യോഗിയുടേയും മായാവതിയുടേയും ചിത്രം മോര്‍ഫ് ചെയ്തു, യു.പിയില്‍ യുവാവ് അറസ്റ്റില്‍

നോയിഡ-മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും മുന്‍ മുഖ്യമന്ത്രി മായാവതിയുടെയും ആക്ഷേപകരമായ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റില്‍. ആദിത്യനാഥിന്റെയും മായാവതിയുടെയും മോര്‍ഫ് ചെയ്ത ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ച കേസില്‍ 24 കാരനായ
അമീര്‍ ഖാനെയാണ്  ഉത്തര്‍പ്രദേശിലെ ഗൗതം ബുദ്ധ് നഗറില്‍  അറസ്റ്റ് ചെയ്തത്.
മാര്‍ച്ച് 13നാണ് വിവാദ ഫോട്ടോ പോസ്റ്റ് ചെയ്തത്. പോസ്റ്റിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നിരവധി കമന്റുകള്‍ വന്നതിനെ തുടര്‍ന്ന് ജെവാര്‍ പോലീസ് സ്വമേധയാ  എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
ജെവാര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ദയനാഥ്പൂര്‍ ഗ്രാമത്തില്‍ താമസിക്കുന്ന അമീര്‍ ഖാനെ  സബൗട്ട അണ്ടര്‍പാസിന് സമീപം വെച്ചാണ്   പിടികൂടിയതെന്ന്  പോലീസ് വക്താവ് പറഞ്ഞു.
നിര്‍മാണത്തൊഴിലാളിയായ ഖാന്‍ എന്തിനാണ് മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചതെന്ന ചോദ്യത്തിന് മറുപടി നല്‍കിയിട്ടില്ലെന്ന്  ജെവാര്‍ പോലീസ് സ്‌റ്റേഷന്‍ എസ്എച്ച്ഒ ഉമേഷ് ബഹാദൂര്‍ പറഞ്ഞു.
ഒരു ട്വിറ്റര്‍ ഉപയോക്താവ് വിഷയം ഉയര്‍ത്തിക്കാട്ടിയതിനെത്തുടര്‍ന്ന് പ്രാദേശിക പോലീസ് ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

 

Latest News