കുവൈത്ത് സിറ്റി- ഫിലിപ്പിനോ വേലക്കാരിയെ അതിനിഷ്ഠുരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ലെബനീസ് പൗരൻ നാദിർ ഉസാം അസ്സാഫിനെയും സിറിയക്കാരിയായ ഭാര്യ മുന ഹസൂനെയും വിചാരണക്കു വേണ്ടി കുവൈത്തിന് കൈമാറരുതെന്ന് ലെബനീസ് പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. പകരം ഇരുവരെയും ലെബനോനിൽ വിചാരണ ചെയ്യണമെന്നും പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. പ്രതികളെ കുവൈത്തിന് കൈമാറുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിന് കേസ് ഫയൽ ലെബനീസ് നീതിന്യായ മന്ത്രി സലീം ജരീസാത്തിക്ക് പബ്ലിക് പ്രോസിക്യൂഷൻ കൈമാറി. കേസിലെ പ്രതിയായ നാദിർ അസ്സാഫ് ലെബനോനിയായതിനാൽ ഇയാളെ വിചാരണ ചെയ്യുന്ന ചുമതല ലെബനീസ് നീതിന്യായ സംവിധാനത്തിനായിരിക്കണം എന്ന ശുപാർശയാണ് പബ്ലിക് പ്രോസിക്യൂഷൻ മുന്നോട്ടുവെച്ചത്. ഇതുപ്രകാരം പ്രതിയെ കുവൈത്തിന് കൈമാറുന്നതിന് പാടില്ലെന്നും പബ്ലിക് പ്രോസിക്യൂഷൻ ശുപാർശ ചെയ്തു.
പ്രതിയെയും ഭാര്യയെയും നീതിപൂർവം വിചാരണ ചെയ്യുന്നതിന് കുവൈത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ ഇന്റർപോൾ വഴി ലെബനോൻ അധികൃതർക്ക് കൈമാറിയതായി കുവൈത്ത് അറിയിച്ചിട്ടുണ്ട്. മൂന്നാഴ്ച മുമ്പ് സിറിയയിൽ നിന്നാണ് നാദിർ അസ്സാഫിനെ ലെബനീസ് സുരക്ഷാ വകുപ്പുകൾക്ക് വിട്ടുകിട്ടിയത്. സിറിയയിലേക്ക് രക്ഷപ്പെട്ട മുന ഹസൂനെയും പിന്നീട് അറസ്റ്റ് ചെയ്തു.
2016 നവംബർ ഏഴിനാണ് ഇരുവരും കുവൈത്തിൽ നിന്ന് രക്ഷപ്പെട്ടത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. ദമ്പതികൾ താമസിച്ചിരുന്ന ഫഌറ്റ് അടങ്ങിയ കെട്ടിടത്തിന്റെ ഉടമ ഫഌറ്റ് ഒഴിപ്പിക്കുന്നതിന് കോടതിയിൽ നിന്ന് അനുകൂല വിധി നേടി സുരക്ഷാ വകുപ്പുകളുടെ സാന്നിധ്യത്തിൽ ഫഌറ്റ് തുറന്നു പരിശോധിച്ചപ്പോഴാണ് ഫ്രീസറിനകത്ത് ഫിലിപ്പിനോ വേലക്കാരിയുടെ മൃതദേഹം കണ്ടെത്തിയത്. വേലക്കാരിയെ പീഡിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്ന മുന ഹസൂന്റെ പീഡനത്തിൽ ബോധരഹിതയായി വീണ വേലക്കാരിയെ ഇരുവരും ജീവനോടെ കൂറ്റൻ ഫ്രീസറിൽ അടക്കുകയായിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ കുവൈത്തിലേക്ക് വേലക്കാരികൾ അടക്കമുള്ള തൊഴിലാളികളെ അയക്കുന്നത് ഫിലിപ്പൈൻസ് നിർത്തിവെച്ചിട്ടുണ്ട്.






