സൗദിയില്‍ മിക്ക പ്രദേശങ്ങളിലും വെള്ളിയാഴ്ച വരെ താപനില താഴോട്ട് ; പൊടിക്കാറ്റിനും സാധ്യത

റിയാദ് -സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും വെള്ളിയാഴ്ച വരെ തണുപ്പ് ശക്തമാകുമെന്ന്  ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എന്‍സിഎം) അറിയിച്ചു.   
ചൊവ്വാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും താപനില കുറയുമെന്നാണ് അറിയിപ്പ്. തബൂക്ക്, വടക്കന്‍ അതിര്‍ത്തി, ഹായില്‍, അല്‍ജൗഫ് മേഖലകളുടെ ചില ഭാഗങ്ങളില്‍ താപനില  മൂന്ന്  ഡിഗ്രി വരെ എത്തും.  ചില സ്ഥലങ്ങളിലേക്ക് മൈനസ് ഡിഗ്രിയിലേക്ക് പോകാനും സാധ്യതയുണ്ട്.
അല്‍ഖസീം, അല്‍ശര്‍ഖിയ, റിയാദ് മേഖലകളിലെ ചില ഭാഗങ്ങളില്‍ താപനില നാല് ഡിഗ്രി വരെ താഴാനും സാധ്യതയുണ്ട്.  
മക്ക, തബൂക്ക്, മദീന, അല്‍ജൗഫ്, ഹായില്‍, വടക്കന്‍ അതിര്‍ത്തി, അല്‍ഖസീം എന്നീ പ്രദേശങ്ങളില്‍ ചൊവ്വാഴ്ച മുതല്‍ പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കിഴക്കന്‍ പ്രവിശ്യയിലും റിയാദിലും പൊടിക്കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്.
കാറ്റിന്റെ വേഗത മണിക്കൂറില്‍ 50 കിലോമീറ്ററില്‍ കൂടുതലാകുമെന്നും ശക്തമാകുന്ന പൊടിക്കാറ്റ്  ദൃശ്യക്ഷമത കുറക്കുമെന്നും ജാഗ്രത പുലര്‍ത്തണമെന്നും സിഫില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

Latest News