പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത സഹപാഠിയായ കോളേജ് വിദ്യാര്‍ഥിക്ക് കുത്തേറ്റു

തൃശൂർ - ഇരിങ്ങാലക്കുടയിൽ  പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നതു ചോദ്യം ചെയ്ത സഹപഠിയായ വിദ്യാര്‍ഥിക്ക്  കുത്തേറ്റു. ഇരിങ്ങാലക്കുട മെയിന്‍ റോഡിലെ സ്വകാര്യ കോളേജായ ജ്യോതിസ്സിലെ  രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി ചേലൂര്‍ കോണേങ്ങാടന്‍ വീട്ടില്‍ തോമസ് മകന്‍ ടെല്‍സനാണ്  (19)  കുത്തേറ്റത്.

സംഭവുമായി ബന്ധപ്പെട്ട് കാറളം സ്വദേശി ഷാഹില്‍, ആലുവ സ്വദേശി രാഹുല്‍ എന്നിവരെ പോലീസ് പിടികൂടി. രാവിലെ 9.30 ഓടെയാണു സംഭവം. ഇതേ കോളജിലെ സഹപാഠിയായ കരുവന്നൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നതു ചോദ്യം ചെയ്തപ്പോഴാണു കുത്തേറ്റത്. വിദ്യാര്‍ഥിനി ബസിറങ്ങി കോളജിലേക്കു നടന്നുവരികയായിരുന്നു. ഈ സമയം ബൈക്കിലെത്തിയ പ്രതികളായ രണ്ടുപേര്‍ ചേര്‍ന്നു പെണ്‍കുട്ടിയെ ശല്യം ചെയ്യുകയും ദോഹോദ്രവം  ഏല്‍പ്പിക്കുവാന്‍ ശ്രമിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ  ശബ്ദം കേട്ട് കോളജിലെ സഹപാഠികളായ മൂന്നുപേര്‍ ചോദ്യം ചെയ്യുകയായിരുന്നു. ഈ സമയം പ്രതികള്‍ കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്തു കുത്തുകയായിരുന്നു. ടെൽസന്റെ വയറ്റിലും നെഞ്ചിലുമായി മൂന്നു കുത്തുകളാണ് ഏറ്റിട്ടുള്ളത്. 

 ഉടന്‍ തന്നെ  ടെല്‍സനെ ജനറല്‍ ആശുപത്രിയിലും വിദഗ്ധ ചികില്‍സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും   കൊണ്ടുപോയി.

ഒരു മുറിവ് ആഴത്തിലുള്ളതാണെന്നു ആശുപത്രി അധികൃതർ  പറഞ്ഞു. ടെൽസണെ കുത്തി   പരിക്കേല്‍പ്പിച്ച ശേഷം പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെടുവാന്‍ ശ്രമിക്കുമ്പോൾ മറ്റൊരു വാഹനവുമായി ബൈക്ക് കൂട്ടിയിടിച്ച്  അപകടത്തില്‍പ്പെടുകയും ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് ഇവരെ പിടികൂടുകയുമായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ  പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. പ്രതികളിൽ  ഒരാളുടെ  കൈയ്ക്കു മുറിവേറ്റിട്ടുണ്ട്.

Latest News