ജിദ്ദ - ഖത്തറിൽ പുതുതായി പ്രവർത്തനം തുടങ്ങിയത് തങ്ങളുടെ ശാഖയല്ലെന്ന് സൗദിയിലെ പ്രമുഖ ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റ് ശൃംഖലയായ അൽബെയ്ക് വ്യക്തമാക്കി. അൽബെയ്കിന്റെ പേരും ലോഗോയും ഉപയോഗിച്ചാണ് ഖത്തറിൽ ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റ് തുറന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഉപയോക്താക്കളിൽ ഒരാളുടെ അന്വേഷണത്തിന് മറുപടിയായാണ് സ്ഥാപനം തങ്ങളുടെ ശാഖയല്ലെന്ന് അൽബെയ്ക് റെസ്റ്റോറന്റ്‌സ് അറിയിച്ചത്.
അൽബെയ്കിന്റെ പേരും ലോഗോയും ഉപയോഗിക്കുന്ന ഖത്തറിലെ റെസ്റ്റോറന്റിൽ വിതരണം ചെയ്യുന്ന ഭക്ഷണങ്ങൾ അൽബെയ്കിന്റെ അതേ നിലവാരം പുലർത്തുന്നില്ല എന്ന കാര്യം ശ്രദ്ധയിൽ പെട്ടാണ് ഇക്കാര്യത്തിൽ ഉപയോക്താവ് അന്വേഷണം നടത്തിയത്. അൽബെയ്കിന്റെ പേര് ഉപയോഗിച്ച് അന്യായമായി ആരോ റെസ്റ്റോറന്റ് തുറന്നിരിക്കുകയാണ്. ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകളുമായി ആശയവിനിമയങ്ങൾ നടത്തിവരികയാണെന്നും അൽബെയ്ക് റെസ്റ്റോറന്റ്‌സ് അറിയിച്ചു. സൗദിയിലെ പ്രശസ്തമായ അൽബെയ്ക് റെസ്റ്റോറന്റ്‌സിന്റെ അതേ പേരും ലോഗോയും അടങ്ങിയ റെസ്റ്റോറന്റ് ഖത്തറിൽ ഉദ്ഘാടനം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.






