രാഹുലും പ്രിയങ്കയും പരാജയം: പ്രസന്റേഷൻ
കൊച്ചി- കോൺഗ്രസിൽ നേതൃമാറ്റത്തിന് ദേശീയ തലത്തിൽ ഉയരുന്ന മുറവിളിയിൽ ഇനി കേരളത്തിലെ കോൺഗ്രസ് നേതാക്കളും പങ്കാളികളാകും. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും രാഹുൽ ഗാന്ധിയുടെ നിലപാടുകളോട് കുറച്ചുകാലമായി കടുത്ത അതൃപ്തിയിലാണ്. ഇതുവരെയും അവർ ഇത് തുറന്നു പറഞ്ഞിട്ടില്ലെങ്കിലും ഇനിയങ്ങോട്ട് ഈ നേതാക്കളുടെ സമീപനം മാറുമെന്ന സൂചന ശക്തമാണ്. കോൺഗ്രസ് തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ ദിവസം ഏറ്റവും സന്തോഷമുള്ള ദിവസമായി രമേശ് ചെന്നിത്തലക്ക് മാറിയതും മുൻമന്ത്രി ഡൊമിനിക് പ്രസന്റേഷൻ കോൺഗ്രസിന്റെ തലപ്പത്ത് നേതൃമാറ്റം ഉണ്ടാകണമെന്ന് തുറന്നടിച്ചതും വരും ദിവസങ്ങളിൽ ഉണ്ടായേക്കാവുന്ന രാഷ്ട്രീയ കോളിളക്കങ്ങളുടെ സൂചനയാണ്.
തന്നെ സ്ഥാന ഭ്രഷ്ടനാക്കുന്നതിന് കേന്ദ്രത്തിൽ ചരടുവലി നടത്തിയ കെ സി വേണുഗോപാലിന്റെ തിരഞ്ഞെടുപ്പു തന്ത്രങ്ങൾക്ക് കനത്ത തിരിച്ചടിയേറ്റതാണ് ചെന്നിത്തലയെ സന്തോഷിപ്പിക്കുന്നത്. കെ സി വേണുഗോപാൽ പഞ്ചാബിൽ മെനഞ്ഞ തന്ത്രമാണ് അവിടെ കോൺഗ്രസിന് വൻതിരിച്ചടിയായി മാറിയത്. പഞ്ചാബിലെ കോൺഗ്രസിന്റെ പതനം കെ സി വേണുഗോപാലിന് കോൺഗ്രസ് ഹൈക്കമാൻഡിലുള്ള സ്വാധീനത്തിന് ഇടിച്ചിലുണ്ടാക്കുമെന്ന് വ്യക്തമാണ്. രാഹുൽ കോൺഗ്രസ് അധ്യക്ഷ പദം ഏറ്റെടുക്കാൻ മടിച്ചു നിൽക്കുന്നതും മറ്റൊരാളെ കോൺഗ്രസ് പ്രസിഡണ്ടാക്കാൻ തയ്യാറാകാത്തതും പാർട്ടിയെ വൻപതനത്തിലേക്കാണ് നയിച്ചിരിക്കുന്നതെന്ന അഭിപ്രായം ദേശീയ നേതൃനിരയിൽ രൂഢമൂലമാകുകയാണ്. ഇതിന്റെ അനുരണനങ്ങൾ ഇക്കുറി കൂടുതൽ ശക്തമാകുമെന്നാണ് കരുതപ്പെടുന്നത്.
രാഹുലിനെതിരെ കേരളത്തിൽ നിന്ന് പരസ്യപ്രതികരണം വന്നത് മുതിർന്ന നേതാവ് ഡൊമിനിക് പ്രസന്റേഷനിൽ നിന്നാണ്. രാഹുലും പ്രിയങ്കയും പരാജയമാണെന്ന് തെളിഞ്ഞതായി അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ദേശീയ നേതൃത്വത്തിൽ മാറ്റം അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിക്ക് ശക്തമായ നേതൃത്വം ആവശ്യമാണെന്ന് രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ മനസിലാക്കണം. സംസ്ഥാനത്തെ കോൺഗ്രസിന്റെ തോൽവിക്ക് കാരണം ദേശീയ നേതൃത്വമാണെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നു. മാറ്റങ്ങൾ അഖിലേന്ത്യാ തലത്തിൽ നിന്നും ആരംഭിക്കണം. സോണിയ ഗാന്ധിക്ക് നേതൃത്വത്തെ നയിക്കാനുള്ള ആരോഗ്യമില്ല. പിന്നെയുള്ളത് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമാണ്. അവർ അതിൽ പരാജയമാണെന്ന് തെളിഞ്ഞു കഴിഞ്ഞു. അവർ അത് ഇനിയെങ്കിലും അംഗീകരിക്കണം. ഇത് തുറന്നു പറയുന്നതുകൊണ്ട് തനിക്കെതിരെ നടപടി ഉണ്ടാകുമോ എന്ന് അറിയില്ല. എന്നാൽ ഇത്തരത്തിലൊരു തുറന്നുപറച്ചിലിന് സമയമായെന്നും അദ്ദേഹം വ്യക്തമാക്കി. ഉൾപാർട്ടി ജനാധിപത്യം കോൺഗ്രസിൽ ഇല്ലാതായെന്നും അത് തിരിച്ചുപിടിക്കണമെന്നും ഡൊമനിക്ക് പ്രസെന്റേഷൻ ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളിൽ നേതൃത്വം ഉണ്ടാവുകയും അതിനെ അംഗീകരിക്കുകയും ചെയ്യണം. ജനങ്ങൾ അംഗീകരിക്കുന്ന നിലയിലേക്ക് പാർട്ടിയെ കൊണ്ടുവരേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങൾ ദേശീയ തലത്തിൽ നിന്നും ഉണ്ടാകണം.
രാഹുൽ ഗാന്ധി അഴിമതിക്കാരനായ ഒരു നേതാവല്ല. അദ്ദേഹം ആശയത്തിൽ ഊന്നി പ്രവർത്തിക്കുന്നയാളാണ്. എന്നാൽ മോദിക്ക് ബദലാകാൻ രാഹുലിന് കഴിയില്ല. മോദി ലോകത്തിലെ ഏറ്റവും വലിയ അഭിനേതാവാണ്. അതിന് പുറമേ ഹിന്ദുത്വവും ബി ജി പിക്ക് അനുകൂല ഘടകമാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ കോൺഗ്രസിനുള്ളിൽ പുനപരിശോധന ആവശ്യമാണ്- അദ്ദേഹം പറഞ്ഞു.






