കൊല്ലം- വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിച്ച് വന്ന പെണ്‍സുഹൃത്തിനെ ആക്രമിച്ച് വീടിന് പെട്രോള്‍ ഒഴിച്ച് തീയിടാന്‍ ശ്രമിച്ച മധ്യവയസ്ക്കനെ പോലീസ് പിടികൂടി.
പരവൂര്‍ കൂനയില്‍ ചരുവിള തൊടിയില്‍ വീട്ടില്‍ ബിജു (51) ആണ് പിടിയിലായത്. ഏഴ് വര്‍ഷമായി ഇയാള്‍ക്കൊപ്പം വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിച്ച് വന്ന 49 കാരിയെയാണ് ഇയാള്‍ ആക്രമിച്ചത്. ഇയാളുടെ ഉപദ്രവം അതിരുകടന്നതിനെ തുടര്‍ന്ന് ഇവര്‍ പരവൂര്‍ കോടതിയെ സമീപിച്ച് ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരമുള്ള സംരക്ഷണ ഉത്തരവ് നേടിയിരുന്നു.
തുടര്‍ന്ന് ഇയാള്‍ ഇവര്‍ താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ച് കയറി ഇവരെ കോടതിയുടെ നിരോധന ഉത്തരവ് ലംഘിച്ച് ഭീഷണിപ്പെടുത്തുകയും കൈയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച് വീട് തീവെച്ച് നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയെ പരവൂര്‍ പോലീസ് സംഘം ഇയാളെ സാഹസികമായി പിടികൂടുകയായിരുന്നു. പരവൂര്‍ ഇന്‍സ്പെക്ടര്‍ എ. നിസാറിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ നിതിന്‍ നളന്, നിസാം, സി.പി.ഒ മാരായ ഷഫീര്‍, ജയപ്രകാശ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ റിമാന്റ് ചെയ്തു.






