Sorry, you need to enable JavaScript to visit this website.

ഉറങ്ങുമ്പോള്‍ ലൈറ്റണച്ച് ജനല്‍ അടച്ചില്ലെങ്കില്‍ ഹാർട്ട് അറ്റാക്ക് വരുമോ? 

രാത്രി കിടന്നുറങ്ങുന്നതിന് മുമ്പ് മുറിയിലെ ജനല്‍ കര്‍ട്ടനുകള്‍ ശരിയായി തന്നെ മറച്ച് വെളിച്ചം പൂര്‍ണമായും തടഞ്ഞില്ലെങ്കില്‍ അത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് പഠനം. മുറിയില്‍ ചെറിയ തോതിലെങ്കിലും വെളിച്ചമുണ്ടെങ്കില്‍ അത് ശരീരത്തെ ഒരു ജാഗ്രതാ അവസ്ഥയിലാക്കുമെന്നും ഇത് ഹൃദയമിടിപ്പ് പകല്‍ സമത്തെ തോതിലേക്ക് ഉയര്‍ത്തുമെന്നുമാണ് കണ്ടെത്തല്‍. ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഹൃദ്രോഗത്തിനും പ്രമേഹത്തിനും ഹൃദായാഘാതത്തിനു വരെ കാരണമായേക്കാമെന്നും യുഎസിനെ നാഷനല്‍ അക്കാഡമി ഓഫ് സയന്‍സസ് പ്രസിദ്ധീകരിക്കുന്ന  മുന്‍നിര ശാസ്ത്ര ജേണലായ പിഎന്‍എഎസ് പ്രസിദ്ധീകരിച്ച പുതിയ പഠനം മുന്നറിയിപ്പ് നല്‍കുന്നു. ഇലിനോയിയിലെ നോര്‍ത്ത് വെസ്റ്റേണ്‍ യൂനിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരുടേതാണ് ഈ കണ്ടെത്തല്‍.

മുതിര്‍ന്ന 20 പേരിലാണ് പഠനം നടത്തിയത്. ഇവരില്‍ 10 പേരെ ഒരു രാത്രി മങ്ങിയ വെളിച്ചമുള്ള മുറിയിലും മറ്റൊരു രാത്രി അല്‍പ്പം വെളിച്ചമുള്ള മുറിയിലും ഉറക്കി നിരീക്ഷിച്ചു. മറ്റു 10 പേരെ തുടര്‍ച്ചയായ രണ്ടു രാത്രികളില്‍ മങ്ങിയ വെളിച്ചമുള്ള മുറിയിലും ഉറക്കിക്കിടത്തി ഇവരുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെ പഠന വിധേയമാക്കി. ഇവരില്‍ വെളിച്ചം കൂടുതലുള്ള മുറിയില്‍ ഉറങ്ങിയവരില്‍ ഇന്‍സുലിന്‍ പ്രതിരോധം ഉയര്‍ന്നതായിരുന്നു. ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഹോര്‍മോണുമായി ശരീര കോശങ്ങള്‍ പ്രതികരിക്കാതിരിക്കുകയും ശരീരത്തിലെ ഗ്ലൂക്കോസ് ഉപയോഗിക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഇന്‍സുലിന്‍ പ്രതിരോധം. 

അല്‍പ്പം വെളിച്ചമുള്ള മുറിയില്‍ ഉറങ്ങിയവരുടെ ഹൃദയമിടിപ്പ് നിരക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാണെന്നും ഗവേഷകര്‍ കണ്ടെത്തി. രാത്രി കാലങ്ങളില്‍ ഹൃദയത്തിന് ആവശ്യമായ വിശ്രമ ഇടവേള ലഭിക്കാതെ സാധാരണ നിലയിലുള്ള ഹൃദയത്തിന്റെ പ്രവര്‍ത്തനത്തക്ക് വിഘ്‌നം സൃഷ്ടിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.

Latest News