വാഷിംഗ്ടണ്‍- അമേരിക്ക ഇറാനിയന്‍ സൈനിക മേധാവിയെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ഓണ്‍ലൈനില്‍ പരിചയപ്പെട്ടയാളെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സ്ത്രീയെ അറസ്റ്റ് ചെയ്തതായി പോലീസ്.
21 കാരിയായ നിക നികൂബിനെതിരെയാണ് മാരകായുധം ഉപയോഗിച്ച് കൊലപാതക ശ്രമം നടത്തിയതിനും മോഷണത്തിനും കേസെടുത്തതെന്ന് ക്ലാസ് ടി.വി റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയില്ല.
2020ല്‍ അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഇറാനിയന്‍ സൈനിക മേധാവി ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിന് യു.എസ് സൈനികരോട് പ്രതികാരം ചെയ്യുകയായിരുന്നു യുവതിയുടെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു.
ഒരു ഡേറ്റിംഗ് വെബ്‌സൈറ്റിലാണ് നികൂബിനും ഇയാളും കണ്ടുമുട്ടിയതെന്ന് ഹെന്‍ഡേഴ്‌സണ്‍ പോലീസ് അറസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. മാര്‍ച്ച് അഞ്ചിന് സണ്‍സെറ്റ് സ്‌റ്റേഷന്‍ ഹോട്ടലില്‍ ഇരുവരും മുറി വാടകക്കെടുത്തു.
മുറിയില്‍ നികൂബിന്‍ ലൈറ്റുകള്‍ ഓഫ് ചെയ്ത ശേഷം ഇയാളുടെ കഴുത്തിന്റെ ഭാഗത്ത് കുത്തി പരിക്കേല്‍പിക്കുകായിരുന്നുവെന്ന് പോലീസ് പറയുന്നു.
കുത്തേറ്റ ശേഷം മുറിക്ക് പുറത്തേക്ക് ഓടിയ ആള്‍ 911 ല്‍ വിളിച്ച് പോലീസിനെ അറിയിക്കുകയായിരുന്നു. നികൂബിനും മുറിയില്‍നിന്ന് രക്ഷപ്പെട്ടു.
താന്‍ ഒരാളെ കുത്തിയെന്ന് ഹോട്ടല്‍ ജീവനക്കാരനോട് പറഞ്ഞ ശേഷമാണ് യുവതി മുറിക്ക് പുറത്തേക്ക് ഓടിയതെന്ന് പോലീസ് പറഞ്ഞു.
പ്രതികാരം ചെയ്തതാണെന്ന് പിന്നീട് പിടിയിലായ നികൂബിന്‍ സമ്മതിച്ചുവെന്ന് പോലീസ് പറഞ്ഞു. 'ഗ്രേവ് ഡിഗര്‍' എന്ന ഗാനമാണ് പ്രതികാരം ചെയ്യാന്‍ തനിക്ക് പ്രചോദനമായതെന്നും യുവതി പറഞ്ഞു. അതേസമയം, യുവതി കുത്തി പരിക്കേല്‍പിച്ചയാളുടെ ഇപ്പോഴത്തെ സ്ഥിതിയെ കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ലെന്ന് ലാസ് വെഗാസ് റിവ്യൂ ജേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
മാര്‍ച്ച് 24 ന് പ്രാഥമിക വാദത്തിനായി കോടതിയില്‍ ഹാജരാക്കുന്ന നികൗബിന്‍ അഭിഭാഷകനെ ഏര്‍പ്പെടുത്തിയിട്ടുണ്ടോ എന്നും വ്യക്തമല്ല.
2020 ജനുവരിയിലാണ് ഡ്രോണ്‍ ആക്രമണത്തില്‍ ഇറാന്‍ സൈന്യത്തിലെ ഉന്നത ജനറലായിരുന്ന സുലൈമാനി കൊല്ലപ്പെട്ടത്.
ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡിനു കീഴിലെ ഖുദ്‌സ് സേനയുടെ തലവനായിരുന്നു അദ്ദേഹം. ഇറാഖില്‍ ഐ.എസിനെതിരെ പൊരുതിയ ശിയ അര്‍ദ്ധസൈനിക സേനയുടെ ഉപദേഷ്ടാവ് കൂടിയായിരുന്നു സുലൈമാനി.