ദമാം- റാബിഗ് കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിൽ സമ്പൂർണ വിനോദ നഗരമായ ഡിസ്‌നി ലാന്റ് സ്ഥാപിക്കുമെന്ന് കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി ഇൻഡസ്ട്രിയൽ വാലി സി.ഇ.ഒ എൻജിനീയർ അയ്മൻ മുൻസി വെളിപ്പെടുത്തി. അശ്ശർഖിയ ചേംബർ ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രി ആസ്ഥാനത്ത് സംഘടിപ്പിച്ച ഓപ്പൺ ഫോറത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസ്‌നി ലാന്റ് പദ്ധതി പ്ലാൻ തയാറാക്കുകയും ഇതിനുള്ള ബജറ്റ് നീക്കിവെക്കുകയും ചെയ്തിട്ടുണ്ട്. പദ്ധതിക്ക് ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് ലൈസൻസ് നേടിയെടുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. വിനോദ വ്യവസായ മേഖലയിൽ സൗദിയിലെ വലിയ കുതിച്ചുചാട്ടമാകും ഡിസ്‌നി ലാന്റ് പദ്ധതി. ഇൻഡസ്ട്രിയിൽ വാലിയിൽ ഏവിയേഷൻ കോളേജ് സ്ഥാപിക്കുന്നതിന് സൗദി അറാംകൊയുമായും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനുമായും ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്.
ഇക്കണോമിക് സിറ്റിയിൽ എട്ടു ലക്ഷം ചതുരശ്രമീറ്റർ വിസ്തീർണമുള്ള ഗോൾഫ് ക്ലബ്ബുണ്ട്. ജനറൽ സ്‌പോർട്‌സ് അതോറിറ്റിയുമായി സഹകരിച്ച് ഇവിടെ സൗദിയിലെ ആദ്യത്തെ ഗോൾഫ് മത്സരം സംഘടിപ്പിക്കുന്നതിന് നീക്കമുണ്ട്. ഇക്കണോമിക് സിറ്റിയിലെ തുറമുഖത്തിന് പ്രതിവർഷം 30 ലക്ഷം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യുന്നതിന് ശേഷിയുണ്ട്. ഭാവിയിൽ ഇത് 40 ലക്ഷം കണ്ടെയ്‌നറുകളായി ഉയർത്തും. ഇക്കണോമിക് സിറ്റിയിൽ നിന്ന് ഹറമൈൻ ട്രെയിനിൽ മക്കയിലും മദീനയിലും എത്തുന്നതിന് 55 മിനിറ്റിലധികം സമയം വേണ്ടിവരില്ല.
ഗൾഫ് രാജ്യങ്ങളിൽ അതിവേഗ വളർച്ച കൈവരിക്കുന്ന ഇക്കണോമിക് സിറ്റിയായി കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയെ കഴിഞ്ഞയാഴ്ച തെരഞ്ഞെടുത്തിട്ടുണ്ട്. ഇക്കണോമിക് സിറ്റിയിലെ 45 ശതമാനം സ്ഥലവും വികസിപ്പിച്ചിട്ടുണ്ട്. സൗദിയിലെ ഏറ്റവും വലിയ സ്‌പോർട്‌സ് കോംപ്ലക്‌സ് അടുത്ത വർഷം ആദ്യ പാദത്തിൽ ഇക്കണോമിക് സിറ്റിയിൽ ഉദ്ഘാടനം ചെയ്യുമെന്നും എൻജിനീയർ അയ്മൻ മുൻസി പറഞ്ഞു.
നിർമാണം പൂർത്തിയാകുന്നതോടെ കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി തുറമുഖത്തിന്റെ ശേഷി രണ്ടു കോടി കണ്ടെയ്‌നറുകളായി ഉയരുമെന്ന് കിംഗ് അബ്ദുല്ല സീപോർട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഡെവലപ്‌മെന്റ് വിഭാഗം മേധാവി റയാൻ അൽബുഖാരി പറഞ്ഞു. കാറുകൾ ഇറക്കുമതി ചെയ്യുന്നതിന് തുറമുഖത്ത് പ്രത്യേക ഏരിയ ഉണ്ടാകും. പ്രതിവർഷം പതിനഞ്ചു ലക്ഷം കാറുകൾ സ്വീകരിക്കുന്നതിന് ഈ ഏരിയക്ക് ശേഷിയുണ്ടാകും. ലൂസ് ചരക്കുകൾ ഇറക്കുമതി ചെയ്യുന്ന ഏരിയക്ക് പ്രതിവർഷം 1.8 കോടി ടൺ ചരക്കുകൾ സ്വീകരിക്കുന്നതിന് ശേഷിയുണ്ടാകുമെന്നും റയാൻ അൽബുഖാരി പറഞ്ഞു.






