കോവിഡ് കേസുകള്‍ കുറഞ്ഞു; സൗദിയില്‍ പ്രത്യേക ക്ലിനിക്കുകള്‍ അടക്കുന്നു

റിയാദ് - കൊറോണ കേസുകള്‍ ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തില്‍ സൗദിയിലെ മുഴുവന്‍ പ്രവിശ്യകളിലും പ്രവര്‍ത്തിക്കുന്ന തത്മന്‍ ക്ലിനിക്കുകളും സെന്ററുകളും അടക്കാനുള്ള നടപടികള്‍ ആരംഭിക്കാന്‍ നിര്‍ദേശിച്ച് ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്റര്‍ സര്‍ക്കുലര്‍ ഇറക്കിയതായി ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തി. തത്മന്‍ ക്ലിനുക്കുകളില്‍ ഒരാഴ്ചക്കുള്ളില്‍ പ്രാഥമിക ആരോഗ്യ പരിചരണ സേവനങ്ങള്‍ പുനരാരംഭിക്കാനാണ് നിര്‍ദേശം. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ തത്മന്‍ ക്ലിനിക്കുകളും സെന്ററുകളുമാക്കി മാറ്റുകയായിരുന്നു.
ആന്റിജന്‍ പരിശോധനയും ഹിസ്ന്‍ പ്ലസ് സംവിധാനവും ലഭ്യമായ ചില തത്മന്‍ ക്ലിനിക്കുകള്‍ക്കും സെന്ററുകള്‍ക്കും കൊറോണബാധ സംശയിക്കുന്ന രോഗികളെ തുടര്‍ന്നും സ്വീകരിച്ച് ചികിത്സകളും പരിചരണങ്ങളും നല്‍കാവുന്നതാണ്. വിവിധ പ്രവിശ്യകളില്‍ പ്രവര്‍ത്തിക്കുന്ന 100 തത്മന്‍ ക്ലിനിക്കുകള്‍ ഇന്‍ഫഌവന്‍സ, കൊറോണ എന്നവക്ക് അടക്കമുള്ള പരിശോധനകള്‍ നടത്തുന്ന ശ്വസന സംബന്ധമായ സേവനങ്ങള്‍ നല്‍കുന്ന (റെസ്പിറേറ്ററി സര്‍വീസ്) സെന്ററുകള്‍ ആക്കി സജ്ജീകരിക്കാന്‍ ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ സാംക്രമിക രോഗ നിയന്ത്രണ വിഭാഗവുമായി ഏകോപനം നടത്താനും നിര്‍ദേശമുണ്ട്.
സൗദിയില്‍ കൊറോണ കേസുകള്‍ ഗണ്യമായി കുറഞ്ഞതോടെയാണ് തത്മന്‍ ക്ലിനിക്കുകള്‍ അടക്കുന്നത്. പനി, ശ്വാസ തടസ്സം, നെഞ്ചുവേദന, ചുമ, തൊണ്ടവേദന, അതിസാരം, ഗന്ധവും രുചിയും നഷ്ടപ്പെടല്‍ എന്നിവ പോലെയുള്ള കൊറോണ വൈറസ്ബാധ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നവരെയാണ് തത്മന്‍ ക്ലിനിക്കുകളില്‍ സ്വീകരിച്ച് ആവശ്യമായ ചികിത്സകളും പരിചരണങ്ങളും നല്‍കിയിരുന്നത്. സ്വദേശികളും വിദേശികളും ഇഖാമ നിയമ ലംഘകരും അടക്കം രാജ്യത്തെ മുഴുവന്‍ താമസക്കാരെയും തത്മന്‍ ക്ലിനിക്കുകളുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ അനുവദിച്ചിരുന്നു. ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിച്ചിരുന്ന തത്മന്‍ ക്ലിനിക്കുകളുടെ സേവനം പ്രയോജനപ്പെടുത്താന്‍ മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യേണ്ടിയിരുന്നില്ല. രോഗലക്ഷണങ്ങളുള്ള ആര്‍ക്കും തത്മന്‍ ക്ലിനിക്കുകളെയും സെന്ററുകളെയും നേരിട്ട് സമീപിക്കാമായിരുന്നു.
അതിനിടെ, സൗദിയില്‍ ഇരുപത്തിനാലു മണിക്കൂറിനിടെ 146 പേര്‍ക്ക് കൊറോണബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് പുതുതായി 314 പേര്‍ രോഗമുക്തി നേടുകയും രണ്ടു കൊറോണ രോഗികള്‍ മരണപ്പെടുകയും ചെയ്തു. ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം 272 ആയി കുറഞ്ഞു. ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണത്തില്‍ ഇരുപത്തിനാലു മണിക്കൂറിനിടെ 36 പേരുടെ കുറവ് രേഖപ്പെടുത്തി.
റിയാദ്-44, ജിദ്ദ-16, മദീന-9, മക്ക-8, ദമാം-7, തായിഫ്-6, അബഹ-5, ഹുഫൂഫ്-4, തബൂക്ക്-3, ഹായില്‍-3, ജിസാന്‍-3, അറാര്‍-2, ബുറൈദ-2, ഖമീസ് മുശൈത്ത്-2, സറാത്ത് ഉബൈദ-2 എന്നിങ്ങിനെ സൗദിയിലെ നഗരങ്ങളില്‍ ഇരുപത്തിനാലു മണിക്കൂറിനിടെ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊറോണബാധ സംശയിച്ച് ഇരുപത്തിനാലു മണിക്കൂറിനിടെ 22,713 പേര്‍ക്ക് പരിശോധനകള്‍ നടത്തി. ഇന്നലെ ഉച്ച വരെ 6.19 കോടിയിലേറെ ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

Latest News