കുവൈത്ത് സിറ്റി - സ്പോണ്‍സര്‍ക്കും കുടുംബാംഗങ്ങള്‍ക്കും നല്കുന്ന ഭക്ഷണങ്ങളില്‍ ദ്രവരൂപത്തിലുള്ള മാലിന്യങ്ങള്‍ കലര്‍ത്തുന്നത് പതിവാക്കിയ ഇന്ത്യന്‍ വേലക്കാരിയെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. വേലക്കാരി തയാറാക്കുന്ന ഭക്ഷണങ്ങള്‍ക്ക് രുചിവ്യത്യാസം അനുഭവപ്പെട്ട കുടുംബം അടുക്കളയില്‍ വേലക്കാരി അറിയാതെ രഹസ്യമായി ക്യാമറ സ്ഥാപിക്കുകയായിരുന്നു.
വേലക്കാരി ഭക്ഷണങ്ങളില്‍ ദ്രവരൂപത്തിലുള്ള മാലിന്യങ്ങള്‍ കലര്‍ത്തുന്നതായി ക്യാമറ പകര്‍ത്തിയ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് നിന്ന് കുടുംബത്തിന് വ്യക്തമായി. തുടര്‍ന്ന് വേലക്കാരിയെയും കൂട്ടി പോലീസ് സ്റ്റേഷനില്‍ എത്തിയ കുവൈത്തി പൗരന് ഈ ദൃശ്യങ്ങള്‍ സഹിതം പരാതിപ്പെടുകയായിരുന്നു. വീഡിയോ ദൃശ്യങ്ങള്‍ കാണിച്ചു കൊടുത്ത് നടത്തിയ ചോദ്യം ചെയ്യലില്‍ വേലക്കാരി കുറ്റസമ്മതം നടത്തി. ഒരു വര്‍ഷത്തിലേറെയായി യുവതി ഭക്ഷണങ്ങളില്‍ ഈ രീതിയില്‍ മാലിന്യങ്ങള്‍ കലര്‍ത്തുന്നതായി വ്യക്തമായി. അടുക്കളയില്‍ പാത്രത്തില്‍ രഹസ്യമായി സൂക്ഷിച്ച ദ്രവരൂപത്തിലുള്ള മാലിന്യങ്ങളാണ് യുവതി പിന്നീട് ഭക്ഷണപാനീയങ്ങളില്‍ കലര്‍ത്തിയിരുന്നത്.
കുവൈത്തി കുടുംബത്തോട് പ്രതികാരം ചെയ്യാന്‍ വേണ്ടിയാണ് താന്‍ ഭക്ഷണങ്ങളില്‍ മാലിന്യങ്ങള്‍ കലര്‍ത്തിയിരുന്നതെന്നും മറ്റു രീതികളിലും താന്‍ ഭക്ഷണപാനീയങ്ങള്‍ മലിനമാക്കിയിരുന്നതായും ചോദ്യം ചെയ്യലില്‍ യുവതി സമ്മതിച്ചു. വീട്ടിലെ മറ്റു മുറികളില്‍ നിന്ന് തീര്‍ത്തും വേറിട്ട മുറിയാണ് തനിക്ക് താമസത്തിന് അനുവദിച്ചിരുന്നത്. വീടിന്റെ ടെറസ്സിനു മുകളിലുള്ള മുറിയാണ് തനിക്ക് നല്‍കിയിരുന്നത്. ഇതാണ് ഭക്ഷണപാനീയങ്ങളില്‍ മാലിന്യങ്ങള്‍ കലര്‍ത്തി കുടുംബത്തോട് പ്രതികാരം ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും യുവതി പറഞ്ഞു.
വേലക്കാരി തയാറാക്കി നല്കുന്ന ഭക്ഷണങ്ങള്‍ പഴയപോലെയല്ല എന്ന് അല്പ കാലമായി തങ്ങള്‍ക്ക് അനുഭവപ്പെടുകയായിരുന്നെന്നും
തുടര്‍ന്നാണ് വേലക്കാരിയെ രഹസ്യമായി നിരീക്ഷിക്കാന്‍ അടുക്കളയില്‍ ക്യാമറ സ്ഥാപിച്ചതെന്നും കുവൈത്തി പൗരന് പറഞ്ഞു. ഇന്ത്യക്കാരിയെ കുവൈത്തില്‍ നിന്ന് എന്നെന്നേക്കുമായി നാടുകടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. വേലക്കാരിക്കെതിരെ കൊലപാതക ശ്രമം ആരോപിക്കാന്‍ സാധിക്കുമായിരുന്നെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.






