സ്‌നേഹത്തിന്റെ ഹേമ രശ്മികൾ

ഹേമ എന്ന സാധാരണ കുടുംബിനിക്ക് മലപ്പുറത്തുകാരുടെ മനസ്സിൽ എന്നുമൊരു പ്രത്യേക  സ്ഥാനമുണ്ട്. നമ്മുടെ സങ്കടങ്ങൾ കേൾക്കാൻ ഒരാൾ എന്ന തോന്നലാണ് പല കുടുംബങ്ങൾക്കും ഹേമയോടുള്ളത്. കൊല്ലം കുണ്ടറയാണ് സ്വദേശം. 18 വർഷം മുമ്പ് ഭർത്താവിന്റെ ജോലിയാവശ്യാർഥമാണ് മലപ്പുറം ജില്ലയിലേക്ക് വരുന്നത്. നിലമ്പൂരിലായിരുന്നു ആദ്യം. പിന്നീട് പുഴക്കാട്ടിരി, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ താമസിച്ചു. ഇപ്പോൾ 10 വർഷമായി കരിഞ്ചാപ്പാടി കുറുവ പഞ്ചായത്തിൽ ചുള്ളിക്കോട്ട് താമസിക്കുന്നു. ഭർത്താവ് പൊരുന്നംപറമ്പിൽ തെക്കേഅറ്റത്ത് വീട്ടിൽ അനിൽ കുമാർ കെ.എസ്.ഇ.ബി  ഓവർസിയറാണ്. മറ്റുള്ളവരുടെ വേദനയിൽ ദുഃഖിക്കുന്ന, അവരുടെ വിഷമതകൾ മാറ്റാൻ  മുന്നിട്ടിറങ്ങുന്ന, ഉള്ള പണം കൊണ്ട് പാവങ്ങളുടെ വിശപ്പകറ്റുന്ന, ജോലിയും കൂലിയും ഇല്ലാത്തവർക്ക്  സുരക്ഷിതമായ ഒരു വരുമാനം ഒരുക്കുന്ന, ആർദ്രമായ ഒരു ഹൃദയത്തിന്റെ ഉടമയാണ് ഹേമ. നൂറുകണക്കിനാളുകളെ ഇതിനോടകം ജീവിത ക്ലേശത്തിൽ നിന്നും രക്ഷപ്പെടുത്തി സുരക്ഷിതമായ സ്ഥാനങ്ങളിൽ എത്തിച്ചിട്ടുണ്ട്.
സമാനതകളില്ലാത്ത ഒന്നാണ് ഹേമയുടെ ജീവിതവും വ്യക്തിത്വവും. എല്ലാ രംഗത്തേക്കും സധൈര്യം കടന്നു വരുന്ന പ്രകൃതം.
സാധാരണക്കാരുടെ വിവിധ പ്രശ്‌നങ്ങളിൽ ഇടപെട്ടു മനുഷ്യ സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുന്ന ഹേമയുടെ കർമങ്ങൾക്കൊന്നും  സംഘടനാ ലേബൽ ഉണ്ടായിട്ടില്ല. മാധ്യമങ്ങളിൽ വാർത്ത കൊടുക്കാറില്ല. വേദിയിൽ കയറി പരസ്യപ്പെടുത്തുന്ന പതിവുമില്ല. 
ആരുടെയും പ്രീതി ആഗ്രഹിക്കാതെ  സാമൂഹ്യ പ്രവർത്തനം നടത്തുന്നവർ അവരുടെ ഉദ്യമങ്ങൾ നിർത്തിവെച്ചാൽ, രോഗികൾ, വയോജനങ്ങൾ, വിധവകൾ, വികലാംഗർ എന്നിവരുൾപ്പെടെ നിരവധി ആളുകൾക്ക് ഭക്ഷണവും മരുന്നും ശ്രദ്ധയും കിട്ടാതെ പോകും. ഇത് ചെറുപ്പത്തിലേ ഹേമ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. സ്വീകരിക്കുന്നതിലല്ല കൊടുക്കുന്നതിൽ മാത്രം സന്തോഷം കണ്ടെത്തുന്ന ഉത്തമ കുടുംബിനി. സാന്ത്വന പരിചരണത്തിലും മാനുഷിക സേവനത്തിലുമാണ് ബദ്ധശ്രദ്ധ.
