പഞ്ചാബിലെ ആം ആദ്മി സര്‍ക്കാരിനെ വാഴ്ത്തി വീണ്ടും സിദ്ദു

ചണ്ഡീഗഢ്- ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനെ തെരഞ്ഞെടുത്തത് പഞ്ചാബിലെ ജനങ്ങളുടെ ഏറ്റവും മികച്ച തീരുമാനമെന്ന് പറഞ്ഞ കോണ്‍ഗ്രസ് നേതാവ് നവജോത് സിദ്ദു വീണ്ടും എഎപി സര്‍ക്കാരിനെ വാഴ്ത്തി രംഗത്ത്. മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പഞ്ചാബില്‍ പുതിയ മാഫിയാ വിരുദ്ധ യുഗത്തിനു തുടക്കമിടുന്നു എന്നാണ് സിദ്ദുവിന്റെ പുതിയ വാഴ്ത്ത്. കോണ്‍ഗ്രസിനു അധികാരം നഷ്ടമായതിനു പിന്നാലെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയേണ്ടി വന്ന സിദ്ദു പാര്‍ട്ടി നേതൃത്വത്തെ നാണംകെടുത്തിയാണ് വീണ്ടും എഎപി സര്‍ക്കാരിനെ പ്രകീര്‍ത്തിച്ചത്. പര്‍വതത്തോളം പ്രതീക്ഷളുമായാണ് ഭഗവന്ത് അധികാരമേല്‍ക്കുന്നതെന്നും അദ്ദേഹത്തിന് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കഴിയട്ടെ എന്നും സിദ്ധു ആശംസിച്ചു. ജനസ്വീകാര്യമായ നയങ്ങളിലൂടെ പഞ്ചാബിനെ വീണ്ടെടുപ്പിന്റെ പാതയില്‍ തിരിച്ചെത്തിക്കാന്‍ അദ്ദേഹത്തിനു കഴിയട്ടെ എന്നും സിദ്ദു ട്വീറ്റ് ചെയ്തു.

കോണ്‍ഗ്രസ് നേതൃത്വവുമായി  സിദ്ദു നടത്തിയ ഏറെ കാലം നീണ്ട ഉള്‍പ്പാര്‍ട്ടി പോരും പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ നാണംകെട്ട തോല്‍വിയില്‍ പ്രധാന പങ്കുവഹിച്ചിരുന്നു. മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി അമരീന്ദര്‍ സിങിനെതിരെ പൊരുതുകയും ഒടുവില്‍ അദ്ദേഹത്തെ താഴെയിറക്കുന്നതില്‍ വിജയിക്കുകയും ചെയ്തുവെങ്കിലും പിന്നീട് വന്ന തന്റെ സ്വന്തം ആളായ മുന്‍മുഖ്യമന്ത്രി ചരണ്‍ജീത് സിങ് ചന്നിയുമായും സിദ്ദു ഉടക്കി. നിയമസഭാ തെരഞ്ഞെടുപ്പു വരെ സിദ്ദുവും നേതാക്കളും തമ്മിലുള്ള പോരില്‍ ഉഴലുകയായിരുന്ന കോണ്‍ഗ്രസ് ഒടുവില്‍ എട്ടുനിലയില്‍ പൊട്ടിയതോടെയാണ് രംഗം ശാന്തമായത്. 

Latest News