ഹിജാബ്: അദൃശ്യകരങ്ങളുണ്ടെന്ന ബി.ജെ.പി സര്‍ക്കാരിന്റെ വാദം ഹൈക്കോടതി ശരിവെച്ചു

ബംഗളൂരു- സംസ്ഥാനത്തെ സൗഹാര്‍ദം തകര്‍ക്കാനും അശാന്തി വിതക്കാനും ലക്ഷ്യമിടുന്ന ചില അദൃശ്യശക്തികള്‍ ഹിജാബ് വിവാദത്തിനു പിന്നിലുണ്ടെന്ന ബി.ജെ.പി സര്‍ക്കാരിന്റെ വാദം കര്‍ണടക ഹൈക്കോടതി ശരിവെച്ചു. വിവാദം ആവശ്യമായതില്‍ കൂടുതല്‍ കത്തിപ്പടര്‍ന്നതില്‍ കോടതി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.
ചില അദൃശ്യ കരങ്ങളുണ്ടെന്ന വാദം ശരിവെക്കുന്നതാണ് വിവാദത്തിന്റെ വ്യാപ്തി. എന്നാല്‍ അതേക്കുറിച്ച് കൂടുതല്‍ വ്യക്തമാക്കേണ്ടതില്ലെന്ന്  ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പറഞ്ഞു.
ഹിജാബ് ധരിച്ച് ക്ലാസില്‍ ഇരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഉഡുപ്പി ഗവണ്‍മെന്റ് പ്രീയൂണിവേഴ്‌സിറ്റി ഗേള്‍സ് കോളേജിലെ ഏതാനും മുസ്ലിം പെണ്‍കുട്ടികള്‍ സമര്‍പ്പിച്ച ഹരജികളാണ് ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിതും ജസ്റ്റിസ് ജെ.എം ഖാസിയും അടങ്ങുന്ന ഫുള്‍ ബെഞ്ച് തള്ളിയത്.
വിവാദത്തില്‍ പോലീസ് തുടരുന്ന അന്വേഷണത്തെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയും (സിഎഫ്‌ഐ) മറ്റു ചില സംഘടനകളും മുസ്ലിം വിദ്യാര്‍ത്ഥികളെ അക്രമത്തിനു പ്രേരിപ്പിച്ചുവെന്ന് വാദം കേള്‍ക്കുന്നതിനിടെ ചില അഭിഭാഷകര്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

ഇക്കാര്യത്തെ കുറിച്ച് കോടതി ചോദിച്ചപ്പോള്‍   അഡ്വക്കേറ്റ് ജനറല്‍ പ്രഭുലിംഗ് നവദ്ഗി പോലീസ് രേഖകള്‍ മുദ്രവെച്ച കവറിലാണ് ബെഞ്ചിന് കൈമാറിയിരുന്നത്. മുദ്ര വെച്ച കവറില്‍ ലഭിച്ച പോലീസ് രേഖകളുടെ പകര്‍പ്പുകള്‍ പരിശോധിച്ച് തിരികെ നല്‍കിയിട്ടുണ്ടെന്നും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന്  വേഗത്തിലുള്ള കാര്യക്ഷമമായ അന്വേഷണം  പ്രതീക്ഷിക്കുന്നുവെന്നും  ബെഞ്ച് പറഞ്ഞു.

2004 മുതല്‍ സംസ്ഥാനത്ത് വസ്ത്രധാരണം സംബന്ധിച്ച പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നുവെന്നും  എട്ട് മഠങ്ങള്‍ സ്ഥിതി ചെയ്യുന്ന ഉഡുപ്പിയിലെ അഷ്ടമഠ സമ്പ്രദായ ഉത്സവങ്ങളില്‍ മുസ്ലിംകള്‍ പോലും പങ്കെടുക്കാറുണ്ടെന്നും ജഡ്ജിമാര്‍ പറഞ്ഞു.  
അക്കാദമിക് വര്‍ഷത്തിന്റെ മധ്യത്തില്‍ പൊടുന്നനെ ഹിജാബ് പ്രശ്‌നം പൊട്ടിപ്പുറപ്പെട്ടതും അത് പടര്‍ന്നതും അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

തീവ്ര ഇസ്ലാമിക സംഘടനകളുടെ പങ്കിനെ കുറിച്ചും ചില വിദേശ സര്‍വകലാശാലകള്‍ ഇന്ത്യയെ ഇസ്‌ലാമികമാക്കാന്‍ നല്‍കുന്ന ഫണ്ട് സംബന്ധിച്ചും സിബിഐയും ദേശീയ അന്വേഷണ ഏജന്‍സിയും അന്വേഷിക്കണമെന്ന വാദങ്ങള്‍ ഹൈക്കോടതി അവഗണിച്ചു.

 

Latest News