നെഞ്ച് നോവുന്ന അനുഭവങ്ങളും ജീവിത വഴികളുമെല്ലാം പിന്നിട്ടാണ്  മലബാറിലെത്തുന്നത്. മലപ്പുറത്തെ കൂട്ടായ ജീവിത പരിസരത്തിൽ ആളുകളിലേക്കും സമൂഹത്തിലേക്കും കൂടുതലായി ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാൻ തുടങ്ങിയതോടെ നൊമ്പരപ്പെടുത്തുന്ന നിരവധി കാഴ്ചകളാണ് കണ്ടതെന്ന് ഹേമ പറയുന്നു.


സ്വന്തമായി സഹായം നൽകാൻ കഴിയാതെ വരുമ്പോൾ ഉദാര മനസ്‌കരെ കണ്ടെത്തി സഹായങ്ങൾക്ക് പ്രേരിപ്പിക്കും. വിദ്യാലയങ്ങളിൽ പ്രചോദന ക്ലാസുകൾക്ക് മാത്രമല്ല, സ്ത്രീകളുടേതായ പല അയൽക്കൂട്ട പരിപാടികൾക്കും ഫുട്‌ബോൾ ടൂർണമെന്റുകൾക്കും ഹേമ അതിഥിയായി ക്ഷണിക്കപ്പെടാറുണ്ട്.
നിർധനരായ യുവതികളെ കണ്ടെത്തി തൊഴിൽ പരിശീലനം നൽകി മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള തീവ്രശ്രമത്തിലാണ് ഇവർ. സമൂഹത്തിൽ നടക്കുന്ന അനീതിക്കും അന്യായങ്ങൾക്കുമെതിരെ മുഖം നോക്കാതെ അഭിപ്രായം പറയാനും  ഇവർക്കു മടിയില്ല. അതിന്റെ പേരിൽ പരിഹാസങ്ങളും ആരോപണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ഒന്നും ഹേമ  കാര്യമാക്കുന്നതേയില്ല. ആരും ഇടപെടാൻ മടിക്കുന്ന പല വിഷയത്തിലും പോലീസ് സ്റ്റേഷൻ വരെ കയറിയിറങ്ങേണ്ടിയും വന്നിട്ടുണ്ട്. പള്ളി, മദ്രസ, സാംസ്‌കാരിക കൂട്ടായ്മകൾ അങ്ങനെ പലതിന്റെയും പൊതുപരിപാടികൾക്ക് പോലീസ് സ്റ്റേഷനിൽ നിന്ന് അനുമതി വാങ്ങിക്കൊടുക്കും. രോഗികൾക്ക് മരുന്നുകൾക്കായി പോകും. ഡോക്ടറെ കാണിക്കാനും സൗജന്യമായ തുടർചികിത്സക്കും സർക്കാരിൽ നിന്ന് കിട്ടാനിടയുള്ള ആനുകൂല്യങ്ങൾ നേടിക്കൊടുക്കാനും പ്രവർത്തിക്കും.
സാധുജനങ്ങൾ  ആവശ്യപ്പെടുന്ന എന്തും സാധിച്ചു കൊടുക്കാൻ എവിടം വരെയും സ്വയം ഡ്രൈവ് ചെയ്തു പോകും. ഇത്തരത്തിൽ ലോക്ഡൗൺ വേളയിൽ കോട്ടക്കലിൽ നിന്ന് കൊല്ലം വരെ അർധരാത്രി ഒറ്റക്ക് കാറോടിച്ച് പോയിട്ടുണ്ട്. രോഗികളായ സ്ത്രീകളെയും കുട്ടികളെയും കാറിൽ കയറ്റി ഒപ്പം കൊണ്ടുവരും. അവർക്ക് ഭക്ഷണം വാങ്ങി നൽകും. വലിപ്പച്ചെറുപ്പം നോക്കാതെ  എല്ലാവരെയും ഒരുപോലെ കണ്ട് സേവിക്കും, സ്‌നേഹിക്കും.
