പതിനഞ്ചുകാരിയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്ത പ്രതിക്ക് 25 വര്‍ഷം കഠിനതടവ്

തിരുവനന്തപുരം- പതിനഞ്ചുകാരിയെ  ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് 25 വര്‍ഷം കഠിന തടവും 60,000 രൂപ പിഴയും. കൊല്ലം വട്ടപ്പാറ പെരുംപുറം സ്വദേശി നൗഫലിനെ(22)യാണ് തിരുവനന്തപുരം അതിവേഗ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി ആര്‍. ജയകൃഷ്ണന്‍ ശിക്ഷിച്ചത്.

പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും ആറ് മാസവും കൂടുതല്‍ തടവ് അനുഭവിക്കണം. 2021 ഫെബ്രുവരിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഒരു വര്‍ഷത്തിനുള്ളിലാണ് വിധി വരുന്നത്. പത്താം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന പെണ്‍കുട്ടിയെ ഇന്‍സ്റ്റാഗ്രാം വഴിയാണ് പ്രതി പരിചയപ്പെട്ടത്. ബുക്ക് നല്‍കാനെന്ന വ്യാജേന കുട്ടിയുടെ വീട്ടില്‍ എത്തി വീട്ടുകാരെയും പരിചയപ്പെട്ടു. ഈ പരിചയം മുതലെടുത്ത് 2020 നവംബര്‍ ഒന്നിന് പുലര്‍ച്ചെ ഒരു മണിക്ക് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി വാതില്‍ തുറക്കാന്‍ ഫോണിലൂടെ കുട്ടിയോട് ആവശ്യപ്പെട്ടു. കുട്ടി വിസമ്മതിച്ചപ്പോള്‍ നാട്ടുകാരെ വിളിച്ച് ഉണര്‍ത്തി നാറ്റിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തി.
ഭയന്ന് കുട്ടി വാതില്‍ തുറന്നതോടെ മുറിക്കുള്ളില്‍ കയറി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പുറത്ത് പറഞ്ഞാല്‍ വീട്ടുകാരെയടക്കം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.

 

Latest News