ആയുര്‍വേദ കേന്ദ്രത്തിലെ മരുന്നില്‍ കഞ്ചാവ്, എക്‌സൈസ് പിടിച്ചെടുത്തു

പാലക്കാട്- ചെര്‍പ്പുളശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന പൂന്തോട്ടം ആയുര്‍വേദ കേന്ദ്രത്തില്‍ നിന്നു കഞ്ചാവ് കലര്‍ന്ന മരുന്നുകള്‍ പിടിച്ചെടുത്തു. എക്‌സൈസ് ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് വിതരണത്തിനായി എത്തിച്ച കഞ്ചാവ് കലര്‍ന്ന മരുന്നുകള്‍ കണ്ടെത്തിയത്. എന്നാല്‍ ആയുഷ് മന്ത്രാലയം  അനുമതി നല്‍കിയ മരുന്നുകളാണ് വിതരണത്തിനായി എത്തിച്ചതെന്ന് ആയുര്‍വേദ കേന്ദ്രം അധികൃതര്‍ പറഞ്ഞു.

വേദന സംഹാരിക്കായി ഉപയോഗിക്കുന്ന കഞ്ചാവ് കലര്‍ത്തിയ മരുന്നുകളാണ് പൂന്തോട്ടം ആയുര്‍വേദ കേന്ദ്രത്തില്‍ കണ്ടെത്തിയത്. മധ്യപ്രദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബോംബെ ഹെമ്പ് കമ്പനിയുടെ ഹിമാലയന്‍ ഹെമ്പ് പൗഡര്‍, കന്നാറിലീഫ് ഓയില്‍, ഹെമ്പ് സീഡ് ഓയില്‍ എന്നിവയാണ് പിടിച്ചെടുത്തത്.
കഞ്ചാവ് ചേര്‍ത്താണ് ഈ മരുന്നുകള്‍ നിര്‍മ്മിച്ചിരിക്കുന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഞ്ചാവ് കലര്‍ത്തിയ മരുന്നുകള്‍ ഉപയോഗിക്കാന്‍ പൂന്തോട്ടം ആയുര്‍വേദ കേന്ദ്രത്തിന്  അനുമതിയില്ലെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വ്യക്തമാക്കി. എന്നാല്‍ ആയുഷ് മന്ത്രാലയത്തിന്റെ അനുമതിയുള്ള മരുന്നുകളാണ് ഇവയെന്നും ഇതിന് പ്രത്യേക അനുമതി ആവശ്യമില്ലെന്നും പൂന്തോട്ടം ആയുര്‍വേദ കേന്ദ്രം ഉടമ  ഡോ. പി.എം.എസ് രവീന്ദ്രന്‍ പറഞ്ഞു.

 

Latest News