ദുബായ്- മികച്ച വിവര്‍ത്തകനുള്ള ഫലസ്തീനിലെ റാമല്ല ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അറബ് ട്രാന്‍സ്‌ലേറ്റര്‍സ് അസോസിയേഷന്‍ (അര്‍ട്ട) അവാര്‍ഡ് പ്രവാസി മലയാളിക്ക്.
ദുബായില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ ഉളിയില്‍ സ്വദേശി അബ്ദുല്‍ ഗഫൂര്‍ നിരത്തരികിലിനാണ് അവാര്‍ഡ്. അറബിക്, ഇംഗ്ലീഷ്, ഉറുദു, മലയാളം ഭാഷകളില്‍ നടത്തിയ പരിഭാഷകളും ബഹുഭാഷാ പരിജ്ഞാനവും പരിഗണിച്ചാണ് അവാര്‍ഡ്.
നാലു നോവലുകളും നിരവധി കവിതകളും ചെറുകഥകളും ലേഖനങ്ങളും അറബിയില്‍നിന്നു മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. മലയാളത്തിലെ പ്രശസ്തരായ ചില കവികളുടെ കവിതകള്‍ അറബിയിലേക്കും പരിഭാഷപ്പെടുത്തി. ഉറുദുവില്‍നിന്നും ഇംഗ്ലീഷില്‍നിന്നും കവിതകള്‍ അറബിയിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്.
കോഴിക്കോട് സര്‍വ്വകലാശാലയില്‍നിന്നു മലയാള സാഹിത്യത്തില്‍ ബിരുദവും ഹിന്ദിയില്‍ ഡിപ്ലോമയും നേടിയ അബ്ദുല്‍ ഗഫൂര്‍ 24 വര്‍ഷമായി ദുബായില്‍ പരിഭാഷകനായി ജോലിചെയ്യുന്നു.കാസര്‍കോട് ആലിയ അറബിക് കോളജ്, കോഴിക്കോട് ദഅ്‌വാ കോളജ് എന്നിവിടങ്ങളിലായിരുന്നു പഠനം.