ചോദ്യത്തിന് ഉത്തരമുണ്ട്. അതു മറ്റൊന്നുമല്ല, സാമ്പത്തികം തന്നെ.
സിനിമയും ജീവിതവും ഒരുമിച്ചു കൊണ്ടു പോകുന്നതിന് വന്‍ ചെലവുള്ള അപൂര്‍വ നടികളിലൊരാളാണ് രാധിക ആപ്‌തെ. ഭാര്‍ത്താവ് ബെനഡിക്ട് ടെയ്‌ലര്‍ ലണ്ടനിലാണ് താമസം. ഒരു മാസത്തിലേറെ തങ്ങള്‍ പിരിഞ്ഞിരിക്കാറില്ലെന്ന് രാധിക ആപ്‌തെ എന്റര്‍ടെയിന്‍മെന്റ് മാഗസിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. വിമാന ടിക്കറ്റ് ചെലവേറിയതാണെങ്കിലും ഒന്നുകില്‍ ഞാന്‍ അങ്ങോട്ട്, അദ്ദേഹം ഇങ്ങോട്ട് എന്നതാണ് രീതി. യാത്ര കഠിനമാണെന്നതുപോലെ ചെലവും കഠിനമാണെന്ന് രാധിക പറയുന്നു. രണ്ട് മാസത്തിനിടയില്‍ മൂന്ന് യാത്രയെ കുറിച്ച് ആലോചിച്ചു നോക്കൂ. അതും ചിലപ്പോള്‍ അവസാന നിഷമിത്തിലായിരിക്കും ഒരാഴ്ച അവധി ലഭിക്കുക. വിമാന ടിക്കറ്റുകള്‍ക്ക് പുറമെ, ചെലവേറിയ രണ്ട് നഗരങ്ങളിലുളള വീടുകളും ബാങ്ക് ബാലന്‍സിനെ നന്നായി ബാധിക്കുന്നു-രാധിക ആപ്‌തെ പറയുന്നു. 
തമിഴ് സിനിമയുടെ ഷൂട്ടിങിനിടെ വളരെ പ്രശസ്തനായ തമിഴ് നടനെ തല്ലിയിട്ടുണ്ടെന്ന് രാധിക ആപ്‌തെ കഴിഞ്ഞ ദിവസം തുറന്നു പറഞ്ഞിരുന്നു. നേഹ ദൂപിയ അവതരിപ്പിക്കുന്ന പരിപാടിക്കിടെയാണ് നടിയുടെ തുറന്നുപറച്ചില്‍.ആ സിനിമയിലെ എന്റെ ആദ്യ ദിവസമാണ്. ഞാന്‍ അവിടെ ഇരിക്കുമ്പോള്‍, തമിഴിലെ പ്രശസ്തനായൊരു നടന്‍ അരികിലെത്തി കാലുകളിലൂടെ വിരലോടിക്കാന്‍ തുടങ്ങി. ഞാന്‍ അയാളെ അന്നാണ് ആദ്യമായി കാണുന്നത് തന്നെ. എന്റെ ആദ്യപ്രതികരണം തല്ലിലൂടെയായിരുന്നു- രാധിക ആപ്‌തെ പറഞ്ഞു.
എന്നാല്‍ സിനിമയുടെ പേരോ നടന്റെ പേരോ വെളിപ്പെടുത്താന്‍ നടി തയ്യാറായില്ല. 
2012ല്‍ ധോണി എന്ന ചിത്രത്തിലൂടെയാണ് നടി തമിഴിലെത്തിയത്.  ഓള്‍ ഇന്‍ ഓള്‍ അഴകുരാജ, വെട്രി സെല്‍വന്‍, കബാലി എന്നിവയാണ് നടിയുടെ തമിഴ് ചിത്രങ്ങള്‍. ഫഹദ് നായകനായി എത്തിയ ഹരം സിനിമയിലൂടെ മലയാളത്തിലും നടി അരങ്ങേറ്റം കുറിച്ചിരുന്നു.
ബോളിവുഡ് സിനിമയായ പദ്മന്‍ ബോക്‌സ് ഓഫീസില്‍ വന്‍വിജയമായിരുന്നു. അക്ഷയ് കുമാറിനോടൊപ്പം മികച്ച അഭിനയം കാഴ്ചവെച്ച രാധിക ആപ്‌തെ ഇപ്പോള്‍ മൈക്കിള്‍ വിന്റര്‍ബോട്ടം സിനിമയുടെ ഷൂട്ടിംഗിലാണ്. ദേവ് പട്ടേലാണ് നടന്‍. 


 

Latest News