ഓസ്‌കര്‍ ജേതാവ് ഹോളിവുഡ് നടന്‍ വില്യം ഹര്‍ട്ട് അന്തരിച്ചു 

ലോസ്ഏഞ്ചല്‍സ്- ഓസ്‌കര്‍ ജേതാവായ നടന്‍ വില്യം ഹര്‍ട്ട് (71) അന്തരിച്ചു.  72ാം പിറന്നാള്‍ ആഘോഷിക്കാനിരുന്നതിന്റെ ഒരാഴ്ച മുമ്പാണ് അച്ഛന്റെ വേര്‍പാടെന്നും കുടുംബത്തോടൊപ്പം സമാധാനപരമായാണ് അവസാന നിമിഷങ്ങള്‍ അദ്ദേഹം ചെലവിട്ടതെന്നും മകന്‍ പറഞ്ഞു. 1986ല്‍ 'കിസ് ഓഫ് ദി സ്‌പൈഡര്‍ വുമന്‍' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഹര്‍ട്ടിന് മികച്ച നടനുള്ള ഓസ്‌കര്‍ ലഭിച്ചത്. പിന്നീട് 'ചില്‍ഡ്രന്‍ ഓഫ് എ ലെസ്സര്‍ ഗോഡ്', 'ബ്രോഡ്കാസ്റ്റ് ന്യൂസ്' എന്നീ ചിത്രങ്ങള്‍ക്കും അദ്ദേഹത്തിന് ഓസ്‌കര്‍ നാമനിര്‍ദേശം ലഭിച്ചു. 'എ ഹിസ്റ്ററി ഓഫ് വയലന്‍സ്' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള അവാര്‍ഡിലേക്കും പരിഗണിക്കപ്പെട്ടിരുന്നു. 1950ല്‍ ജനിച്ച ഹര്‍ട്ട് 'ബോഡി ഹീറ്റ്' എന്ന ചിത്രത്തിലൂടെയാണ് ഏറെ ശ്രദ്ധ നേടിയത്. 1980കളില്‍ നിറഞ്ഞുനിന്ന ഹര്‍ട്ട് ഈ കാലയളവിലാണ് വ്യത്യസ്തായ നിരവധി വേഷങ്ങള്‍ അഭിനയിച്ചത്. 1971ല്‍ നടി മേരി ബെത് ഹര്‍ട്ടിനെ വിവാഹം കഴിച്ചെങ്കിലും 1982ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. 1989ല്‍ ഹെയ്ഡി ഹെന്‍ഡേഴ്‌സണെ വിവാഹം കഴിച്ചെങ്കിലും 1992ല്‍ ഈ ബന്ധവും അവസാനിച്ചു. മകനാണ് വില്യം ഹര്‍ട്ടിന്റെ മരണ വിവരം അറിയിച്ചത്. 
 
 

Latest News