യു.എ.ഇയില്‍ ഇത്തവണ ഇഫ്താര്‍ കൂടാരങ്ങളുണ്ട്

ദുബായ് - കോവിഡ് മൂലം അനുമതി നിഷേധിക്കപ്പെട്ട റമദാന്‍ കൂടാരങ്ങള്‍ക്ക് ഇത്തവണ യു.എ.ഇയില്‍ അനുമതി. നിയന്ത്രണങ്ങളോടെ ഇഫ്താര്‍ കൂടാരങ്ങള്‍ ഒരുക്കാന്‍  ദേശീയ അടിയന്തര ദുരന്തനിവാരണ സമിതി അനുമതി നല്‍കി.  രണ്ടു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് ഇഫ്താര്‍ കൂടാരങ്ങള്‍ക്ക് അനുമതി നല്‍കുന്നത്. തൊഴിലാളികളടക്കമുള്ളവര്‍ പങ്കെടുക്കുന്ന നോമ്പുതുറ വിരുന്നുകള്‍ ഇത്തവണ റമദാനിലുണ്ടാകും.

കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണങ്ങളോടെ ഇഫ്താര്‍ കൂടാരങ്ങള്‍ക്ക് അനുമതി നല്‍കുന്നതെന്നു ദേശീയ അടിയന്തര ദുരന്തനിവാരണ സമിതി വ്യക്തമാക്കി. ടെന്റുകള്‍ സജ്ജീകരിക്കുന്നതിന് എമിറേറ്റ്‌സ് റെഡ് ക്രെസന്റില്‍നിന്ന് പ്രത്യേകഅനുമതി നേടണം. ഇഫ്താര്‍ വിരുന്നുകളില്‍ ഒരു മീറ്റര്‍ സാമൂഹിക അകലം പാലിക്കണം. എല്ലാ വശങ്ങളില്‍ നിന്നും അകത്തേക്കു പ്രവേശിക്കാവുന്നതോ പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്തതോ ആയിരിക്കണം ഇഫ്താര്‍ കൂടാരങ്ങള്‍. ഇഫ്താറിനു രണ്ടു മണിക്കൂര്‍ മുമ്പു മുതല്‍ ആളുകളെ അകത്തേക്കു പ്രവേശിപ്പിക്കാം. ഹസ്തദാനം ഒഴിവാക്കണം. ഭക്ഷണം കഴിക്കുന്നതിലും മറ്റും നിയന്ത്രണങ്ങളുണ്ട്.

 

Latest News