കൊല്ലം- പതിനേഴ്കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാക്കളെ റിമാന്റ് ചെയ്തു. മങ്ങാട് അറുനൂറ്റി മംഗലം റോസ് നഗര്‍ 25 എയില്‍ ഫൈസി (സല്മാന് ഫൈസി, 21), കരിക്കോട് ടി.കെ.എം.സി പി.ഒയില്‍ പുത്തന്‍വിള കിഴക്കതില്‍ ഫ്രാന്‍സിസ് (23) എന്നിവരാണ് റിമാന്റിലായത്.
ഫ്രാന്‍സിസുമായി അടുപ്പത്തിലായിരുന്ന പെണ്‍കുട്ടിയെ ഇയാള്‍ ലൈംഗീകമായി ചൂഷണം ചെയ്തിരുന്നു. ഇത് മനസിലാക്കിയ കൂട്ടുകാരനായ ഫൈസിയും പെണ്‍കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തി മുതലെടുത്തു.
ഇവരുടെ ശല്യം സഹിക്ക വയ്യാതെയാണ് പെണ്‍കുട്ടി കഴിഞ്ഞ 12ന് കുറിപ്പ് എഴുതി വെച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയില്‍ പാലത്തറയിലെ സ്വകാര്യ ആശുപത്രിയില്‍ പെണ്‍കുട്ടിയെ പ്രവേശിപ്പിച്ചുവെങ്കിലും 13ന് മരിച്ചു. തുടര്‍ന്ന് പ്രതികളെ ചപ്പേത്തടത്ത് നിന്നും പിടികൂടുകയായിരുന്നു.






