കുവൈത്ത് സിറ്റി - കുവൈത്തിലെ അല്‍ആരിദിയ ഏരിയയില്‍ മൂന്നംഗ കുവൈത്തി കുടുംബത്തെ കൊലപ്പെടുത്തിയ ഇന്ത്യക്കാരന്‍ കുവൈത്ത് സെന്‍ട്രല്‍ ജയിലില്‍ ജീവനൊടുക്കി. പ്രതിയെ ജയില്‍ സെല്ലിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
യുവാവ് ജീവനൊടുക്കുകയായിരുന്നെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായി. ധരിച്ച വസ്ത്രങ്ങള്‍ ഊരി ഇവ ഉപയോഗിച്ചാണ് സെല്ലിലെ കട്ടിലില്‍ പ്രതി തൂങ്ങിമരിച്ചതെന്ന് നിരീക്ഷണ ക്യാമറകള്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. പ്രതി ജീവനൊടുക്കിയ കാര്യം ജയില്‍ അധികൃതര്‍ പബ്ലിക് പ്രോസിക്യൂഷനെയും ഫോറന്‍സിക് മെഡിസിന്‍ വിഭാഗത്തെയും ക്രിമിനല്‍ എവിഡെന്‍സ് വിഭാഗത്തെയും അറിയിച്ചിട്ടുണ്ട്.
ദിവസങ്ങള്‍ക്കു മുമ്പാണ് ഇന്ത്യക്കാരന്‍ കുവൈത്തി പൗരനെയും ഭാര്യയെയും മകളെയും കുത്തിക്കൊലപ്പെടുത്തിയത്. കൃത്യത്തിനു ശേഷം രക്ഷപ്പെട്ട പ്രതിയെ സമീപ പ്രദേശങ്ങളിലെ വീടുകളില്‍ സ്ഥാപിച്ച സി.സി.ടി.വികള്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് തിരിച്ചറിഞ്ഞത്. കൊലപാതത്തിനു ശേഷം 300 കുവൈത്തി ദീനാറും സ്വര്‍ണാഭരണങ്ങളും കവര്‍ന്നാണ് പ്രതി വീട്ടില്‍ നിന്ന് രക്ഷപ്പെട്ടിരുന്നത്. സ്വര്‍ണാഭരണങ്ങള്‍ പ്രതി പിന്നീട് വിറ്റ് കാശാക്കിയിരുന്നു. ഇതിന്റെ ഇന്‍വോയ്‌സുകള്‍ പ്രതിയുടെ പക്കല്‍ കണ്ടെത്തിയിരുന്നു.