ന്യൂദല്‍ഹി- ഹിജാബ് നിരോധനം ശരിവെച്ച കര്‍ണാടക ഹൈക്കോടതി വിധി അത്യധികം നിരാശാജനകമാണെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. മതത്തെ കുറിച്ച് മാത്രമല്ല ഇതെന്നും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കൂടി ഉള്‍പ്പെട്ടതാണെന്നും അവര്‍ പറഞ്ഞു.
ഹിജാബ് നിരോധം ശരിവെച്ചുകൊണ്ടുള്ള കര്‍ണാടക ഹൈക്കോടതിയുടെ തീരുമാനം നിരാശാജനകമാണ്. ഒരു വശത്ത് ഞങ്ങള്‍ സ്ത്രീകളെ ശാക്തീകരിക്കുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാല്‍ ലളിതമായ തെരഞ്ഞെടുപ്പിനുള്ള അവകാശം കൂടി നിഷേധിക്കുകയാണ്. ഇത് മതം മാത്രമല്ല, തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കൂടിയാണ്- പി.ഡി.പി അധ്യക്ഷയായ മെഹബൂബ മുഫ്തി ട്വിറ്ററില്‍ കുറിച്ചു.
ഒരു സ്ത്രീക്ക് ഏതു വസ്ത്രം ധരിക്കണമെന്ന് തെരഞ്ഞെടുക്കാനുള്ള അടിസ്ഥാന അവകാശം കോടതി ഉയര്‍ത്തിപ്പിടിക്കാത്തത് പരിഹാസ്യമാണെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് (എന്‍.സി) നേതാവ് ഉമര്‍ അബ്ദുല്ല പറഞ്ഞു.
കര്‍ണാടക ഹൈക്കോടതിയുടെ വിധിയില്‍ വളരെ നിരാശയുണ്ട്. ഹിജാബ് വിഷയത്തില്‍ ഒരു വസ്ത്രത്തിന്റെ ഇനമല്ല ഉള്‍പ്പെട്ടിരിക്കുന്നതെന്നും ഒരു സ്ത്രീക്ക് താന്‍ ഏതു വസ്ത്രം ധരിക്കണമെന്ന് തെരഞ്ഞെടുക്കാനുള്ള അവകാശത്തെക്കുറിച്ചാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ക്ലാസ് മുറിയില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഉഡുപ്പിയിലെ ഗവ. പ്രീയൂണിവേഴ്സിറ്റി ഗേള്‍സ് കോളേജിലെ ഏതാനും മുസ്്ലിം വിദ്യാര്‍ഥിനികള്‍ സമര്‍പ്പിച്ച ഹരജികളാണ് കര്‍ണാടക ഹൈക്കോടതി തള്ളിയത്.