പുറത്തിറങ്ങാൻ വാക്കിന്റേതല്ലാത്ത വാതിലുണ്ടോ? അകത്ത് കയറാൻ വാക്കിന്റേതല്ലാത്ത വാതിലുണ്ടോ?
എന്ന് കൽപറ്റ നാരായണൻ മാഷിലെ കവി ചോദിക്കുന്നുണ്ട്. ഏകദേശം എത്ര വാക്കുകൾ നാം നിത്യേന ഉപയോഗിക്കാറുണ്ട് എന്നത് കൗതുകമുണർത്തുന്ന ഒരു ചോദ്യമാണ്. ഇതിനെക്കുറിച്ച് ഗൗരവമായി ആലോചിച്ചവരുണ്ട്. പഠനം നടത്തിയവരുടെ അഭിപ്രായങ്ങളാവട്ടെ വ്യത്യസ്തവുമാണ്. പ്രായം, സംസ്‌കാരം ഭാഷ തുടങ്ങി പല ഘടകങ്ങളും നാം ഉപയാഗിക്കുന്ന വാക്കുകളുടെ എണ്ണത്തെ ഏറെ സ്വാധീനിക്കുന്നുണ്ട് എന്ന കാര്യം അവഗണിക്കാവുന്നതല്ല.
ഏഴായിരത്തിലധികം വാക്കുകൾ നിത്യേന ശരാശരി ആധുനിക മനുഷ്യൻ ഉപയോഗിക്കുന്നതായി ചിലർ നിഗമനത്തിലെത്തിയപ്പോൾ അരിസോണ യൂനിവേഴ്‌സിറ്റിയിൽ നടത്തിയ എട്ട് വർഷം നീണ്ട ശാസ്ത്രീയമായ ഗവേഷണത്തിന്റെ ഫലം സൂചിപ്പിക്കുന്നത് ഏകദേശം പതിനാറായിരം വാക്കുകളെങ്കിലും സ്ത്രീ പുരുഷ ഭേദമെന്യേ മിക്കയാളുകളും ദിനേന ഉപയോഗിക്കുന്നുണ്ട് എന്നതാണ്. സ്ത്രീകൾ പതിനായിരം വാക്കുകൾ പുരുഷൻമാരേക്കാൾ കൂടുതൽ ഉപയോഗിക്കാറുണ്ടെന്ന നേരത്തേയുള്ള വാദത്തെ ഈ പഠനം നിരാകരിക്കുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.
നിത്യേന നാം സംസാരത്തിൽ ഉപയോഗിക്കുന്ന വാക്കുകളുടെ എണ്ണത്തെക്കുറിച്ച് ഇത് വരെ നടന്ന ഗവേഷണ പഠനങ്ങളെ വിലയിരുത്തിക്കൊണ്ട് 2013 ൽ ബി.ബി.സി പ്രസിദ്ധീകരിച്ച ലേഖനത്തിൽ ക്ലോഡിയ ഹമോണ്ടിന്റെ നിരീക്ഷണവും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. അമേരിക്കയിൽ കുട്ടികളിൽ നടത്തിയ എഴുപത്തിമൂന്നോളം പഠനഫലങ്ങൾ പരിശോധിച്ചപ്പോൾ നേരിയ തോതിൽ പെൺകുട്ടികൾ ആൺകുട്ടികളേക്കാൾ കൂടുതൽ വാക്കുകൾ ഉപയോഗിക്കുന്നതായി കണ്ടത്തി. എന്നാൽ മുതിർന്നവരിൽ നടത്തിയ അമ്പത്തിയാറ് പഠനങ്ങൾ സൂചിപ്പിക്കുന്നത് പുരുഷൻമാരാണ് കൂടുതൽ വാക്കുകൾ നിത്യേന ഉപയോഗിക്കുന്നതെന്നാണ്. അപ്പോഴും എണ്ണത്തിൽ വലിയ വ്യത്യാസം ഉള്ളതായി കണ്ടെത്തിയിട്ടില്ല എന്നും ക്ലോഡിയ എഴുതുന്നുണ്ട്.