കോവിഡ് കാലത്ത് ഹേമ എന്ന അമ്മയുടെയും മകന്റെയും കരുതൽ മലപ്പുറത്തെ മിക്ക കുടുംബങ്ങളും മറക്കാനിടയില്ല. ഒരു സാമൂഹിക പ്രവർത്തക ആകാൻ വ്യക്തിയുടെ സന്നദ്ധതയാണ് പ്രധാന കാര്യം. കരുണയുടെ ഉറവയായി മാറിയ മനുഷ്യസ്‌നേഹി നാസർ മാനുവാണ് പല സഹായ പ്രവർത്തനങ്ങളുടെയും പ്രചോദനം.
കൃഷിയോട് നല്ല താൽപര്യമുണ്ട്. 
വിവിധ രംഗത്തെ സേവനങ്ങൾക്കിടയിൽ അസഹനീയമായ പെരുമാറ്റം ആരിൽ നിന്നും ഉണ്ടായിട്ടില്ല. സ്വഭാവികമായുള്ള പ്രശ്‌നങ്ങളെയൊന്നും ഗൗരവമായി എടുക്കാറില്ല. ഹേമ പലവിധേനയും കഠിനാധ്വാനം ചെയ്യുന്നതിൽ സ്വന്തം കുടുംബം അസ്വസ്ഥമല്ല, മറിച്ച് ഭർത്താവും കുട്ടികളും കഴിയുന്നത്ര സഹായിക്കുന്നു. അമ്മക്ക് ഇഷ്ടം പാവങ്ങൾക്കിടയിലേക്ക് ഇറങ്ങുന്നതാണ്. അതിന് എന്തിന് എതിരു നിൽക്കണം എന്നാണ് മക്കളായ അപർണേശ്വരിയും  കൃഗേശ്വരനും ചോദിക്കുന്നത്.
സ്നേഹാർദ്രമായ പെരുമാറ്റവും പ്രസന്നമായ വ്യക്തിത്വവും ആരെയും ആകർഷിക്കുന്നതാണ്. 
കുട്ടിക്കാലത്തു തന്നെ ഡ്രൈവിംഗ് ഹരമായിരുന്നു. പത്തു വയസ്സിൽ തന്നെ ഡ്രൈവിംഗ് വശത്താക്കി. ഡ്രൈവിംഗ് ത്രില്ലുള്ള ഇവർ എവിടെക്കും തനിയെ കാറോടിച്ചു പോകും. ജീവിത വിജയത്തിന് ഏറെ സഹായിക്കുന്നത് വിപുലമായ വ്യക്തി ബന്ധങ്ങളാണ്.
വ്യത്യസ്ത രാഷ്ട്രീയ പ്രമുഖരും ഉന്നതരായ പോലീസ് ഉദ്യോഗസ്ഥരും  പരിചയക്കാരായുണ്ട്. കായികാഭ്യാസവും വശമുണ്ട്. മുമ്പ് ആയോധന കലാരംഗത്ത് സജീവമായിരുന്നു. ഇപ്പോൾ  സി.പി.മൊയ്തു ഗുരുക്കളുടെ കൊളത്തൂർ അനുഗ്രഹ കളരി വൈസ് പ്രസിഡന്റാണ്. ഒരു സംഘാടക എന്ന നിലയിൽ  കളരിപ്പയറ്റ് എന്ന പരമ്പരാഗത ആയോധന കലക്ക് ഇന്നും ചടുലതയോടെ   ഓജസ്സ് പകരുന്നു. കുറച്ചു നാളുകൾക്ക് മുമ്പു വരെ നാട്ടുകാർക്ക് സഹായി മാത്രമായിരുന്ന ഇവർ ഇന്നൊരുപാട് സ്ത്രീകൾക്ക് പ്രചോദനമാണ്. ഹേമക്ക് അസാധ്യമായിട്ടൊന്നുമില്ല. കൗൺസലിംഗ് രംഗത്തുള്ള കെ.എം. ഫാത്തിമയാണ് കൂട്ട്.

Latest News