ആണായാലും പെണ്ണായാലും ഉപയോഗിക്കുന്ന വാക്കുകളുടെ എണ്ണത്തിൽ നേരിയ വ്യത്യാസങ്ങൾ ഉണ്ടെന്നാകിലും നാം നമ്മെ അവതരിപ്പിക്കുന്നതും മറ്റുള്ളവരെ അറിയുന്നതും പ്രധാനമായും വാക്കുകളുടെ കവാടത്തിലൂടെയാണെന്നർത്ഥം. പറയുന്ന ആൾക്ക് വലിയ കാര്യമായി തോന്നാറില്ലെങ്കിലും കേൾക്കുന്ന ആളിൽ ചില വാക്കുകൾ ആയസ്സറുതി വരെ ഒട്ടിപ്പിടിച്ചു നിൽക്കാനിടയുണ്ട്. ഒരു പൂന്തോട്ടത്തെ നട്ടുവളർത്തിയെടുക്കാനും ഒരു വനത്തെ ചുട്ടു ചാമ്പലാക്കാനും പോരുന്നതാണ് വാക്ക് എന്ന കാര്യം പലർക്കും അറിയാവുന്നതാണ്. നമ്മുടെ വാക്കുകൾ പരമാവധി ഗുണകാംക്ഷയുളളതാക്കിയാൽ ജീവിതം കൂടുതൽ ധന്യമാവുന്നത് കാണാം. വാക്കുകളിലെ ധാരാളിത്തം മറ്റുള്ളവരിൽ മുഷിപ്പുളവാക്കിയേക്കും എന്ന കാര്യവും നാം പലപ്പോഴും മറന്നു പോവാറുണ്ട്.
വാക്കുകളിലെ അശ്രദ്ധ പല സൗഹൃദങ്ങളെയും ഉൽക്കൃഷ്ട ബന്ധങ്ങളെയും അടിമുടി ഉലച്ചു കളയുന്ന കാര്യവും പലർക്കും ബോധ്യപ്പെടുന്ന യാഥാർത്ഥ്യമാണ്.
പ്രതികൂല മാനസികാവസ്ഥയിലാണ് പലപ്പോഴും നാം വാക്കുകൾ വഴിവിട്ട് ഉപയോഗിച്ചു പോവാറുള്ളത്. ഇത്തിരി നേരത്തെ സംയമനം നമ്മുടെ മൂഡ് മാറ്റിയേക്കും. എന്നാൽ ഉപയോഗിച്ച വാക്കിന്റെ പാട് മാറ്റാൻ ഏറെ കാലമെടുത്താലും കഴിഞ്ഞെന്ന് വരില്ല. വാക്കുകളുടെ കാര്യത്തിൽ പരമാവധി ശ്രദ്ധ പുലർത്തുന്നത് എന്തുകൊണ്ടും നല്ലതാണെന്നറിയാത്തവരല്ല നമ്മൾ. അവ പൊറുക്കപ്പെട്ടാലും മറക്കാനിടയില്ല എന്ന വസ്തുത നമ്മെ കൂടുതൽ ഉത്തരവാദിത്തത്തോടെ വാക്കുകൾ ഉപയോഗിക്കാൻ പ്രേരിപ്പിക്കേണ്ടതുണ്ട്.
വാക്കുകളുടെ സാധ്യത അനൽപമാണ്. മുറിവുണ്ടാക്കാനും മുറിവുണക്കാനും കനിവായ് പെയ്യാനും കനലായി എരിയിക്കാനും കെൽപുള്ള വിഭവമാണത്.
പറയാനെളുപ്പമുള്ള കുഞ്ഞുകുഞ്ഞ് വാക്കുകൾ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം നിസ്സാരമല്ല. ശബ്ദമല്ല വാക്കാണുയർത്തേണ്ടത് ; കാരണം മഴയാണ്, ഇടിയല്ല പൂക്കളെ വളർത്തുന്നത് എന്ന് മൗലാനാ ജലാലുദ്ദീൻ റൂമി പറയുന്നുണ്ട്.
ഒരാളുടെ പുലരിയെ, പകലരിരവിനെ മാറ്റിമറിക്കാൻ വാക്കുകൾക്കുള്ള ശേഷി നിസ്സാരമല്ലല്ലോ!
വിത്തുകളാണ് വാക്കുകൾ, പാകുന്നത് ഹൃത്തിലാണെന്ന് മാത്രം. പാകിയതിന്റെ ഫലം നാം ഒരിക്കൽ ഭുജിക്കേണ്ടി വരുമെന്നത് നമുക്ക് മറക്കാതിരിക്കാം.
ചില സ്വാഗത പ്രഭാഷണങ്ങൾ കേട്ടു കേട്ടാണ് ഞാനിത്ര മെലിഞ്ഞു പോയതെന്ന് സുകുമാർ അഴീക്കോട് സരസമായി പറഞ്ഞതും ഇത്തരുണത്തിൽ സ്മരണീയം തന്നെ.






